Connect with us

National

കോണ്‍ഗ്രസ് അവഗണന: മുസ്‌ലിംകളിലെ ആശയക്കുഴപ്പം മുതലെടുക്കാന്‍ ബി ജെ പി

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ സംസ്ഥാനത്തെ മുസ്‌ലിംകളുടെ നിലപാടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. നാളിതുവരെ ബി ജെ പിയുടെ അടിച്ചമര്‍ത്തലിന് വിധേയരായ മുസ്‌ലിംകളെ വേണ്ട പോലെ കേള്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതാണ് ആശയക്കുഴപ്പത്തിന് പ്രധാന കാരണം. എന്നാല്‍ ഇത് മുതലെടുക്കാന്‍ ബി ജെ പി മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ ന്യൂനപക്ഷ കാര്‍ഡിറക്കി കളി ആരംഭിച്ചു.

ഇതിന്റ ഭാഗമായി മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ അഹമ്മദാബാദ്, സമീപ പ്രദേശമായ ജുഹാപുര, കലികോ മില്‍, രാം റഹീം ടേക്കര, ജമാല്‍പൂര്‍, കാമാസ, ലാല്‍ ദര്‍വാസ, തീന്‍ ദര്‍വാസ തുടങ്ങിയ പ്രദേശങ്ങളിലുള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തും മറ്റും മുസ്‌ലിംകളുടെ വോട്ട് അനുകൂലമാക്കി മാറ്റാനുളള ശ്രമങ്ങള്‍ വിജയിക്കുന്നുണ്ടെന്നാണ് പ്രദേശത്തെ ബി ജെ പി പ്രചാരണങ്ങളിലെ മുസ്‌ലിംകളുടെ സാന്നിധ്യം തെളിയിക്കുന്നത്. മുസ്‌ലിംകളുടെ സാന്നിധ്യമുള്ള അഹമ്മദാബാദില്‍ ബി ജെ പിയുടെ പ്രചാരണങ്ങളുടെ മുന്‍നിരയില്‍ വനിതകളുള്‍പ്പെടെ പ്രാദേശിക മുസ്‌ലിം നേതാക്കളുടെ സാന്നിധ്യം ഇതിനുദാഹരണമാണ്.

അതേസമയം ഇത്തരം നീക്കങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ആശയക്കുഴപ്പം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുന്‍ തിരഞ്ഞെടുപ്പുകള്‍ പോലെ നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പിലും മുസ്‌ലിംകളുടെ വോട്ടിംഗ് ശതമാനം കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ജാതി സംഘടനകളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിനിടെ ന്യൂനപക്ഷമായ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കാന്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് മുസ്‌ലിംവോട്ടുകള്‍ വിനിയോഗിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നത്. 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ആശയക്കുഴപ്പം നിലനിന്നിരുന്നു. നിലവിലെ നിയമ സഭയില മുസ്‌ലിം അംഗങ്ങളുടെ എണ്ണം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 182 അംഗ നിയമസഭയില്‍ രണ്ട് മുസ്‌ലിം എം എല്‍ എമാര്‍ മാത്രമാണുള്ളത്.
സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടന്ന ഗുജറാത്തിലെ ക്രൂരമായ വംശഹത്യയുടെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ രണ്ടുപതിറ്റാണ്ടിനടുത്തെത്തിയിട്ടും സംസ്ഥാനത്തെ വോട്ടര്‍മാറില്‍ 10 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. അതേസമയം വംശഹത്യയോടെ പാര്‍ശ്വവത്കരിക്കപ്പെട്ട മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും ഒപ്പം നില്‍ക്കാനും ഫാസിസത്തിനെതിരെ പൊതുപ്ലാറ്റ്‌ഫോം കെട്ടിപ്പടുക്കാന്‍ പാടുപടുന്ന കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ താത്പര്യക്കുറവാണ് മുസ്‌ലിംകള ഏറെ നിരാശരാക്കുന്നത്. ജാതിസംഘടനകള്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന പരിഗണനയുടെ ചെറിയ ഒരംശം മുസ്‌ലിംകളുടെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പിന്തുണ പൂര്‍ണമായും കോണ്‍ഗ്രസിന് നേടിയെടുക്കാന്‍ കഴിയുമെന്നാണ് പ്രദേശത്തെ മുസ്‌ലിം നേതാക്കള്‍ പറയുന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യയുടെ ഇരകളായ ഗുജറാത്തിലെ മുസ്‌ലിംകളെ പൊതുധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന അലംഭാവമാണ് അനുഭവങ്ങളുട വെളിച്ചത്തില്‍ തിരഞ്ഞെടുപ്പിനോടും രാഷ്ട്രീയത്തോടും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന രീതിയിലേക്ക് ഒരു സമൂഹത്തെ മാറ്റിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ നിരവധി പരാതികളുള്ള ഒരു സമുദായത്തെ വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ് ഗുജറാത്തില്‍ ലക്ഷ്യമിടുന്ന പൊതു പ്ലാറ്റ്‌ഫോമിന്റെ സാധ്യതകള്‍ കണ്ടറിയേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest