Connect with us

Articles

ചരിത്രത്തില്‍ നിന്നിറങ്ങിവരുന്ന ഭൂപടങ്ങള്‍

Published

|

Last Updated

ചരിത്രത്തില്‍ നിന്നോ ചരിത്രാത്മക ഭാവന എന്നു വിളിക്കപ്പെടുന്ന ചരിത്രത്തെ ആസ്പദമാക്കി എഴുതുന്ന ഭാവനാഖ്യാനങ്ങളായ കഥയില്‍ നിന്നോ കവിതയില്‍ നിന്നോ അതുമല്ല ജനങ്ങള്‍ പാടിപ്പതിഞ്ഞ ഐതിഹ്യേതിഹാസങ്ങളില്‍ നിന്നോ ഇറങ്ങി വന്ന ഒരു കഥാപാത്രം/അഥവാ കഥാപാത്രങ്ങള്‍, ഇന്ത്യാ രാജ്യത്തിന്റെ ഭൂപടവും തിരഞ്ഞെടുപ്പടക്കമുള്ള സാംസ്‌കാരിക- രാഷ്ട്രീയ ജീവിതവും നിര്‍ണയിക്കാനും നിയന്ത്രിക്കാനും തുടങ്ങിയിരിക്കുന്നു. സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സിനിമകള്‍, ബോളിവുഡിലെ ഗ്ലാമര്‍ നിറഞ്ഞ കച്ചവട മേഖലയില്‍ മാത്രമല്ല, സമാന്തരം എന്നു വിളിക്കപ്പെടുന്ന കലാത്മക മേഖലയിലും കുറവായിട്ടാണ് ഇറങ്ങാറുള്ളത്. ഇപ്പോള്‍, രാജ്യത്തെ ആകെയും ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളെ പ്രത്യേകിച്ചും പിടിച്ചു കുലുക്കുന്ന പത്മാവതി എന്ന ഹിന്ദി മുഖ്യധാരാ സിനിമ, സ്ത്രീ കഥാപാത്രത്തിന്റെ പേരിനാല്‍ അറിയപ്പെടുന്നു എന്നല്ലാതെ, സ്ത്രീ കഥാപാത്രത്തിന് പ്രാമുഖ്യം കൊടുക്കുന്നു എന്ന് കരുതാന്‍ മാത്രം, വസ്തുതകള്‍ പുറത്തു വന്നിട്ടില്ല. ആത്മാഹുതിയെയും സതിയെയും മഹത്വവത്കരിക്കുന്ന സിനിമയാണോ പത്മാവതി എന്നും നിശ്ചയമില്ല. എന്നാല്‍, ഒരു കാര്യം ഉറപ്പാണ്. ബോളിവുഡിലെ സുന്ദരിമാരിലൊരാളായ ദീപിക പദുക്കോണിന്റെ മാദകത്വം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള കഥാപാത്രവത്കരണവും നൃത്തങ്ങളും കമനീയതകളും ഉള്‍ക്കൊള്ളുന്ന പത്മാവതി എന്ന സിനിമ സിനിമയുടെയും രാഷ്ട്രീയത്തിന്റെയും ചരിത്രത്തിലുള്‍പ്പെടാന്‍ പോകുന്നത്, സാധാരണമായ കാരണങ്ങളാലായിരിക്കില്ല എന്നതാണത്.

