റബീഇന്റെ വസന്തം

Posted on: November 24, 2017 6:05 am | Last updated: November 24, 2017 at 5:00 pm
SHARE

കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍, പണക്കാരന്റെ അടിമകളായി പാവെപ്പട്ടവര്‍ നരകിക്കുന്നു, മദ്യവും യുദ്ധവും ഹോബിയാക്കിയ ജനത, അടിമക്കച്ചവടം പ്രധാന വ്യാപാരം, വിചിത്രമായ ദൈവ സങ്കല്‍പ്പം, ഓരോ തറവാടിനും ഓരോ കുലദൈവങ്ങള്‍, വിശുദ്ധ കഅബയില്‍ മാത്രം 360 പ്രതിമകള്‍… ഇരുണ്ട യുഗമെന്ന് വിശേഷിപ്പിക്കപ്പെട്ട ആറാം നൂറ്റാണ്ടിന്റെ ഒരു ചെറിയ ചിത്രമാണിത്. അടിച്ചമര്‍ത്തപ്പെട്ടവരും കീഴാള ജനതയും ബുദ്ധിമരിക്കാത്ത നല്ല മനുഷ്യരും ഒരു സമുദ്ധാരകന് വേണ്ടി ദാഹിച്ചുവലഞ്ഞ വേഴാമ്പലിനെ പോലെ കാത്തിരുന്ന സമയം.

ക്രിസ്താബ്ദം 571 ഏപ്രില്‍ 23ന് വസന്തത്തിന്റെ മാസമായ വിശുദ്ധ റബീഉല്‍ അവ്വല്‍ 12ന് തിങ്കളാഴ്ച കാലം കാത്തിരുന്ന ആ തിരുജന്മം നടന്നു. അവാച്യമായ ഒരനുഗ്രഹം തന്നെയായിരുന്നു ആ തിരുപ്പിറവി. അല്ലാഹു തന്നെ പറഞ്ഞു: ‘തീര്‍ച്ചയായും തങ്ങളില്‍ നിന്നുതന്നെയുള്ള ഒരു പ്രവാചകനെ സത്യവിശ്വാസികള്‍ക്കായി നിയോഗിച്ചതു മൂലം വലിയ അനുഗ്രമാണ് അല്ലാഹു അവര്‍ക്ക് ചെയ്തിട്ടുള്ളത്. പ്രവാചകന്‍ അവര്‍ക്ക് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും സംസ്‌കാരമുള്ളവരാക്കി ത്തീര്‍ക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിന് മുമ്പ് അവര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരുന്നു നിലകൊണ്ടിരുന്നത്. (ആലുഇംറാന്‍)
മനുഷ്യേതര ജീവികള്‍ക്ക് ജന്മവാസനയായിട്ടു തന്നെ അവരുടെ ജീവിതക്രമം അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്. കോഴികള്‍ക്കും ആടുകള്‍ക്കും ആനക്കുമെല്ലാം വ്യത്യസ്ത ജീവിത രീതിയുണ്ട്. ഇതൊന്നും ഒരു പുസ്തകത്തില്‍ നിന്നും വായിച്ചുപഠിച്ചതല്ല. കലാലയങ്ങളില്‍ നിന്നും അഭ്യസിച്ചതുമല്ല. അവ ഉണ്ടായ കാലം മുതല്‍ ഒരേ ക്രമത്തില്‍ തന്നെ ജീവിതം നയിക്കുന്നത് ആ ജന്മവാസനയുടെ ഭാഗമായിട്ടാണ്. മനുഷ്യര്‍ക്ക് ജീവിക്കേണ്ടത് എങ്ങനെയാണെന്ന വിവരം ജന്മസിദ്ധമായി ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് അവര്‍ പഠിക്കേണ്ടിവരുന്നത്. പുസ്തകവായനയും പാഠശാലയുമെല്ലാം മനുഷ്യര്‍ക്ക് മാത്രമുള്ളതാണ്.

