ചാനല്‍ അജന്‍ഡകള്‍ സൃഷ്ടിക്കുന്ന വ്യാജ കേരളം

ആദ്യത്തെ ഒരു ചോദ്യത്തോടെ അവതാരകന്‍ ആര്‍ക്കു വേണ്ടി 'നാവുന്തുന്നു' എന്ന് ഒരു മാതിരിപ്പെട്ടവര്‍ക്കൊക്കെ ബോധ്യപ്പെടും. ഏതു ചാനലിനും അതിന്റെ മാനേജ്‌മെന്റുകളുടെ ഒരു രാഷ്ട്രീയ, സാംസ്‌കാരിക ലൈന്‍ കാണും. ആ അജന്‍ഡ ആദ്യമേ പ്രതിഫലിക്കുന്നതോടെ ചര്‍ച്ചയുടെ ഗതി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. വ്യത്യസ്ത പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ചാനല്‍ സ്റ്റുഡിയോകളില്‍ ചമഞ്ഞിരിക്കുന്നവരില്‍ നിന്നും ഫോണ്‍ മുഖേന പുറത്ത് യാത്രകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നും ആദ്യത്തെ മറുപടി വരുന്നതോടെ അവരും എവിടെ നില്‍ക്കുന്നുവെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാവും. പിന്നീടുള്ള വാചകക്കസര്‍ത്തുകളൊക്കെ പൈങ്കിളി സീരിയല്‍ നീട്ടിക്കൊണ്ടു പോകും പോലെയുള്ള വ്യര്‍ഥമായ വ്യായാമങ്ങള്‍ മാത്രമായി കലാശിക്കാറാണ് പതിവ്. ഉത്തരം മുട്ടുമ്പോഴും പ്രകോപിതമാവുമ്പോഴും പെട്ടെന്ന് വിഷയത്തില്‍ നിന്നുള്ള തെന്നിമാറ്റം ഈ ചര്‍ച്ചാ പ്രഹസന ങ്ങളിലും കാണാം.
Posted on: November 23, 2017 9:25 am | Last updated: November 23, 2017 at 11:31 am

മാധ്യമങ്ങള്‍ മലയാളിയെ സ്വാധീനിക്കും പോലെ ഇതര സംസ്ഥാനക്കാരെ സ്വാധീനിക്കുന്നുണ്ടാവില്ല. അതുകൊണ്ട് തന്നെ ടി വി സ്‌ക്രീനുകളില്‍ നിറഞ്ഞു നില്‍ക്കുന്നതില്‍ ഒരു തരം ആത്മഹര്‍ഷം തന്നെയുള്ളവരാണ് മലയാളത്തിലെ നേതാക്കളുടെ ഗണത്തില്‍ പെടുന്നവരേറെയും. രാഷ്ട്രീയക്കാരില്‍ മാത്രമല്ല കലാ, സാഹിത്യ, സംസ്‌കാരിക മേഖലകളിലെല്ലാം ഇത് ഒരു പകര്‍ച്ച പോലെ പടര്‍ന്നുപിടിക്കുന്നുമുണ്ട്. അതിന് പ്രധാന കാരണം ഉറങ്ങാതിരിക്കുന്ന ഏതാണ്ട് ഒരു ഡസനിലേറെ വാര്‍ത്താ ചാനലുകള്‍; അവരുടെ കണ്ണ് തുറന്നു വെച്ചിരിക്കുന്നത് മലയാളികളുടെ അന്തിച്ചര്‍ച്ചകളില്‍ ഹരം പിടിച്ചിരിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരിലേക്കാണെന്നതാണ്. കണ്ണീര്‍ സീരിയലുകളില്‍ കണ്ണും മനസ്സും നട്ടിരിക്കുന്ന നല്ലൊരു ശതമാനം വീട്ടമ്മമാര്‍ പോലും അവരുടെ ഇടവേളകളില്‍ റിമോട്ട് ചലിപ്പിക്കുന്നത് ഈ അന്തിച്ചര്‍ച്ചകളുടെ വാക്‌പോരുകളിലേക്കായിരിക്കും. അതിനൊരു പ്രത്യേക കാരണവുമുണ്ട്. അറ്റമില്ലാതെ നീണ്ടുപോകുന്ന കുത്തുവാക്കുകളിലും പരസ്പരം പോര്‍വിളികളിലും സൂപ്പര്‍ പാരവെപ്പുകളിലും അഭിരമിച്ച് സീരിയലുകള്‍ സമ്മാനിക്കുന്ന ഒരു തരം തരംതാണ ആസ്വാദന ലഹരിയുണ്ടല്ലോ, അതിന്റെ മറ്റൊരു രാഷ്ട്രീയ സാംസ്‌കാരിക പതിപ്പായി അന്തിച്ചര്‍ച്ചകളും മാറുന്നു എന്നതാണ്. ഏതാണ്ട് രണ്ടും ഒരേ തരം അനുഭൂതികള്‍ സമ്മാനിക്കുന്നു.

