എമേഴ്‌സണ്‍ സിംബാബ്‌വെ പ്രസിഡന്റായി അധികാരമേറ്റു

Posted on: November 24, 2017 10:01 am | Last updated: November 24, 2017 at 12:15 pm
SHARE

ഹരാരെ: സിംബാബ്‌വെയുടെ പുതിയ പ്രസിഡന്റായി എമേഴ്‌സണ്‍ നന്‍ഗാഗ്വാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റോബര്‍ട്ട് മുഗാബെ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റായിരുന്ന എമേഴ്‌സണ്‍ പ്രസിഡന്റായി അധികാരമേറ്റത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് റോബര്‍ട് മുഗാബെ വിട്ടുനിന്നു.

ഇംപീച്ച്‌മെന്റ് നടപടി പാര്‍ലിമെന്റില്‍ നടക്കുന്നതിനിടെയാണ് മുഗാബെ കഴിഞ്ഞ ദിവസം രാജിവെച്ചത്. 1980 മുതല്‍ പ്രസിഡന്റ് സ്ഥാനത്തുള്ള മുഗാബെയോട് രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും സ്ഥാനമൊഴിയാന്‍ മുഗാബെ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇംപീച്ച്‌മെന്റ് നടപടി തുടങ്ങിയതോടെയാണ് മുഗാബെ രാജിവെച്ചത്. ഭരണപക്ഷ പാര്‍ട്ടിയായ സാനു പി എഫിന് പിന്നാലെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് ചേഞ്ച് പാര്‍ട്ടിയും മുഗാബെക്കെതിരെ പാര്‍ലിമെന്റില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

മുഗാബെയെ പട്ടാളം വിചാരണ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെച്ചു. 37 വര്‍ഷക്കാലം രാജ്യം ഭരിച്ച 93കാരനെ വെറുതെ വിടാനാണ് സര്‍ക്കാറിന്റെയും പ്രോസിക്യൂഷന്റെയും തീരുമാനം. അഴിമതി, അധികാര ദുര്‍വിനിയോഗം എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടെങ്കിലും നിയമനടപടിയൊന്നും വേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. വീട്ടില്‍ സ്വസ്ഥമായി ജീവിക്കാനുള്ള അവസരം നല്‍കാനാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.