Connect with us

Sports

ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും; കോപ്പലാശാന്റെ കുട്ടികള്‍ക്കെതിരെ

Published

|

Last Updated

കൊച്ചി: ഐ എസ് എല്‍ നാലാം സീസണിലെ ആദ്യ ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സും, ജംഷഡ്പൂര്‍ എഫ് സിയും ഇന്ന് കൊച്ചിയില്‍ കൊമ്പുകോര്‍ക്കും. രാത്രി എട്ടിനാണ് മല്‍സരം. ഇരു ടീമുകള്‍ക്കും ആദ്യ മല്‍സരം ഗോള്‍രഹിത സമനിലയായിരുന്നു ഫലം.
ഒരു പോയന്റുമായി നാലാം സീസണില്‍ അക്കൗണ്ട് തുറക്കാനായെങ്കിലും ഗോള്‍വല ചലിപ്പിക്കാന്‍ ഇരു ടീമുകള്‍ക്കുമായില്ല. ഈ സീസണിലെ ആദ്യ ജയംതേടി ഇരുടീമുകളും, ഇറങ്ങുമ്പോള്‍ മികച്ച മല്‍സരം പിറക്കുമെന്നാണ് പ്രതീക്ഷ.

മികച്ചടീമുണ്ടായിട്ടും സ്വന്തംതട്ടകത്തില്‍ ആദ്യ മല്‍സരത്തില്‍ എല്ലാനീക്കങ്ങളും പാളിപ്പോയതിന്റെ ക്ഷീണത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഗോളിയുടേയും, പ്രതിരോധനിരയുടേയും പ്രകടനമാണ് ടീമിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. മറുവശത്ത് ജംഷ്ഡ്പൂരിനും ഇതേ അവസ്ഥ തന്നെയായിരുന്നു.
ഗോളിയുടേയും,പ്രതിരോധനിരയുടേയും മികവിലായിരുന്നു അവര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റിനോട് പൊരുതിക്കയറിയത്. പോള്‍ റെച്ചുബ്‌ക്കെയുടെ മികച്ച സേവുകളാണ് കേരളത്തിന് രക്ഷയായതെങ്കില്‍ പോസ്റ്റിന് താഴെ സുബത്രോ പാലായിരുന്നു ജംഷ്ഡ്പൂരിന്റെ തോല്‍വിയെ തടഞ്ഞുനിര്‍ത്തിയത്.
അതേസമയം ആദ്യ മല്‍സരത്തില്‍ എ ടി ക്കെയോട് സമനില പാലിച്ചതിന്റെ ക്ഷീണം തീര്‍ക്കാനാണ് റെനി മ്യൂളിന്‍സ്റ്റീനും സംഘത്തിന്റേയും പരിശ്രമം. ഗോളടിക്കാനായില്ല എന്നു മാത്രമല്ല മികച്ചൊരു നീക്കം പോലും നടത്താന്‍ ടീമിന് കഴിയാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. മുന്നേറ്റനിരയില്‍ ഹ്യൂമും, ബെര്‍ബറ്റോവിനും താളം കണ്ടെത്താനായില്ല. ബള്‍ഗേറിയന്‍ സൂപ്പര്‍താരമായ ബെര്‍ബറ്റോവിന് പന്തെത്തിച്ച് നല്‍കുന്നതില്‍ ബ്ലസ്റ്റേഴ്‌സ് മധ്യനിരക്ക് കഴിഞ്ഞതുമില്ല.
അതിനാല്‍ ടീമില്‍ അഴിച്ചുപണിയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.രണ്ടം പകുതിയില്‍ ഹ്യൂമിനെ പിന്‍വലിച്ച കഴിഞ്ഞ മല്‍സരത്തില്‍ കളത്തിലിറങ്ങിയ മാര്‍ക്ക് സിഫ്‌നിയോസ് ആദ്യ ഇലവിനില്‍ എത്താനും സാധ്യതയുണ്ട്. കഴിഞ്ഞ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയ ഘാനയുടെ കൗമാരതാരം കറേജ് പെക്കൂസണായിരിക്കും മധ്യനിരയുടെ ചുമതല. കല്‍ക്കത്തക്കെതിരെ സി കെ വിനീതും അരാറ്റ ഇസൂമിയും നിറം മങ്ങിപ്പോയിരുന്നു.