പത്മാവതിയുടെ സെറ്റില്‍ വെച്ച് പ്രമുഖ ബോളിവുഡ് സംവിധായകനായ സഞ്ജയ് ലീലാ ബന്‍സാലിയെ രജ്പുത് കര്‍ണി സേന എന്ന അക്രമിക്കൂട്ടം മര്‍ദിച്ചതും തുടര്‍ന്ന്, സംഘ്പരിവാര്‍ പത്മാവതി വിരുദ്ധത ഏറ്റെടുത്തതുമായ സംഭവങ്ങള്‍, ഇന്ത്യ എന്ന നമ്മുടെ രാഷ്ട്ര നിര്‍മാണത്തിന്റെയും മഹത്തായ ആശയത്തിന്റെയും അവിഭാജ്യ ഘടകമായ സര്‍ഗാത്മക/ആവിഷ്‌കാര സ്വാതന്ത്ര്യം വീണ്ടും വീണ്ടും നിഹനിക്കപ്പെടുന്നതിന്റെ ഏറ്റവും പുതിയതും ഞെട്ടിപ്പിക്കുന്നതുമായ ഉദാഹരണമാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ, പത്മാവതി റിലീസ് ചെയ്യരുതെന്ന ആവശ്യമാണ് ബി ജെ പി ഉയര്‍ത്തിയിരിക്കുന്നത്. ജയ് പൂരിലെ പത്മിനി രാജ്ഞിയെന്ന ചരിത്രത്തിലുള്ളതോ ഇല്ലാത്തതോ പൊലിപ്പിച്ചതോ ആയ കഥാപാത്രത്തിനെ മുന്‍നിര്‍ത്തിയുള്ള ഭാവനാത്മകമായ ചലച്ചിത്രരൂപം ചിത്രീകരിക്കുന്നതിനിടയിലാണ്, രാജ്ഞിയെ മോശമായി അവതരിപ്പിക്കുന്നു എന്ന വ്യാജ ആരോപണം ഉയര്‍ത്തി ഈ സാംസ്‌കാരിക ഗുണ്ടകള്‍ ബന്‍സാലിയെ ആക്രമിച്ചത്. അന്‍പത്തിമൂന്നുകാരനായ ബന്‍സാലിയുടെ മുടി പിടിച്ച് വലിക്കുകയും വസ്ത്രങ്ങള്‍ കീറിപ്പറിക്കുകയും വില കൂടിയ ചിത്രീകരണ ഉപകരണങ്ങള്‍ നശിപ്പിക്കുകയുമാണ് അക്രമികള്‍ ചെയ്തത്.
കേരളത്തില്‍ എം ടി വാസുദേവന്‍ നായരും കമലും ആക്രമിക്കപ്പെട്ടപ്പോള്‍, വ്യക്തമായ പ്രതിഷേധത്തോടെ രംഗത്തു വരാന്‍ തയ്യാറാവാത്ത മലയാള സിനിമാ വ്യവസായത്തിലെ താര-സംവിധായക തമ്പുരാക്കന്മാരില്‍ നിന്ന് വ്യത്യസ്തമായി, ബോളിവുഡിലെ പ്രമുഖര്‍ സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തു വന്നു എന്നത് ശ്രദ്ധേയമാണ്. മഹേഷ് ഭട്ട്, അനുരാഗ് കാശ്യപ്, കരണ്‍ ജോഹര്‍, ഋത്വിക് രോഷന്‍, ഫര്‍ഹാന്‍ അക്തര്‍, സോനം കപൂര്‍, രാം ഗോപാല്‍ വര്‍മ, അനുഷ്‌ക്ക ശര്‍മ, ഋഷി കപൂര്‍, ഓമംഗ് കുമാര്‍, പ്രീതി സിന്റ, രാഹുല്‍ ധൊലാക്കിയ, അര്‍ജുന്‍ രാംപാല്‍, അര്‍ജുന്‍ കപൂര്‍, ഋതേഷ് ദേശ്മുഖ് വിശാല്‍ ദഡ്‌ലാനി, ഹുമ ഖുറേഷി, പ്രിയങ്ക ചോപ്ര, ശ്രേയ ഘോഷല്‍, തുടങ്ങി ഹിന്ദി സിനിമയുടെ ഗ്ലാമര്‍ ലോകത്തു നിന്ന് അസഹിഷ്ണുതക്കെതിരെ വ്യക്തമായ സന്ദേശവുമായി നിരവധി കലാകാരന്മാര്‍ മുന്നോട്ടു വന്നു എന്നത് എത്ര മാത്രം ഗുരുതരവും മാരകവുമായ അവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നതെന്നതിന്റെ കൂടി ദൃഷ്ടാന്തമാണ്.
സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം, അലാവുദ്ദീന്‍ ഖില്‍ജി ചിറ്റോര്‍ഗഡ് കോട്ടയിലെത്തിയപ്പോള്‍ കീഴടങ്ങാന്‍ തയ്യാറാവാതെ, പത്മിനി റാണി നിരവധി മഹിളകള്‍ക്കൊപ്പം ആത്മഹത്യ ചെയ്തത് ചിത്രീകരിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. ഖില്‍ജിയായി രണ്‍വീര്‍ കപൂറും പത്മിനി റാണിയായി ദീപിക പദുക്കോണുമാണ് അഭിനയിക്കുന്നത്. മധ്യകാല ഇന്ത്യയിലെ ചരിത്രത്തെ തങ്ങളുടെ സമകാല രാഷ്ട്രീയ കുടിലതന്ത്രങ്ങള്‍ക്കായി വികലീകരിക്കുകയും കുറെ ഭാഗങ്ങള്‍ തമസ്‌കരിക്കുകയും മറ്റു കുറെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന വര്‍ഗീയ ഫാസിസത്തിന്റെ വിവരണതന്ത്രങ്ങളും നുണപ്രചാരണങ്ങളുമാണ്, അക്രമികളെയും അവരുടെ നൂറായിരം സംഘങ്ങളെയും നിഷ്ഠൂരമായ ആക്രമണോത്സുകതയെയും നിര്‍മിച്ചെടുക്കുന്നത്. കല്‍പിത ഭാവനകളായ സാഹിത്യ/കലാ രചനകളും ചരിത്രവും തമ്മിലുള്ള വൈജാത്യം നാം പാടേ മറന്നു പോകുന്നതിന്റെ ലക്ഷണങ്ങളാണിതെന്നാണ് വിഖ്യാത ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് പറയുന്നത്. രാഷ്ട്ര ഗാത്രത്തിനു തന്നെ ഭ്രാന്തു പിടിക്കുന്ന സന്ദര്‍ഭങ്ങളാണിതൊക്കെയും. പത്മിനി എന്നത് ചരിത്രത്തിലുള്ള ഒരു യഥാര്‍ഥ വ്യക്തിയല്ലെന്നും അവരുടേത് ഒരു ഭാവനാത്മക കഥാപാത്രം മാത്രമാണെന്നുമാണ് ഇര്‍ഫാന്‍ ഹബീബ് പറയുന്നത്. 1540ല്‍ മാലിക്ക് മൊഹമ്മദ് ജയസിയാണ് പത്മിനി എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. പേര്‍സ്യന്‍ ലിപിയിലെഴുതിയതും അനവധി ഭാഷയിലുള്ളതുമായ പത്മാവത് എന്ന അദ്ദേഹത്തിന്റെ കവിതയിലാണ് ഈ കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. സിംഹള ദ്വീപ(ഇന്നത്തെ ശ്രീലങ്ക)യില്‍ നിന്നുള്ള ഒരു രാജകുമാരിയായാണ് പത്മിനി ഈ കവിതയില്‍ രംഗപ്രവേശം ചെയ്യുന്നത്. ഈ കഥാകവിതയെ ചരിത്രാത്മക ഭാവന(ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍) എന്നാണ് ആധുനിക അക്കാദമിക് വ്യവഹാരത്തില്‍ അടയാളപ്പെടുത്തുക. അലാവുദ്ദീന്‍ ഖില്‍ജി, റാണാ രത്തന്‍ സിംഗ് എന്നീ യഥാര്‍ഥ ചരിത്രപുരുഷന്മാരെ കഥാപാത്രങ്ങള്‍ ആക്കിയിട്ടുള്ളതായതു കൊണ്ട് ചരിത്രമേത്, കല്‍പനയേത് എന്ന് വ്യവഛേദിച്ചറിയാന്‍ വിഷമമുള്ള