മനുഷ്യന് ജീവിതം പഠിപ്പിക്കാനും ആവശ്യമായ അറിവുകള്‍ കൈമാറാനും സ്രഷ്ടാവ് സ്വീകരിച്ച മാര്‍ഗം മനുഷ്യരില്‍ നിന്ന് തന്നെ പ്രത്യേകക്കാരായ പ്രവാചകന്മാരെ നിശ്ചയിച്ച് അവര്‍ക്ക് മലക്കുകള്‍ മുഖേന ദിവ്യസന്ദേശങ്ങള്‍ നല്‍കിക്കൊണ്ടാണ്. ഇന്ന് മനുഷ്യന്‍ വികസിപ്പിച്ചെടുത്ത ഏതൊക്കെ അറിവുകളുണ്ടോ അവയെല്ലാം അടിസ്ഥാനപരമായി പരിശോധിച്ചാല്‍ ആദംനബി(അ) മുതല്‍ മുഹമ്മദ് നബി(സ)വരെയുള്ള പ്രവാചകന്മാര്‍ പഠിപ്പിച്ച കാര്യങ്ങളാണ്. സ്രഷ്ടാവിന്റെയും മനുഷ്യരുടെയും ഇടയിലുള്ള ദൂതന്മാരാണ് ഈ പ്രവാചകന്മാര്‍.
എല്ലാ പ്രവാചകന്മാരും സമ്പൂര്‍ണ മനുഷ്യരും ഒപ്പം അസാധാരണ മനുഷ്യരുമാണ്. മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് വഴങ്ങുന്നവരല്ല മാലാഖമാര്‍. അവരെ കാണാനും കേള്‍ക്കാനും പ്രത്യേകമായ അസാധാരണ കഴിവുകള്‍ വേണം. അവരില്‍ നിന്നാണ് ദിവ്യസന്ദേശങ്ങള്‍ സ്വീകരിക്കുന്നത്. അന്ത്യദൂതരായ മുഹമ്മദ് നബി(സ) അസാധാരണക്കാരായ അമ്പിയാക്കളിലെ അസാധാരണക്കാരനാണ്.
രക്ഷിതാക്കള്‍ മക്കളെ ആദ്യമായി പഠിപ്പിക്കേണ്ടത് മുത്ത് നബി(സ)യെ പറ്റിയാണ് എന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)വിന്റെ പരാമര്‍ശം വളരെ ശ്രദ്ധേയമാണ്. നമ്മള്‍ നബി(സ)ല്‍ വിശ്വസിക്കുന്നത് അല്ലാഹു കല്‍പ്പിച്ചിട്ടാണെന്ന് പറയുന്നത് ശരിയാണോ? അല്ലാഹു നമ്മോട് നേരിട്ട് സംവദിച്ചിട്ടേയില്ല. നമുക്കാര്‍ക്കും ഒരു വഹ്‌യും ഇറക്കിയിട്ടുമില്ല. ഒരു ഗ്രന്ഥവും നമ്മുടെ കൈയിലേക്ക് അവതരിപ്പിച്ചിട്ടുമില്ല. അല്ലാഹുവിന്റെ എല്ലാ ഇടപാടുകളും അവന്റെ ദൂതരായ നബി(സ) മുഖേനയാണ് നടന്നത്. അപ്പോള്‍ ആ നബി(സ)യിലൂടെ നമ്മള്‍ അല്ലാഹുവിനെ അറിയുകയാണ് ചെയ്തത്. അല്ലാഹുവിലൂടെ നബിയെ അറിഞ്ഞതല്ല.

