Connect with us

National

ഹാദിയ കേസില്‍ എന്‍ ഐ എ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ ഐ എ സുപ്രീം കോടതിയില്‍ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് എന്‍ ഐ എ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ കഴിഞ്ഞ ദിവസം ഹാദിയയെയും പിതാവ് അശോകന്‍, ഭര്‍ത്താവ് ശഫിന്‍ ജഹാന്‍ എന്നിവരെയും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തല്‍സ്ഥതി റിപ്പോര്‍ട്ടാണ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കേസന്വേഷണം ഏറ്റെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് എന്‍ ഐ എ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഹാദിയയെ ഈ മാസം 27ന് സുപ്രീം കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് എന്‍ ഐ എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം, എന്‍ ഐ എയുടെ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ശഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. വിരമിച്ച ജഡ്ജി ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചാണ് എന്‍ ഐ എ അന്വേഷണം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കോടതിയലക്ഷ്യം നടത്തിയതിന് എന്‍ ഐ എക്കെതിരെ നടപടി വേണമന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാജരാക്കുന്ന ഹാദിയയുടെ മൊഴി തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്ന് ആവശ്യപ്പെട്ട്് പിതാവ് അശോകന്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ കഴിഞ്ഞ ദിവസം കോടതി വിസമ്മതിച്ചിരുന്നു. ഹാദിയയെ കോടതിയില്‍ ഹാജരാക്കുന്ന 27ന് മുമ്പ് കേസുമായി ബന്ധപ്പെട്ട ഒരു ഹരജിയും പരിഗണിക്കില്ലെന്നും ആവശ്യമെങ്കില്‍ ഹരജി തിങ്കളാഴ്ച പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.