രീതിയിലാണ് കവിത സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മധ്യകാലത്തെ ഒരു ചരിത്ര രേഖകളിലും, പത്മിനി എന്ന രാജകുമാരിയോ വ്യക്തിയോ പ്രാധാന്യത്തോടെ ജീവിച്ചിരുന്നു എന്ന് കാണാനാകില്ലെന്നും പത്മാവത് എന്ന കവിതയിലാണ് ഈ കഥാപാത്രത്തെ ആദ്യം കാണുന്നതെന്നും ഇര്‍ഫാന്‍ ഹബീബ് സാക്ഷ്യപ്പെടുത്തുന്നു. ചിറ്റൂരിലേക്കുള്ള ഖില്‍ജിയുടെ യാത്രയില്‍ പങ്കാളിയായിരുന്ന അമീര്‍ ഖുസ്‌റു ഇത്തരമൊരു കഥാപാത്രത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. മാത്രമല്ല, താന്‍ ചരിത്രമാണെഴുതുന്നതെന്ന് ജയസി അവകാശപ്പെട്ടിട്ടുമില്ല. സമകാലത്തെ ചരിത്രകാരന്മാരില്‍ ആരും തന്നെ പത്മിനി എന്ന വ്യക്തിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും ഇര്‍ഫാന്‍ ഹബീബ് പറയുന്നു. രാജസ്ഥാന്റെ ചരിത്രരചനയില്‍ ഏറ്റവും ആധികാരികതയുള്ള പണ്ഡിതന്‍ എന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള ഗൗരി ശങ്കര്‍ ഓജ, പത്മിനിയെക്കുറിച്ച് ഒന്നും പറയുന്നില്ല. യാഥാസ്ഥിതികനായ ചരിത്രകാരന്‍, ആര്‍ സി മജുംദാറിനെ ഉദ്ധരിച്ചുകൊണ്ട് ഓജ പറയുന്നത് പത്മിനിയെ സംബന്ധിച്ച കഥകള്‍ ചരിത്രയാഥാര്‍ഥ്യമാണെന്ന് തെളിയിക്കാന്‍ ആവശ്യമായ ഒരു രേഖയും ലഭ്യമല്ലെന്നാണ്.
ഇന്ത്യ ഗംഭീരമായ പരിണാമങ്ങളുടെ സന്ദര്‍ഭങ്ങളിലാണുള്ളതെന്നും, യാഥാര്‍ഥ്യങ്ങളെ നമുക്ക് മൂടിവെക്കാനാവില്ലെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പറയുന്നു. ജനങ്ങള്‍ മിക്ക കാര്യങ്ങളിലും വളരെ വികാരഭരിതരാണ് എന്നും അവരുടെ താത്പര്യങ്ങളെ കണക്കിലെടുക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ നടക്കുന്ന നാല്‍പത്തിയെട്ടാമത് ഇഫി (ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള)യോടനുബന്ധിച്ചുള്ള ഒരു സെമിനാറില്‍ സംബന്ധിക്കവെയാണ് പ്രസൂണ്‍ ജോഷി ഇപ്രകാരമഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം, തീര്‍ത്തും സാങ്കേതികമായ കാരണങ്ങളാല്‍, പത്മാവതിയുടെ സെന്‍സറിംഗ് പരിശോധന നീട്ടിക്കൊണ്ടു പോകുന്ന തരത്തില്‍ ചില നടപടികളാണ് ബോര്‍ഡ് കൈക്കൊണ്ടത്. ഇന്ത്യ എന്നത് വിപുലവും സങ്കീര്‍ണവുമായ ഒരു രാഷ്ട്രമാണെന്നതും മറക്കാന്‍ പാടില്ലെന്ന് പ്രസൂണ്‍ ജോഷി പറഞ്ഞു. ബഹുഭൂരിപക്ഷമാളുകള്‍ക്കും അഭിപ്രായങ്ങളും