വേമോം നെല്ലറ വിളവെടുപ്പിന് തായ്യാറായി : പ്രതീക്ഷയോടെ കര്‍ഷകര്‍

Posted on: November 22, 2017 11:10 pm | Last updated: November 22, 2017 at 11:10 pm

മാനന്തവാടി: കാലവര്‍ഷം ശക്തമായി പെയ്യേണ്ട ജൂണ്‍ മാസത്തിലും ജൂലൈ മാസങ്ങളിലും വേണ്ടത്ര മഴ ലഭിക്കാതെ ജില്ലയിലെ നെല്‍കൃഷിയേയും കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയ വര്‍ഷമായിരുന്നു ഈ വര്‍ഷം.

പ്രവചനങ്ങള്‍ തെറ്റിച്ച് ഇത്തവണയും മഴമാറി നിന്നതാണ് നെല്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. വിത്ത് വിതയ്‌ക്കേണ്ട സമയത്ത് ജില്ലയില്‍ ആവശ്യത്തിന് മഴ ലഭിച്ചതേയില്ല. വയലുകളുടെ നാടായ വയനാട്ടില്‍ ഒരിടെ നെല്‍പ്പാടങ്ങള്‍ വാഴത്തോപ്പുകള്‍ക്ക് വഴി മാറിയിരുന്നെങ്കിലും സര്‍ക്കാര്‍ സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള ലഭിക്കുന്നതിനാല്‍ ഇപ്പോള്‍ വീണ്ടും നെല്‍കൃഷി സജീവമായിക്കൊണ്ടിരികുന്ന സമയത്താണ് ഈ വര്‍ഷം ഇങ്ങനെയൊരു തിരിച്ചടി ഉണ്ടായത്. നെല്‍കൃഷിയെപ്പോലും ഇല്ലാതാക്കുന്ന രീതിയിലുള്ള കാലാവസ്ഥമാറ്റത്തില്‍ ഏറെ ആശങ്കയോടെയാണ് കര്‍ഷകര്‍ ഈ വര്‍ഷം നെല്‍കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങിയത്.

എന്നാല്‍ മഴക്കുറവിനേയും തുടര്‍ന്നുണ്ടായ പ്രതിസന്ധികളേയും അതിജീവിച്ച് വേമോം പാടം കതിരണിഞ്ഞു. പരമ്പരാഗത വിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നതോടൊപ്പം ഇപ്പോള്‍ ഉദ്പാദനശേഷി കൂടുതലുള്ള വിത്തിനങ്ങള്‍ ഉപയോഗിച്ചും കൃഷിയിറക്കിയിട്ടുണ്ട്.വയനാടി്‌ന്റെ നെല്ലറ എന്നറിയപ്പെടുന്ന വേമോം പാടത്ത് 350 ഹെക്ടറിലാണ് നെല്‍കൃഷി ചെയ്യുന്നത്. ഈ വര്‍ഷം പ്രതീക്ഷിച്ച മഴ ഇല്ലാതയതോടെ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്‌പോലെ തന്നെ വേമോം പാടത്തും കൃഷി ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഉറവയായി ലഭിച്ച കുറഞ്ഞ ജലം ഉപയോഗപ്പെടുത്തിയാണ് ഈ വര്‍ഷം ഇവിടെ കൃഷിയിറക്കിയത്. പ്രതിസന്ധികള്‍ തരണ0 ചെയ്ത് കൃഷിയിറക്കിയെങ്കിലും ജില്ലയുടെ വിവിധഭാഗങ്ങളില്‍ നെല്ലിന് കുലവാട്ടം രോഗം കണ്ടെത്തിയിട്ടുണ്ട്. രോഗം കാരണം തൃശ്ശിലേരിയില്‍ പത്തേക്കറോളം കൃഷിയിലെ കതിര്‍ കൊഴിഞ്ഞു പോയിട്ടുണ്ട്. വെള്ളമുണ്ട കൃഷിഭവന്റെ കീഴിലെ കൊമ്മയാട് പാടശേഖരത്തിന്റെ കീഴിലെ പത്തേക്കറോളം വയലില്‍ മഹാമായ വിത്ത് ഉപയോഗിച്ചു കൃഷിചെയ്ത നെല്ലും ഉണങ്ങി നശിച്ചിരുന്നു. വിളവെടുക്കാന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രതിക്ഷയിലാണ് കര്‍ഷകര്‍.

 

വേമോം നെല്ലറ വിളവെടുപ്പിന് തായ്യാറായി : പ്രതീക്ഷയോടെ കര്‍ഷകര്‍