സംവരണം: കോണ്‍ഗ്രസ് സമവാക്യം അംഗീകരിച്ചെന്ന് ഹര്‍ദിക് പട്ടേല്‍

Posted on: November 23, 2017 9:00 pm | Last updated: November 24, 2017 at 9:10 pm
SHARE

അഹമ്മദാബാദ്: പട്ടീദാര്‍ വിഭാഗം ഉള്‍പ്പെടെ സംവരണത്തിന് കീഴില്‍ വരാത്ത മുഴുവന്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണം നല്‍കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച സമവാക്യം സ്വീകരിച്ചതായി പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി(പാസ്)നേതാവ് ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. ബി ജെ പിയെ നേരിടാന്‍ ഗുജറാത്തിലൊരുങ്ങുന്ന ‘മഴവില്‍ സഖ്യ’ത്തിന്റെ പ്രതീക്ഷകള്‍ ഇതോടെ വീണ്ടും സജീവമായി. പട്ടീദാര്‍ വിഭാഗത്തിന് ഒ ബി സി വിഭാഗത്തിന് സമാനമായ സംവരണം നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. കോണ്‍ഗ്രസുകാര്‍ തങ്ങളുടെ ബന്ധുക്കളല്ലെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ കേള്‍ക്കാനും തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനും അവര്‍ കൂടെ നില്‍ക്കുന്നുണ്ട്. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ മുന്നോട്ടുവെച്ച സമവാക്യം തങ്ങള്‍ക്ക് സ്വീകാര്യമായി തോന്നിയതായും അതിനാല്‍ തന്നെ അതിനെ അംഗീകരിച്ചതായും ഹര്‍ദിക് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബി ജെ പിക്കെതിരെ വോട്ട് രേഖപ്പെടുത്താന്‍ താന്‍ അനുയായികളോട് ആവശ്യപ്പെടും. അതേസമയം, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നതിനെ കുറിച്ചൊന്നും ഇപ്പോള്‍ ആലോചിച്ചിട്ടില്ല. പട്ടീദാര്‍ വിഭാഗത്തിന് സംവരണം ഉറപ്പാക്കുന്ന രീതിയിലുള്ള ബില്ലാണ് കോണ്‍ഗ്രസ് തയ്യാറാക്കുക. ആര്‍ട്ടിക്കിള്‍ 31 സി, ആര്‍ട്ടിക്കിള്‍ 46 എന്നിവ പ്രകാരം തയ്യാറാക്കുന്ന ഈ സംവരണ ബില്‍ വരുന്നതോടെ ഒ ബി സി, എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക്് നേരത്തെ നിലനിന്നിരുന്ന 49 ശതമാനം സംവരണം നീക്കം ചെയ്യില്ല. ഈ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ചില വിഭാഗങ്ങള്‍ക്ക് പ്രത്യേക കാറ്റഗറി പുതുതായി ഉണ്ടാക്കുകയോ പേരില്‍ മാറ്റം വരുത്തുകയോ വേണ്ടിവരും. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തന്നെ അമ്പതിലധികം ശതമാനം സംവരണം തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പട്ടീദാര്‍ വിഭാഗത്തിനുള്ള സംവരണം ഉറപ്പാക്കുമെന്നും ഹര്‍ദിക് പട്ടേല്‍ ചൂണ്ടിക്കാട്ടി. പട്ടീദാര്‍ വിഭാഗങ്ങള്‍ക്കിടയിലും മറ്റു മുന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും ഒരു സര്‍വേ നടത്താനും കോണ്‍ഗ്രസ് മുന്നോട്ടുവരുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here