തര്‍ക്കങ്ങളുമുന്നയിക്കാനുള്ള ഭാഷ പോലും കൈവശമില്ല. അതുകൊണ്ട് അതിന് സൗകര്യമുള്ളവര്‍ കുറെക്കൂടി മിതത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലായിടത്തും മാറ്റങ്ങളാണെന്നും സഹിഷ്ണുതയും ക്ഷമയുമാണ് കാലത്തിനാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടയില്‍ ഉത്തര്‍പ്രദേശിനു പിറകെ, ഗുജറാത്തിലും പത്മാവതിയുടെ റിലീസ് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. ക്രമസമാധാനപ്രശ്‌നം ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാറുകള്‍ സിനിമകളെ തടയാറുള്ളത്. ഇവിടെയും അതു തന്നെയാണ് നടന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും അതാത് സംസ്ഥാന സര്‍ക്കാറുകള്‍ സിനിമയുടെ പ്രദര്‍ശനം അനുവദിക്കേണ്ടതില്ല എന്നതനുസരിച്ചുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. ഗുജറാത്തിലെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും പത്മാവതിയെ നിരോധിച്ച ഉത്തരവിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. രജപുത്രരുടെ വികാരം വ്രണപ്പെടുന്ന ഒരു കാര്യത്തിനും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ല എന്നാണ്, കോണ്‍ഗ്രസ് വക്താവ് ശക്തിസിംഗ് ഗോഹില്‍ പറയുന്നത്.
രജപുത്താനയുടെ നാടോടി ശീലുകളിലാണ് പത്മിനിക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്. ഇതു സംബന്ധമായ അക്കാദമിക് സംവാദങ്ങളിലേര്‍പ്പെടുന്നത്, രജ്പുത്ത് വീറിനെയോ ഹിന്ദു മനോഭാവത്തെയോ അവഹേളിക്കാനുദ്ദേശിച്ചിട്ടുള്ളതല്ല. മധ്യകാലത്തെ സ്വേഛാധിപതിയായ അലാവുദ്ധീന്‍ ഖില്‍ജിയെ മഹത്വവത്ക്കരിക്കുന്നതും തങ്ങളുടെ ഉദ്ദേശ്യമല്ലെന്ന് ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കുന്നുണ്ട്. രജപുത്താനയില്‍ നിന്ന് ഡെക്കാന്‍ വരെ നീളുന്ന ഖില്‍ജിയുടെ കവര്‍ച്ചാധിനിവേശങ്ങള്‍ ചരിത്രത്തില്‍ വേണ്ടും വിധം രേഖപ്പെടുത്തിയിട്ടുള്ളതും ആരും തര്‍ക്കമുന്നയിക്കാത്തതുമാണ്. ചരിത്രവും ജനപ്രിയ ഭാവനകളും കൂടിക്കുഴയുന്നതിലൂടെ രൂപപ്പെടുന്ന ബോധാബോധങ്ങളിലൂടെയാണ് ജനതയുടെ രാഷ്ട്രീയധാരണകള്‍ വികസിക്കുകയോ പരിമിതപ്പെടുകയോ ചെയ്യുന്നത് എന്നതിന്റെയും ഉദാഹരണമാണിത്. മാത്രമല്ല, ഇത്തരം എല്ലാ കാര്യങ്ങളും അങ്ങേയറ്റം