സീരിയലുകള്‍ കൊഴുക്കണമെങ്കില്‍ അതില്‍ അന്യന്റെ ദുഃഖവും പതനവും ആവോളം നിറഞ്ഞുനില്‍ക്കണം. തന്നെയുമല്ല അത് പെട്ടെന്നൊന്നും തീര്‍ന്നു പോകാനും പാടില്ല. തീരുന്നു എന്നു തോന്നുമ്പോള്‍ അത് യുക്തിസഹമല്ലാത്ത കാരണങ്ങള്‍ കൊണ്ടാണെങ്കിലും പെട്ടെന്ന് ദിശമാറി വേറൊരു അപ്രസക്തമായ വിഷയത്തിലേക്ക് കടക്കണം. ഏതാണ്ട് അതേ ദൗത്യം തന്നെയാണ് ടെലിവിഷന്‍ ചര്‍ച്ചകള്‍ എന്ന പേരില്‍ വാചാലത വേണ്ടുവോളമുള്ള അവതാരകരും ചര്‍ച്ചക്ക് സ്ഥിരം നിയോഗിക്കപ്പെട്ടിരിക്കുന്നവരും അനുവര്‍ത്തിക്കുന്നത്.

ആദ്യത്തെ ഒരു ചോദ്യത്തോടെ അവതാരകന്‍/ അവതാരിക ആര്‍ക്കു വേണ്ടി പേനക്കു പകരം നാവുന്തുന്നു എന്ന് ഒരു മാതിരിപ്പെട്ടവര്‍ക്കൊക്കെ ബോധ്യപ്പെടും. എന്നു വെച്ചാല്‍ മനോരമ, മാതൃഭൂമി, കൈരളി പീപ്പിള്‍, ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18 …. തുടങ്ങി ഏതു ചാനലിനും അതിന്റെ മാനേജ്‌മെന്റുകളുടെ ഒരു രാഷ്ട്രീയ, സാംസ്‌കാരിക ലൈന്‍ കാണും. ആ അജന്‍ഡ ആദ്യമേ വ്യക്തമായി പ്രതിഫലിക്കുന്നതോടെ ചര്‍ച്ചയുടെ ഗതി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. വ്യത്യസ്ത പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ചാനല്‍ സ്റ്റുഡിയോകളില്‍ ചമഞ്ഞിരിക്കുന്നവരില്‍ നിന്നും ഫോണ്‍ മുഖേന പുറത്ത് യാത്രകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നും ആദ്യത്തെ മറുപടി വരുന്നതോടെ അവരും എവിടെ നില്‍ക്കുന്നുവെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാവും. പിന്നീടുള്ള വാചകക്കസര്‍ത്തുകളൊക്കെ പൈങ്കിളി സീരിയല്‍ നീട്ടിക്കൊണ്ടു പോകും പോലെയുള്ള വ്യര്‍ഥമായ അധര വ്യായാമങ്ങള്‍ മാത്രമായി കലാശിക്കാറാണ് പതിവ്. ഉത്തരം മുട്ടുമ്പോഴും പ്രകോപിതമാവുമ്പോഴും പെട്ടെന്ന് വിഷയത്തില്‍ നിന്നുള്ള തെന്നിമാറ്റം ഈ ചര്‍ച്ചാ പ്രഹസനങ്ങളിലും കാണാം.

