ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍ കെ നഗറില്‍ ഡിസംബര്‍ 21ന് ഉപതിരഞ്ഞെടുപ്പ്

Posted on: November 24, 2017 12:14 pm | Last updated: November 24, 2017 at 3:06 pm
SHARE

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍ കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന് നടക്കും. ഡിസംബര്‍ 24നാണ് ഫലപ്രഖ്യാപനം. എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില എടപ്പാടി പളനിസ്വാമി പക്ഷത്തിന് ലഭിച്ചതിന്റെ പിന്നേറ്റാണ് ആര്‍കെ നഗറിലെ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഉത്തര്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലും ഡിസംബര്‍ 21ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.

ജനുവരി അഞ്ചിനാണ് ജയലളിത മരിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 10 ന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാര്‍ട്ടികള്‍ വന്‍തുക ചെലവാക്കിയെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. പിന്നീട് പല കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് നീണ്ടു.

വി കെ ശശികല വിഭാഗത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് പാര്‍ട്ടി ചിഹ്നം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും നയിക്കുന്ന വിഭാഗത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച ശശികല- ടി ടി വി ദിനകരന്‍ വിഭാഗത്തിന്റെ അപേക്ഷ കമ്മീഷന്‍ തള്ളുകയായിരുന്നു. ഇ പി എസ്- ഒ പി എസ് വിഭാഗത്തിന് വരുന്ന തിരഞ്ഞെടുപ്പുകളില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം.

ജയലളിതയുടെ മരണത്തോടെയുണ്ടായ അധികാരത്തര്‍ക്കങ്ങളെ തുടര്‍ന്നാണ് എഐഎഡിഎംകെ പിളര്‍ന്നത്. ഇതേത്തുടര്‍ന്നാണ് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചത്. എഐഎഡിഎംകെ (അമ്മ) എന്ന പേരിലാണ് ദിനകരന്‍ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here