പ്രതിരോധത്തില്‍ നായകന്‍ സന്ദേശ്ജിംഗനും നെമഞ്ജ പെസിക്കും ഡഫന്‍സ് മിഡ്ഫീല്‍ഡര്‍ മിലന്‍സിങ്ങും ഇന്നും ആദ്യ ഇലവനില്‍ ഉണ്ടായേക്കും. പരിക്കിന്റെ പിടിയിലുള്ള വെസ് ബ്രൗണ്‍ ഇന്നും കളിക്കാനിറങ്ങില്ലെന്നാണ് സൂചന.
മുന്‍ ബ്ലസ്റ്റേഴ്‌സ് താരങ്ങളടങ്ങിയ ജംഷഡ്പൂര്‍ എഫ് സി കഴിഞ്ഞമല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ അവരുടെ നാട്ടില്‍ ചെന്ന് പിടിച്ചുകെട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ശരാശരി ടീമായിരുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിനെ കഴിഞ്ഞസീസണില്‍ ഫൈനല്‍ വരെ എത്തിച്ച കോച്ച് സ്റ്റീവ് കോപ്പല്‍ ഇക്കുറി ജംഷ്ഡ്പൂരിനുവേണ്ടിയാണ് തന്ത്രങ്ങളൊരുക്കുന്നത്. മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈന്‍, ഫോര്‍വേഡ് ബെല്‍ഫോര്‍ട്ട് എന്നിവര്‍ക്കൊപ്പം അസിസ്റ്റന്റ് കോച്ചായി ഇഷ്ഫാക്ക് അഹമ്മദും ബ്ലസ്റ്റേഴ്‌സില്‍ നിന്നും ജംഷഡ്പൂര്‍ നിരയിലുണ്ട്.
കേരളത്തിന്റെ ശക്തി ദൗര്‍ബല്യങ്ങളറിയാവുന്ന കോച്ച് കോപ്പല്‍ ഏതു തന്ത്രമായിരിക്കും കരുതിയിരിക്കുമെന്നറിയാനാണ് കാണികള്‍ക്ക് കൗതുകം.
ബ്ലാസ്റ്റേഴ്‌സിന്റേതുപോലെ മികച്ച പ്രതിരോധനിരയാണ് ജംഷഡ്പൂരിന്റേയും ശക്തി.
മലയാളിതാരം അനസ് എടത്തൊടിക, മുന്‍ സ്പാനിഷ് താരവും 24 കളികളില്‍ എ ടി കെക്കുവേണ്ടി കളത്തിലിറങ്ങിയ തിരിയുമാണ് ജംഷഡ്പൂരിനുവേണ്ടി പ്രതിരോധകോട്ടകാക്കുന്നത്. കഴിഞ്ഞ കളിയില്‍ പകരക്കാനായി കളത്തിലെത്തി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ഡിഫന്‍ഡര്‍
ആന്ദ്രെ ബിക്കെ ഇന്ന് ജംഷഡ്പൂര്‍ നിരയില്‍ കളിക്കാനുണ്ടാവില്ല.
എ ടി ക്കെയുടെ കുന്തമുനയായിരുന്ന വിങ്ങര്‍ സമീഗ് ദൂട്ടിക്കായിരിക്കും മുന്നേറ്റത്തിലേക്ക് പന്തെത്തിക്കുന്ന ചുമതല.
ബെല്‍ഫോര്‍ട്ടിനെകൂടാതെ നൈജീരിയന്‍ താരം ഇസുഅസുക, ജെറി മവിമിങ്താന എന്നിവരടങ്ങുന്ന മുന്നേറ്റനിരയും ശക്തമാണ്.
ഐ എസ് എല്ലിലെ പുതുമുഖങ്ങളായ ജംഷഡ്പൂരിനും നാലാം സീസണ്‍ കളിക്കുന്ന കേരളത്തിനും ആത്മവിശ്വാസത്തോടെ മുന്നേറാന്‍ വിജയം അനിവാര്യമാണ്.

sijukm707@gmail.com

Latest