കരിപ്പൂരിലേക്ക് സഊദി, ഇത്തിഹാദ് വിമാനങ്ങള്‍ തിരിച്ചു വരുന്നു

Posted on: November 24, 2017 12:41 am | Last updated: November 23, 2017 at 11:42 pm
SHARE

കൊണ്ടോട്ടി: കരിപ്പൂരില്‍ സര്‍വീസ് മുടങ്ങിയ സഊദി എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍ലൈന്‍സ് വിമാനങ്ങള്‍ വീണ്ടും തിരിച്ചുവരുന്നു. രണ്ട് വര്‍ഷം മുമ്പ് റണ്‍വേ റീ ടാറിംഗിന്റെ പേരിലാണ് വിമാനങ്ങള്‍ക്ക് സര്‍വീസിനുള്ള അനുമതി നിര്‍ത്തലാക്കിയിരുന്നത്. ഇതോടൊപ്പം എയര്‍ ഇന്ത്യ വിമാനത്തിനും അനുമതി നിഷേധിച്ചിരുന്നു. ജംബോ വിഭാഗത്തില്‍ പെട്ട 410 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനങ്ങളായിരുന്നു ഇവ. റണ്‍വേ റീ ടാറിംഗിന്റ പേരിലാണ് അനുമതി നിര്‍ത്തലാക്കിയതെങ്കിലും കാര്‍പെറ്റിംഗ് പൂര്‍ത്തിയായതോടെ റണ്‍വേക്ക് മതിയായ നീളമില്ലെന്ന കാരണം പറഞ്ഞ് ്് അനുമതി നിഷേധം തുടരുകയായിരുന്നു.

എയര്‍ ഇന്ത്യ, സഊദി എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍ലൈന്‍സ് എന്നീ മൂന്ന് വലിയ വിമാനങ്ങള്‍ക്ക് ഗള്‍ഫ് സെക്ടറിലേക്കും തിരിച്ചുമായി പ്രതിദിനം ആറ് സര്‍വീസുകളുണ്ടായിരുന്നു. എയര്‍ ഇന്ത്യ, സഊദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ നിലച്ചതോടെ സഊദി സെക് ടറിലേക്ക് നേരിട്ടുള്ള സര്‍വീസും നിലച്ചു. വിദേശ വിമാനക്കമ്പനികള്‍ ഈ സെക്ടറില്‍ ഇടത്തരം വിമാന സര്‍വീസിനു തയാറായെങ്കിലും അനുമതി നല്‍കിയിരുന്നില്ല. നിലവില്‍ കരിപ്പൂരില്‍ യാത്രക്കാരുടെ എണ്ണത്തിലുംവരുമാനത്തിലും കുറവ് വന്നതാണ് സഊദി എയര്‍ലൈന്‍സ്, ഇത്തിഹാദ് വിമാനങ്ങളെ വീണ്ടും സര്‍വീസിനു ക്ഷണിച്ചത്. എന്നാല്‍ വലിയ വിമാനങ്ങള്‍ക്ക് പകരം ഇടത്തരം വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കുന്നത്. 300 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് തടസമില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയിലേയും സിവില്‍ ഏവിയേഷന്‍ വകുപ്പിലേയും ഉന്നത ഉദദ്യോഗസ്ഥര്‍ ആറ് മാസം മുമ്പ് റിപ്പോര്‍ട്ട് സമര്‍പിച്ചിരുന്നു.

ഇന്നലെ എയര്‍പോര്‍ട്ട് അതോറിററിയിലേയും വിവിധ വിമാനക്കമ്പനി പ്രതിനിധികളുടെയും സുരക്ഷാ ഏജന്‍സികളുടെയും യോഗം ചേര്‍ന്നിരുന്നു .സഊദി, ഇത്തിഹാദ് വിമാനക്കമ്പനി പ്രതിനിധികളും സംബന്ധിച്ചു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണ അധ്യക്ഷത വഹിച്ചു.
വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരം കരിപ്പൂരിലേക്ക് ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേന്ദ്രം താമസിയാനെ അനുകൂല തീരുമാനം കൈകൊള്ളുമെന്ന് ഇതു മായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. പുതിയ സര്‍വീസുകളും വിമാനങ്ങളും എത്തുന്നതോടെ കരിപ്പൂരിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു കൊണ്ടു വരാന്‍ സാധിക്കും.