Connect with us

Editorial

മാധ്യമങ്ങളോടുള്ള സമീപനം

Published

|

Last Updated

സെക്രട്ടേറിയറ്റില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി വിവാദമായിരിക്കയാണ്. ഫോണ്‍കെണി കേസില്‍ ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ചിത്രീകരിക്കാന്‍ ചെന്ന മാധ്യമ പ്രവര്‍ത്തകരെയാണ് കന്റോണ്‍മെന്റ് ഗേറ്റില്‍ തടഞ്ഞത്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം പൊതു താത്പര്യമുള്ള പരിപാടിയല്ലാത്തതിനാല്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നുവെന്നാണ് വിശദീകരണം. പത്രപ്രവര്‍ത്തക യൂനിയന്‍ അഭിപ്രായപ്പെട്ടത് പോലെ കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതും ജനാധിപത്യത്തിന് നിരക്കാത്തതുമായ നടപടിയായിപ്പോയി ഇത്.

പിണറായി വിജയന്‍ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നുവെന്നും മാധ്യമ പ്രവര്‍ത്തകരോട് അകലം പാലിക്കാന്‍ ശ്രമിക്കുന്നുവെന്നുമുള്ള പരാതി നേരത്തേയുള്ളതാണ്. അധികാരത്തില്‍ എത്തിയത് മുതല്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രിയുടെ സമീപനം അത്ര ആശാവഹമായിരുന്നില്ല എന്ന് വിമര്‍ശനമുണ്ട്. മന്ത്രിസഭാ യോഗാനന്തരമുള്ള മാധ്യമ ബ്രീഫിംഗ് ഒഴിവാക്കി പത്രകുറിപ്പിലേക്ക് മാറിയത് മുതല്‍ തുടങ്ങുന്നു മാധ്യമങ്ങളെ അകറ്റിയുള്ള നടപടി. പിന്നീട് മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമമനുസരിച്ച് വെളിപ്പെടുത്താനാവില്ലെന്ന നിലപാട് സ്വീകരിച്ചു. തിരുവനന്തപുരത്ത് സി പി എം- ബി ജെ പി, ആര്‍ എസ് എസ് നേതാക്കളുമായി നടത്താനിരുന്ന സമാധാന ചര്‍ച്ചക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് പുറത്തു കടക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയുമുണ്ടായി.

ജനാധിപത്യത്തില്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കുമിടയിലെ കണ്ണിയാണ് മാധ്യമങ്ങള്‍. അതിലൂടെയാണ് ജനങ്ങളും സര്‍ക്കാറും ഓരോ ചലനവും മനസ്സിലാക്കുന്നതും അതിനനുസൃതമായി നിലപാടുകളും നടപടികളും സ്വീകരിക്കാന്‍ കഴിയുന്നതും. അതുകൊണ്ട് ഭരണാധികാരികള്‍ മാധ്യമ പ്രവര്‍ത്തകരുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടതും ഭരണപരമായ കാര്യങ്ങള്‍ പരമാവധി വെളിപ്പെടുത്തേണ്ടതുമാണ്. രാജസ്ഥാനില്‍ ബി ജെ പി സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കരിനിയമങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഇടതുകക്ഷികള്‍ അതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതാണ്. അഴിമതി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും അനുമതി ലഭിക്കുന്നതുവരെ കുറ്റാരോപിതരായവരുടെ ചിത്രമോ വിലാസമോ കുടുംബങ്ങളുടെ വിവരങ്ങളോ ആളിന്റെ തിരിച്ചറിയല്‍ രേഖകളോ വെളിവാക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കരുതെന്നുമായിരുന്നു മുഖ്യമന്ത്രി വസുന്ധര രാജയുടെ നിര്‍ദേശം. ഇത്ര കഠിനമല്ലെങ്കിലും ഒഴിവാക്കേണ്ട ഒന്നല്ലേ സെക്രട്ടേറിയറ്റില്‍ പ്രവേശിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് എര്‍പ്പെടുത്തിയ വിലക്കും. പൊതുതാത്പര്യമുള്ളതല്ലാത്തതു കൊണ്ടാണ് വിലക്കെങ്കില്‍ സോളാര്‍ റിപ്പോര്‍ട്ട് സമര്‍പ്പണ വേളയില്‍ എന്തിനായിരുന്നു മാധ്യമങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കിയതെന്ന ചോദ്യം അവശേഷിക്കുന്നു.

