Connect with us

Articles

വെളിച്ചത്തിന്റെ പൂമരം

Published

|

Last Updated

നാല് ദശാബ്ദക്കാലം ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളെ നിര്‍ണയിക്കുന്ന കാലയളവല്ലെങ്കിലും പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിച്ചാണ് ഇത്ര കാലവും മര്‍കസ് തലയുയര്‍ത്തി നിന്നത്. സ്വാതന്ത്ര്യാനന്തരം മുസ്‌ലിം സമുദായം നേരിട്ട രാഷ്ട്രീയപരവും സാമൂഹികപരവും സാമ്പത്തികപരവുമായ മുരടിപ്പിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ മര്‍കസ് അതിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. ആശയറ്റവരും അശരണരുമായ പ്രാന്തവത്കൃത സമൂഹത്തെ ജാതിയോ മതമോ വര്‍ണമോ നോക്കാതെ മര്‍കസ് ഏറ്റെടുത്തു. മര്‍കസിനെ ജനകീയമാക്കുന്നതിലും സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമായി പരിവര്‍ത്തിപ്പിക്കുന്നതിലും ഇത് നിര്‍ണായകമായ സ്വാധീനമുണ്ടാക്കി.

മര്‍കസിന്റെ തണല്‍ കേരളത്തിന്റെ അതിര്‍ത്തി കടന്ന് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും എത്തി. കണ്ണീര്‍ വാര്‍ക്കുന്ന മാനവന്റെ നേര്‍ക്കാണ് മര്‍കസിന്റെ കൈകള്‍ നീണ്ടു ചെന്നത്. മത ഭ്രാന്തന്മാരുടെ കൊലവിളിക്ക് ഇരയാക്കപ്പെട്ട റോഹിംഗ്യന്‍ ജനതക്ക് വേണ്ടിയും ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങള്‍ക്കു വേണ്ടിയും ഗുജറാത്തില്‍ വംശഹത്യക്ക് വിധേയരായ മുസ്‌ലിം പിന്നാക്കക്കാര്‍ക്കു വേണ്ടിയും ആ സഹായഹസ്തം നീണ്ടു ചെന്നു. കശ്മീരിലെ നിരക്ഷരരായ പരശ്ശതം പാവങ്ങളെ വിദ്യ പകര്‍ന്നും ഭക്ഷണം നല്‍കിയും മര്‍കസ് സഹായിച്ചു. ചുവന്ന കളിമണ്ണ് കൊണ്ട് ചാന്ത് തേച്ച മണ്‍ചുമരില്‍ നിന്ന് ഇന്നത്തെ മര്‍കസിന്റെ വളര്‍ച്ചയുടെ കാലഘട്ടം കേരള ചരിത്രത്തിന്റെ കൂടി ചിത്രമാണെന്നത് ഒരു നിയോഗമാകാം.
ഒരു സമൂഹത്തെ സംസ്‌കരിക്കണമെങ്കില്‍ വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് എ പി ഉസ്താദ് തിരിച്ചറിഞ്ഞു.

എന്നാല്‍ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയതയും വിളക്കിച്ചേര്‍ത്ത് മനുഷ്യനെ പുതുക്കി പണിയുകയായിരുന്നു ഉസ്താദ്. അറിവിന്റെ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും അനേകായിരങ്ങളെ ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നടത്തിക്കുകയും ചെയ്തു. ദീര്‍ഘ ദൃഷ്ടിയുള്ള ഒരു പണ്ഡിത ശ്രേഷ്ഠന്റെ പ്രയത്‌നം മര്‍കസ് എന്ന സ്ഥാപനത്തെ ഏഷ്യയിലെ തന്നെ പുകള്‍പെറ്റ ഒരു യൂനിവേഴ്‌സിറ്റിയാക്കി വളര്‍ത്തിയെടുത്തു. മര്‍കസില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ സാമൂഹിക പ്രതിബദ്ധതയുള്ളവനായി, നാടിനോട് ഐക്യപ്പെടുന്നവനായി മാറുന്നത് അതുകൊണ്ടാണ്.
കേരളീയ മുസ്‌ലിം നവോഥാനത്തിന്റെ പാരമ്പര്യാധിഷ്ഠിത പാതകള്‍ വെട്ടിയെടുക്കാന്‍ സമസ്തയിലൂടെയും അതിന്റെ ഭാഗമായ മര്‍കസിലൂടെയും കഴിഞ്ഞിട്ടുണ്ട.് അതുകൊണ്ടാണ് പലരും അപ്രാപ്യമെന്ന് കരുതിയ പല നേട്ടങ്ങളും 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നേടിയെടുക്കാന്‍ കഴിഞ്ഞത്.
മര്‍കസിന് 40 വയസ്സ് പൂര്‍ത്തിയാകുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ നേട്ടത്തിന്റെ വിളവെടുപ്പ് കാണുന്നു. ഇനിയും പരിഹരിക്കപ്പെടാന്‍ ധാരാളം പ്രശ്‌നങ്ങളുണ്ട് സന്മാര്‍ഗ ദീപമായ വിശുദ്ധ ഖുര്‍ആനും കാലാതീതമായ തിരുവചനങ്ങളും വഴി കാട്ടാന്‍ ഈ സ്ഥാപനത്തിനുണ്ടെങ്കില്‍ ഭാവി പ്രകാശ പൂരിതമാകും തീര്‍ച്ച.

 

Latest