വര്‍ഗീയവത്കരിക്കപ്പെട്ടു കഴിഞ്ഞു. നമ്മളെ തന്നെയും നമ്മുടെ ഭൂതകാലത്തെയും വേണ്ടും വിധം ആഴത്തിലും പരപ്പിലും മനസ്സിലാക്കുന്നതിനും ബോധ്യങ്ങള്‍ നവീകരിക്കുന്നതിനുമല്ല ഇത്തരക്കാരും അവരുടെ വിശകലന-പ്രചാരണ പദ്ധതികളും പ്രവര്‍ത്തിക്കുന്നത് എന്നതും വ്യക്തമാണ്. തങ്ങളുടെ വര്‍ത്തമാന കാല രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു വേണ്ടി ചരിത്രത്തെയും ചരിത്രത്തോട് ചേര്‍ന്നോ വിഘടിച്ചോ നില്‍ക്കുന്ന ഭാവനാലോകങ്ങളെയും ദുരുപയോഗം ചെയ്യുന്നത്, സത്യത്തില്‍ രാഷ്ട്രത്തിന്റെ സാംസ്‌കാരിക അസ്തിത്വത്തെ തന്നെ ഇല്ലായ്മ ചെയ്യും.
ചരിത്രത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രസങ്കല്‍പങ്ങളെയും അതിന്റെ നിര്‍വഹണ പ്രയോഗങ്ങളെയും ആക്രമിച്ച് നിശ്ശബ്ദമാക്കുന്നത് പുതിയ പ്രവണതയല്ല. ഇനിയും ഈ രീതി പലരും തുടരുമെന്നതും സൂചനകളിലൂടെ വായിച്ചെടുക്കാം. ഭൂതകാലത്തിലും അതിന്റെ അഭിരതികളിലും ജീവിക്കുക എന്നത് തീര്‍ത്തും അപകടകരമായ രീതിയാണെന്ന് ഇര്‍ഫാന്‍ ഹബീബ് അര്‍ഥശങ്കക്കിടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കുന്നു. അത് ചരിത്രരേഖകളാകട്ടെ, കഥകളാകട്ടെ ജീവിക്കാനുള്ള (മരിക്കാനും കൊല്ലാനും) അടിസ്ഥാനമായി അവയെ ആസ്പദമാക്കുന്നത് സാമൂഹികമായ ആത്മഹത്യകളാണ്. ഇരുനൂറ് കൊല്ലം മുമ്പ് കൊളോണിയലിസ്റ്റായ ജെയിംസ് മില്‍ ആരംഭിച്ച ചരിത്ര രചനാ-വീക്ഷണ പരിപ്രേക്ഷ്യത്തിലാണ് ഈ കുഴപ്പത്തിന്റെ വേരുകളുള്ളതെന്ന് ഹബീബ് പറയുന്നു. ഹിന്ദു നാഗരികത, മുസ്‌ലിം നാഗരികത, ബ്രിട്ടീഷ് കാലഘട്ടം എന്നിങ്ങനെ ഇന്ത്യന്‍ ചരിത്രത്തെ അവര്‍ മൂന്നായി തരം തിരിച്ചു. രണ്ടായിരം കൊല്ലത്തെ സുവര്‍ണ കാലം, എണ്ണൂറു കൊല്ലത്തെ നാശം, ആധുനികവത്കരണം എന്നിങ്ങനെയാണ് ഈ മൂന്ന് കാലത്തിന്റെയും ഫലപ്രാപ്തിയെ കൊളോണിയലിസ്റ്റ് ചരിത്രകാരന്മാര്‍ വര്‍ഗീകരിക്കുന്നത്. ഹിന്ദു എന്നതും മുസ്‌ലിം എന്നതും പരസ്പരവിരുദ്ധവും എപ്പോഴും പരസ്പരം ആക്രമിച്ചു കൊണ്ടിരിക്കുന്നതുമായ, ഘനീഭവിച്ച രണ്ട് സ്തംഭങ്ങളായാണ് ഇക്കൂട്ടരാല്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ചരിത്രരചനയിലുടനീളം പുലര്‍ത്തിയ ഈ വിഭാഗീയതയാണ് 1947ലെ ദാരുണമായ വിഭജനത്തിലേക്കു പോലും എത്തിച്ചതെന്ന് ഇര്‍ഫാന്‍ ഹബീബ് പറയുന്നു.

 

 

 

Latest