പി എം അശ്‌റഫ് ആസ്വാദകഹൃദയങ്ങളില്‍ കുളിര്‍മഴ പെയ്യിച്ച മാപ്പിളപ്പാട്ട് രചയിതാവ്

    Posted on: November 23, 2017 10:24 pm | Last updated: November 22, 2017 at 10:30 pm
    SHARE

    കാസര്‍കോട്: ഇന്നലെ അന്തരിച്ച നായന്മാര്‍മൂലയിലെ പി എം അശ്‌റഫ് മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഹൃദയങ്ങളില്‍ കുളിര്‍മഴ പെയ്യിച്ച ഗാനരചയിതാവ്. ആയിരത്തിലധികം മാപ്പിള ഗാനങ്ങള്‍ രചിച്ച അശ്‌റഫ് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുവേണ്ടി വേണ്ടിയും തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ എഴുതിയ എളിമയുള്ള കലാകാരനായിരുന്നു.
    നിമിഷ നേരം കൊണ്ട് പാട്ടുകള്‍ എഴുതുന്നതില്‍ അസാമാന്യമായ കഴിവായിരുന്നു അശ്‌റഫിന്. കേരളക്കരയാകെ താരാട്ടുപാട്ടുകള്‍ കൊണ്ട് വിസ്മയം കൊള്ളിച്ച അശ്‌റഫ്് നിരവധി തെരഞ്ഞെടുപ്പ് പ്രചരണ ഗാനങ്ങളും ഉറൂസ് ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പാട്ട് എഴുതിയത് മാലിക് ദീനാര്‍ ഉറൂസിനു വേണ്ടിയാണ്. ദീനാറില്‍ ഇരുന്നു ഞാന്‍ കരഞ്ഞു… എന്ന ഗാനമാണ് ഉറൂസിനു വേണ്ടി അശ്‌റഫ് രചിച്ചത്. ഈ പാട്ട് ഏറെ ജന ശ്രദ്ധ നേടുകയും ചെയ്തിരുന്നു.കര്‍ണാടക, തമിഴ്‌നാട്,ഹിന്ദി,അറബി ഭാഷകളിലും അശ്‌റഫിന്റെ പാട്ടുകള്‍ ഹിറ്റായിരുന്നു. ഏറെ ശ്രദ്ധേയമായ മക്കാ മദീന എന്നു തുടങ്ങുന്ന ഗാനമാണ് അശ്‌റഫിനെ ഈ രംഗത്ത് പ്രശസ്തനാക്കിയത്. തായ്‌നേരി അശ്‌റഫ് ആണ് ഈ പാട്ടിന് ഈണം നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിണറായിക്കു വേണ്ടി തിരഞ്ഞെടുപ്പ് ഗാനമെഴുതാന്‍ തലശ്ശേരിയിലേക്ക് വിളിപ്പിച്ച അശ്‌റഫ് ഒരു മണിക്കൂര്‍ കൊണ്ട് ഗാനമെഴുതിക്കൊടുത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഉപഹാരങ്ങളും മറ്റും നല്‍കി തലശ്ശേരിയില്‍ വെച്ച് ആദരിച്ചിരുന്നു.

    ഹൃദയവാള്‍വിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരിക്കുമ്പോള്‍ പോലും ഗാനരചനയില്‍ അശ്‌റഫ് മുഴുകിയിരുന്നു. രചനയോടൊപ്പം മാപ്പിളപ്പാട്ട് ആലാപനത്തിനും ഇദ്ദേഹം കഴിവുതെളിയിച്ചിരുന്നു. നാടകങ്ങള്‍ക്കു വേണ്ടിയും അശ്‌റഫ് ഗാനങ്ങളെഴുതിയിട്ടുണ്ട്. പെരുന്നാള്‍ സമ്മാനമെന്ന ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ രണ്ടാം ഭാഗം തയ്യാറായിട്ടുണ്ടെങ്കിലും പുറത്തിറങ്ങിയിട്ടില്ല.