റോഹിംഗ്യകളെ മ്യാന്മറിലേക്ക് തിരിച്ചയക്കും

Posted on: November 24, 2017 12:12 am | Last updated: November 23, 2017 at 11:58 pm
SHARE

ധാക്ക: സൈനിക ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശിലെ കോക്‌സസ് ബസാറിലെത്തിയ റോഹിംഗ്യന്‍ അഭയാര്‍ഥികളെ മ്യാന്മറിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ധാരണ. മ്യാന്മര്‍ – ബംഗ്ലാദേശ് ഉന്നതതല കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. വാര്‍ത്ത മ്യാന്മര്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായില്ല. സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും നേതൃത്വത്തില്‍ ആഗസ്റ്റില്‍ നടന്ന വംശഹത്യാ ആക്രമണത്തെ തുടര്‍ന്ന് ഇതുവരെ 6.2 ലക്ഷം റോഹിംഗ്യകള്‍ ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശത്തെത്തിയിട്ടുണ്ട്. അഭയാര്‍ഥികളുടെ എണ്ണം കുത്തനെ വര്‍ധിച്ചതോടെയാണ് മ്യാന്മറുമായി ബംഗ്ലാദേശ് പ്രശ്‌നം ചര്‍ച്ച ചെയ്തത്.

അതേസമയം, റോഹിംഗ്യകളുടെ സുരക്ഷയില്‍ മ്യാന്മര്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കാത്തിടത്തോളം കാലം അവരെ റാഖിനെയിലേക്ക് തിരിച്ചയക്കരുതെന്ന അഭ്യര്‍ഥനയുമായി മനുഷ്യാവകാശ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും രംഗത്തെത്തി. റോഹിംഗ്യകള്‍ക്ക് സുരക്ഷിതമായ വാസസ്ഥലം ഒരുക്കണമെന്നും അവരെ പൗരന്മാരായി അംഗീകരിക്കണമെന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രധാന ആവശ്യം. സൈന്യത്തിന്റെ ക്രൂരമായ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ സ്വന്തം നാട്ടിലേക്ക് പോകുന്നതിനെ ഭീതിയോടെയാണ് റോഹിംഗ്യകള്‍ കാണുന്നത്.
ആറ് ലക്ഷത്തോളം വരുന്ന അഭയാര്‍ഥികളെ എങ്ങനെയാണ് തിരിച്ചുകൊണ്ടുപോകുകയെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സൈന്യം കത്തിനശിപ്പിച്ച റാഖിനെയിലെയും പരിസരപ്രദേശങ്ങളിലെയും റോഹിംഗ്യന്‍ ഗ്രാമങ്ങളിലേക്ക് എങ്ങനെയാണ് അഭയാര്‍ഥികളെ കൊണ്ടെത്തിക്കുകയെന്നും അവര്‍ ചോദിക്കുന്നുണ്ട്.

പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതാണ് റോഹിംഗ്യകളുടെ തിരിച്ചയക്കലെന്ന് റോഹിംഗ്യന്‍ ആക്ടിവിസ്റ്റ് നെ സാന്‍ ലിന്‍ വ്യക്തമാക്കി.
കരാറനുസരിച്ച് റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയച്ചാല്‍ ക്രൂരമായ പീഡനമായിരിക്കും അവര്‍ക്ക് നേരെയുണ്ടാകുകയെന്നും ജയിലിന് സമാനമായ ക്യാമ്പുകളില്‍ ഇവരെ അടച്ചിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യാന്മര്‍ നഗരമായ സിത്‌വെയില്‍ ഇത്തരത്തില്‍ നൂറ് കണക്കിന് അഭയാര്‍ഥികളെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി അധികൃതര്‍ അടച്ചിട്ടിരിക്കുകയാണ്.

റോഹിംഗ്യകള്‍ക്ക് നേരെ കൂട്ടബലാത്സംഗം, പീഡനങ്ങള്‍, കൂട്ടക്കൊലകള്‍ തുടങ്ങിയ ക്രൂരതകള്‍ ചെയ്തുകൂട്ടിയ സൈന്യത്തിന്റെ ആക്രമണങ്ങളെ ന്യായീകരിക്കുന്ന സാഹചര്യത്തില്‍ മ്യാന്മര്‍ സര്‍ക്കാറിലുള്ള വിശ്വാസം മനുഷ്യാവകാശ സംഘടനകള്‍ക്ക് ഇല്ലാതായിട്ടുണ്ട്. യു എന്‍ ഉദ്യോഗസ്ഥര്‍ക്കും വിദേശ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയ റാഖിനെയിലേക്ക് തിരിച്ചുപോകേണ്ടിവന്നാല്‍ അതിക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, അഭയാര്‍ഥികള്‍ ക്രമാതീതമായി വര്‍ധിച്ചത് കടുത്ത പ്രതിസന്ധികള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് ബംഗ്ലാദേശിന്റെ വിശദീകരണം. ഇത്രയുമധികം അഭയാര്‍ഥികളെ താങ്ങാനാകില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അഭയാര്‍ഥി ക്യാമ്പുകളൊരുക്കുന്നതിനും റോഹിംഗ്യകളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും ബംഗ്ലാദേശിന് സാധിക്കുന്നില്ല. റോഹിംഗ്യകളെ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് സംഘങ്ങളടക്കം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here