ആഘോഷിക്കാവുന്ന ചില വിഷയങ്ങള്‍ കിട്ടുന്ന സമയത്താവും അതിന്റെ ആഘോഷത്തുടര്‍ച്ചയില്‍ അസ്വസ്ഥരാവുന്നവര്‍ക്ക് താത്കാലിക ആശ്വാസമെന്നോണം മറ്റു ചില വിഷയങ്ങള്‍ ഇവര്‍ക്കു വീണു കിട്ടുക. ആ തരത്തില്‍പ്പെട്ട ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണമായിരുന്നു ഉമ്മന്‍ ചാണ്ടിക്കേറ്റ സരിതാ പ്രഹരത്തില്‍ നിന്നും പെട്ടെന്ന് ചര്‍ച്ചയുടെ ഗതി മാറ്റാന്‍ തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം വീണുകിട്ടിയത്. അതുപൊതുവെ ഭരണവിരുദ്ധ വികാരം കൈമുതലായുള്ള ചാനല്‍ തമ്പുരാക്കന്‍മാര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. ഒരേ സമയം ശനിദശകള്‍ പിടികൂടിയ രണ്ടു ചാണ്ടിമാരില്‍ ഒരു ചാണ്ടിക്ക് താത്കാലികാശ്വാസവും മറു ചാണ്ടിക്ക് രാഷ്ട്രീയ വനവാസവും കിട്ടാനായതില്‍ കേരളത്തിലെ മീഡിയകളുടെ അജന്‍ഡകള്‍ നന്നായി സ്വാധീനിച്ചു എന്നു കാണണം. എന്നു വെച്ച് തോമസ് ചാണ്ടി നിരപരാധി ആയിരുന്നു എന്നല്ല അര്‍ഥമാക്കുന്നത്. അത് കോടതിയുടെ അന്തിമ വിധിയോടെയേ വ്യക്തമാവൂ. മാധ്യമ വിചാരണകളില്‍ നിന്ന് താത്കാലികാശ്വാസം നേടിയിരിക്കുന്ന മറ്റേ ചാണ്ടിയുടെ കാര്യത്തിലും ഇതേ മാനദണ്ഡം തന്നെയാണ് വേണ്ടത്. മറ്റു പല സമയത്തും ഒന്ന് കത്തി നില്‍ക്കുമ്പോള്‍ മറ്റൊന്നിലേക്ക് ‘ഡൈവര്‍ട്ട്’ ചെയ്ത് കാര്യങ്ങള്‍ മാറിമറിഞ്ഞ സാഹചര്യം ഉണ്ടായിട്ടുണ്ട്.

മലയാളി മനസ്സിനെ വല്ലാതെ സ്വാധീനിക്കാന്‍ അതും അയഥാര്‍ഥമായ തലത്തില്‍ തളച്ചിട്ട് മനസ്സുകളെ വഴിതെറ്റിക്കാന്‍ ചാനല്‍ കാലത്തിനാവുന്നു. ശക്തമായ രാഷ്ട്രീയ അടിത്തറയും കേഡര്‍ പ്രവര്‍ത്തന പരിചയ പാരമ്പര്യവുമുള്ള പാര്‍ട്ടികള്‍ക്കു പോലും ഇതിനെയൊന്നും എളുപ്പത്തില്‍ അതിജീവിക്കാനാവുന്നില്ല. എന്തിന് കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനും ഇവിടെ ഗ്രസിച്ചിരിക്കുന്ന അഴിമതികള്‍ക്കും എതിരെയൊക്കെ ശബ്ദിക്കാനും പ്രവര്‍ത്തിക്കാനും സി ആര്‍ നീലകണ്ഠനെപ്പോലുള്ള ചില ഒറ്റയാന്‍മാര്‍ മാത്രമേയുള്ളൂവെന്ന ഒരു വ്യാജ പ്രതീതി ഇതു മൂലം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. അതുപോലെ അഡ്വ. ജയശങ്കറിനെപ്പോലുള്ള ഒരാളില്‍ അമിതമായ പിണറായി/സി പി എം വിരോധം മൂലം അദ്ദേഹത്തിന്റെ ബി ജെ പിയോടുള്ള മൃദുല സമീപനം പോലും ശ്രദ്ധിക്കപ്പെടാതെപോകുന്നു. ഇത്തരത്തില്‍ പെട്ട ചില ചാനല്‍ ചര്‍ച്ചാ ജീവികളെ പലപ്പോഴും നയിക്കുന്നത് യഥാര്‍ഥ വികസന പദ്ധതികളോ അഴിമതി വിരുദ്ധ പോരാട്ടങ്ങളോ ഒന്നുമാവില്ല. ചുരുങ്ങിയ പക്ഷം ഇത്തരക്കാരായ നിഷ്പക്ഷ നാട്യവുമായി വരുന്നവരെ ഒരു പിണറായി വിരുദ്ധതയെന്ന മാനിയ വല്ലാതെ പിടികൂടുന്നതായി സൂക്ഷ്മ വിശകലനത്തില്‍ കാണാം.

