Connect with us

Business

ആദായ നികുതി നിയമം പൊളിച്ചെഴുതുന്നു; കരട് തയ്യാറാക്കാന്‍ സമിതി രൂപവത്കരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പരിഷ്‌കരണം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്നു. നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും പിന്നാലെ 1961ലെ ആദായ നികുതി നിയമം പൊളിച്ചെഴുതാന്‍ കേന്ദ്രം ശ്രമം തുടങ്ങി. ഇതിനായി നികുതി വിദഗ്ധരുടെ കര്‍മസേനക്കും രൂപം നല്‍കിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ട്വിറ്ററില്‍ അറിയിച്ചു.

പ്രമുഖ നികുതി വിദഗ്ധന്‍ അര്‍ബിന്ദ് മോദിയുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയെയാണ് നികുതി പരിഷ്‌കരണം പഠിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഗിരീഷ് അഹുജ, രാജീവ് മേമാനി, അഡ്വ. മുകേഷ് പട്ടേല്‍, മന്‍സി കേദിയ, ജി സി ശ്രീവാസ്തവ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍. ആറ് മാസത്തിനുള്ളില്‍ കരട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയത്.

പ്രത്യക്ഷ നികുതി നിയമം ലളിതവത്കരിക്കുകയാണ് ലക്ഷ്യം. ബിജെപി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റിന് മുമ്പായി പുതിയ ടാക്‌സ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനും ആലോചനയുണ്ട്.

Latest