ഫണ്ട് ലഭ്യമാക്കിയില്ല; നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പ്പാത നടപടികള്‍ അനിശ്ചിതത്വത്തില്‍

Posted on: November 24, 2017 6:21 am | Last updated: November 23, 2017 at 11:38 pm
SHARE

ബെംഗളൂരു: നിര്‍ദിഷ്ട നഞ്ചന്‍കോട്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ റെയില്‍പ്പാതയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിന് ആവശ്യമായ ഫണ്ട് കേരള സര്‍ക്കാര്‍ ഇനിയും ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയില്ല. പാതയുടെ തുടര്‍നടപടികള്‍ ഇതോടെ അനിശ്ചിതത്വത്തിലായി. ഡി പി ആര്‍ തയ്യാറാക്കാന്‍ 2016ല്‍ കേരള സര്‍ക്കാര്‍ എട്ട് കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ ആദ്യഗഡുവായി രണ്ട് കോടി രൂപ നല്‍കാനാണ് ഉത്തരവിട്ടത്.

എന്നാല്‍, തുക കൈപ്പറ്റാന്‍ ഡി പി ആറിന്റെ ചുമതല എറ്റെടുത്തിരുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നിരവധി തവണ സര്‍ക്കാറിനെ സമീപിച്ചെങ്കിലും ലഭിച്ചില്ല. ഒടുവില്‍ ഡി എം ആര്‍ സി പദ്ധതിയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ, പാതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭിച്ച കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ഓഫീസുകളും അടച്ചുപൂട്ടി. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെയുള്ള സര്‍വെക്ക് കര്‍ണാടകം അനുമതി നല്‍കാത്തതിനാലാണ് പണം കൈമാറാത്തതെന്ന് ഗതാഗത വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതിരേഖ തയ്യാറാക്കാന്‍ ഇപ്പോള്‍ ഏജന്‍സി ഇല്ലാത്ത അവസ്ഥയാണ്. എന്നാല്‍, ഫണ്ട് ലഭ്യമാക്കുകയാണെങ്കില്‍ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.
തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയിട്ട് മാസങ്ങളായെങ്കിലും പണം കൈമാറുന്ന നടപടി അനന്തമായി നീളുകയാണ്. തുക ലഭ്യമാകാത്തതിനെ തുടര്‍ന്ന് പദ്ധതി രേഖ തയ്യാറാക്കുന്ന പ്രവൃത്തി തുടങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നീലഗിരി കര്‍മസമിതി കേരള ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ സമരവുമായി മുന്നോട്ട് പോകുമെന്ന് കര്‍മ സമിതി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. പ്രക്ഷോഭത്തിന്റെ തുടക്കമെന്ന നിലയില്‍ നിലമ്പൂര്‍, ഷൊര്‍ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് കര്‍മസമിതിയുടെ തീരുമാനം.

കര്‍ണാടകത്തിലെ ചാമരാജ നഗറിലുള്ള ദേശീയോദ്യാനവും കടുവ സംരക്ഷണ കേന്ദ്രവുമായ ബന്ദിപ്പൂരിലൂടെയുള്ള റെയില്‍പ്പാതക്ക് കര്‍ണാടകം അനുമതി നല്‍കില്ലെന്നാണ് കേരള സര്‍ക്കാറിന്റെ വാദം. നാഗര്‍ഹോളെ ദേശീയോദ്യാനത്തിലൂടെ ആദ്യം തയ്യാറാക്കിയ മൈസൂരു-തലശേരി റെയില്‍പ്പാതക്കും കര്‍ണാടകം അനുമതി നല്‍കിയിരുന്നില്ല. ഒടുവില്‍ നാഗര്‍ഹോളെ ഒഴിവാക്കിക്കൊണ്ട് പുതിയ റൂട്ട് സമര്‍പ്പിച്ചതോടെയാണ് കര്‍ണാടക സര്‍ക്കാറിന്റെ അനുമതി ലഭിച്ചത്.
പാത യാഥാര്‍ഥ്യമായാല്‍ കൊച്ചിയില്‍ നിന്ന് ഏഴ് മണിക്കൂര്‍ കൊണ്ട് ബെംഗളൂരുവിലെത്താന്‍ സാധിക്കും. കൂടാതെ, ചരക്ക് നീക്കം വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും സാധ്യമാക്കാനും കഴിയും. കേന്ദ്ര സര്‍ക്കാറിന്റെയും കേരള- കര്‍ണാടക സര്‍ക്കാറുകളുടെയും അനുമതി കിട്ടിയാല്‍ പ്രസ്തുത പാത ആറ് വര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാക്കാനാവുമെന്ന് ഡി എം ആര്‍ സി ചെയര്‍മാന്‍ ഇ ശ്രീധരന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 236 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, ചെറിയ മാറ്റങ്ങള്‍ വരുത്തി ദൂരം 187. 5 കിലോമീറ്ററായി ചുരുക്കാന്‍ കഴിയും. മൈസൂരു-തലശേരി പാത നടപ്പാക്കുന്നതിന് നിലമ്പൂര്‍-നഞ്ചന്‍കോട് പാത അട്ടിമറിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here