നാം വിശ്വസിക്കുന്ന നാല്‍പ്പത്തിയൊന്ന് വിശേഷണങ്ങളുള്ള ഏകനും സര്‍വശക്തനുമായ അല്ലാഹിവിനെ നാം കണ്ടിട്ടില്ല. അവനില്‍ നിന്നും നാമൊന്നും കേള്‍ക്കുകയോ അവനെ സ്പര്‍ശിച്ചോ മണത്തോ രുചിച്ചോ അറിയുകയോ ചെയ്തിട്ടില്ല. ഈ സര്‍വശക്തനില്‍ നാം വിശ്വസിക്കുന്നത് അല്‍അമീനായ, ആയിരക്കണക്കിന് മുഅ്ജിസത്തുകള്‍ നല്‍കി ശക്തിപ്പെടുത്തപ്പെട്ട തിരുനബി(സ) പഠിപ്പിച്ചതുകൊണ്ടാണ്. മലക്കുകള്‍ എന്ന വിഭാഗമുണ്ടോ യെന്ന ഒരു സംശയം പോലും നമ്മുടെ വിശ്വാസത്തിന്റെ അടിവേരിനെ ബാധിക്കും. എന്നാല്‍, ഇന്നുവരെനാമാരും മലക്കുകളെ കണാതെ തന്നെ അവരുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നതും മുത്തു റസൂല്‍(സ) പറഞ്ഞുതന്നതുകൊണ്ടുമാത്രമാണ്. വിശുദ്ധ ഖുര്‍ആനില്‍ വിശ്വസിക്കുന്നതും സ്വര്‍ഗവും നരകവുമുണ്ടെന്ന് വിശ്വസിക്കുന്നതുമെല്ലാം തിരുനബി(സ) പറഞ്ഞതുകൊണ്ടാണ്.
ഇതുകൊണ്ടാണ് ഈമാന്‍ (വിശ്വാസം) എന്താണെന്ന് നിര്‍വചിച്ചപ്പോള്‍ ‘മുഹമ്മദ് നബി(സ) കൊണ്ടുവന്നതാണെന്ന് സ്ഥിരപ്പെട്ട എല്ലാ കാര്യങ്ങളെയും അംഗീകരിക്കുക’ എന്ന് പണ്ഡിതന്മാര്‍ പറയാന്‍ കാരണം. സ്ഥിരപ്പെട്ട ഒരു സുന്നത്തിനെ നിഷേധിച്ചവനെയും മുസ്‌ലിമായി പരിഗണിക്കുകയില്ല. ഉദാഹരണത്തിന് ഒരാള്‍ നഖം മുറിക്കുന്നില്ലെങ്കില്‍ ഒരു നബി ചര്യയെ ഒഴിവാക്കി എന്നല്ലാതെ അയാള്‍ ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകില്ല. എന്നാല്‍, ആ സുന്നത്ത് ഞാന്‍ അംഗീകരിക്കില്ല എന്ന നിലപാടെടുത്താല്‍ അയാള്‍ നബി(സ)യെ നിരുപാധികം വിശ്വസിക്കാത്തതുകൊണ്ട് അയാളെ മുസ്‌ലിമായി ഗണിക്കപ്പെടുകയില്ല. ഇതാണ് ‘നബിയേ, അങ്ങനെ നാം നിയോഗിച്ചത് സാക്ഷിയായിട്ടും സുവിശേഷകനും താക്കീതുകാരനുമായിട്ടാണ് ‘ എന്ന ഖുര്‍ആന്‍ വചനത്തിന്റെ സാരം.
ഇസ്‌ലാം അല്ലാഹുവിന്റെ മതമാണെന്നതിനും ഖുര്‍ആന്‍ അവന്റെ കലാമാണെന്നതിനും മറ്റെല്ലാ വിശ്വാസ അനുഷ്ഠാന കാര്യങ്ങള്‍ക്കും നമുക്കുള്ള സാക്ഷിയും തെളിവും ആധാരവും മുഹമ്മദ് നബി(സ)യാണ്. ഇതുകൊണ്ടാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) മാതാപിതാക്കള്‍ ആദ്യമായി മക്കളെ പഠിപ്പിക്കേണ്ടത് തിരുനബി(സ)യെ കുറിച്ചാണെന്ന് പറഞ്ഞത്. ഈ വിശുദ്ധ റബീഇനെ മുത്ത് നബിയെ കൂടുതല്‍ പഠനത്തിനായി നമുക്ക് ഉപയോഗിക്കാം.