ഉദാഹരണത്തിന് ജനവാസ കേന്ദ്രത്തിലൂടെ ഡല്‍ഹിയില്‍ ഗെയില്‍ വാതക പൈപ്പുകള്‍ പോകാമെന്നുണ്ടെങ്കില്‍ കേരളത്തില്‍ പിണറായി ഭരിക്കുന്നത് കൊണ്ടുമാത്രം അതായിക്കൂടാ എന്ന ശാഠ്യം സി ആര്‍ നെപ്പോലുള്ളവര്‍ വെച്ചു പുലര്‍ത്തുന്നുവെന്നുതന്നെ വിലയിരുത്തേണ്ടി വരും. പിണറായി വിജയന്‍ എന്ന നേതാവില്‍ നിന്ന് ഒരിക്കലും ഒരു ശരി പ്രതീക്ഷിക്കേണ്ടെന്ന് സ്ഥാപിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഈ ഗണത്തില്‍ പെടുന്ന ചില ചര്‍ച്ചാ ഫെയിമുകള്‍ ഉമ്മന്‍ ചാണ്ടിയോടും തോമസ് ചാണ്ടിക്ക് കായല്‍ കൈയേറ്റത്തിന് ഒത്താശ ചെയ്ത യു ഡി എഫിനോടും പിണറായിയോടുള്ള ശത്രുത പ്രകടിപ്പിക്കുന്നില്ല എന്ന ഇരട്ടത്താപ്പ് തന്നെയാണ് ഇവരുടെയൊക്കെ ഉദ്ദേശ്യ ശുദ്ധിയെ ന്യായമായും സംശയിക്കാന്‍ ഇടവരുത്തുന്നത്. ഇങ്ങനെ അസംഖ്യം കാരണങ്ങളാല്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തനം രഹസ്യ അജന്‍ഡകളാല്‍ നിയന്ത്രിക്കപ്പെടുന്ന ചാനല്‍ മുതലാളിമാര്‍ക്കു വേണ്ടിയുള്ള പട നയിക്കല്‍ മാത്രമാണെന്നത് കാണാതിരുന്നുകൂടാ. ഇതൊക്കെ തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കാന്‍ ബാധ്യതപ്പെട്ട പ്രസ്ഥാനങ്ങള്‍ക്കും ചില അപചയങ്ങള്‍ വന്നു പെടുന്നു എന്നതിനാലാവാം ഈ ചാനല്‍ അജന്‍ഡകളെ പ്രതിരോധിക്കാന്‍ കഴിയാതെ പോകുന്നത്.

വ്യാജ വികസന തീവ്രവാദവും മതവര്‍ഗീയതകള്‍ക്ക് വളമൂട്ടുന്ന വ്യാജ ജനപക്ഷ രാഷ്ട്രീയവും ഇവിടെ ഹൈലൈറ്റ് ചെയ്യപ്പെടുമ്പോള്‍ അതിനെ ചെറുക്കാനും ജനോപകാര പ്രദമായ പരിപാടികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു പോകാനും ഇടതുപക്ഷത്തിനാവുമ്പോള്‍ മാത്രമേ മാധ്യമങ്ങള്‍ നിഷ്പക്ഷത നടിച്ച് വലതുപക്ഷ അജന്‍ഡകള്‍ പുനഃപ്രതിഷ്ഠിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കാനാവൂ.