ഇതൊക്കെയാണെങ്കിലും ഇങ്ങനെയൊരു സമീപനത്തിലേക്ക് അധികാരികളെ എത്തിച്ചത് എന്ത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും ആലോചിക്കാവുന്നതാണ്. ഇന്നലെ മുഖ്യമന്ത്രി നടത്തിയ വിശദീകരണം കേട്ടാല്‍ മാധ്യമ പ്രവര്‍ത്തകരും സമീപനത്തില്‍ മാറ്റം വരുത്തണമെന്ന് തോന്നിപ്പോകും.

ഭരണാധികാരികളില്‍ ഏകാധിപത്യ മനഃസ്ഥിതിക്കാരാണ് സാധാരണ ഗതിയില്‍ മാധ്യമങ്ങളോട് വിരോധം പുലര്‍ത്തുന്നത്. മന്‍മോഹന്‍ സിംഗും മുന്‍ പ്രധാനമന്ത്രിമാരും വിദേശത്ത് പോകുമ്പോള്‍ മാധ്യമപ്രതിനിധികളെ കൂടെ കൊണ്ടുപോകാറുണ്ടായിരുന്നു. നരേന്ദ്ര മോദി അത് വേണ്ടെന്നു വെച്ചു. പ്രധാനമന്ത്രി യുടെ മാധ്യമ ഉപദേഷ്ടാവ് എന്ന തസ്തിക പോലും അദ്ദേഹം ഉപേക്ഷിച്ചു. മുഖസ്തുതി പാടുകയും സൗമ്യമായ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ അദ്ദേഹം അഭിമുഖം അനുവദിക്കാറുള്ളൂ. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തിന് ശേഷമാണ് മോദി മാധ്യമ പ്രവര്‍ത്തകര്‍ക്കിടിയല്‍ ഈ വേര്‍തിരിവ് കാണിച്ചു തുടങ്ങിയത്. ഗുജറാത്ത് വംശഹത്യ സംബന്ധിച്ചുള്ള കരണ്‍ ഥാപ്പറുടെ ചോദ്യത്തിന് മുമ്പില്‍ ഉത്തരം പറയാനാവാതെ മോദി ഇറങ്ങിപ്പോവുകയാണുണ്ടായത്. എന്നാല്‍, മാധ്യമ വിരോധിയാണെന്നതിനൊപ്പം മോദിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനവും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വാസമില്ലാത്തവരാണെന്ന് ആക്ഷേപിക്കപ്പെടുന്നവരാണ്. ഇടതു പ്രസ്ഥാനങ്ങളുടെ സ്ഥിതി അതല്ലല്ലോ. അനിഷ്ടകരമായ വാര്‍ത്തകളോട് ജനാധിപത്യപരമായി വിയോജിക്കുന്നതിന് പകരം മാധ്യമ പ്രവര്‍ത്തകരെ തടയുകയും മാറ്റിനിര്‍ത്തുകയും ചെയ്യുന്ന രീതി അഭികാമ്യമല്ല. സ്വതന്ത്രമായ മാധ്യമങ്ങള്‍ ഇല്ലെങ്കില്‍ ജനാധിപത്യത്തിന് ആത്മാവില്ലെന്ന കാര്യം വിസ്മരിക്കാവതല്ല. അപ്പോഴും തിരുത്തേണ്ട കാര്യങ്ങളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരും ശ്രദ്ധിക്കേണ്ടതുണ്ട്. വിശേഷാധികാരമുള്ളവരാണെന്ന നിലയില്‍ അപക്വ സമീപനങ്ങള്‍ അവരും ഒഴിവാക്കേണ്ടതുണ്ട്.

Latest