Connect with us

National

ചെക്ക് ബുക്കുകള്‍ റദ്ദാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ചെക്ക് ബുക്കുകള്‍ റദ്ദാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ബുക്കുകള്‍ നിരോധിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നോട്ട് നിരോധിച്ചപ്പോള്‍ മുന്നോട്ട് വെച്ച ലക്ഷ്യം കള്ളപ്പണം പിടികൂടലായിരുന്നുവെങ്കിലും പിന്നീട് ഡിജിറ്റല്‍ ഇടപാട് വ്യാപിപ്പിക്കലാണ് ലക്ഷ്യമെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ ഡിജിറ്റലൈസേഷന്‍ ഊര്‍ജിതമായെങ്കിലും പിന്നീട് ഇടപാടുകള്‍ പഴയ പടി തന്നെയായി.

കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ് (സി എ ഐ ടി) സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാളിന്റെ വാക്കുകളുടെ ചുവട് പിടിച്ചാണ് ചെക്ക് ബുക്കുകള്‍ നിരോധിക്കാന്‍ പോകുന്നുവെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഡിജിറ്റല്‍ ഇടപാട് വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ചെക്കുബുക്കുകള്‍ റദ്ദാക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
നോട്ട് നിരോധനത്തിന് മുമ്പ് 671 ദശലക്ഷമായിരുന്ന ഡിജിറ്റല്‍ ഇടപാട്. 2016 നവംബറില്‍ 957 ദശലക്ഷമായി മാറി. എന്നാല്‍ 2017 ജൂലൈ ആയപ്പഴേക്കും ഇത്തരം ഇടപാടുകള്‍ 862 ദശലക്ഷമായി ഇടിയുകയായിരുന്നു.

 

 

Latest