രക്താര്‍ബുദം നിര്‍ണയിക്കുന്നതിനുള്ള നൂതനരീതി ഖത്വറില്‍ വികസിപ്പിച്ചു

ദോഹ
Posted on: November 22, 2017 9:07 pm | Last updated: November 22, 2017 at 9:07 pm

രക്താര്‍ബുദ രോഗം ജനതിക തലത്തില്‍ കണ്ടെത്തുന്നതിനുള്ള നൂതന രീതി ഖത്വറില്‍ വികസിപ്പിച്ചു. വേള്‍ഡ് ഇന്നവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്ത് (വിഷ്), ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എം സി) ഗവേഷകര്‍ സംയുക്തമായാണ് ലോകത്ത് ആദ്യമായി ഈ രീതി വികസിപ്പിച്ചെതെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ദി മോള്‍കുലാര്‍ ഡയഗ്നോസ്റ്റിക് കിറ്റ് (എം ഡി എക്‌സ്) എന്ന പേരില്‍ അറിയിപ്പെടുന്ന സംവിധാനം പൂര്‍ണമായും ഖത്വറിന്റെ സാമ്പത്തിക സഹായത്തോടെ നടന്ന ഗവേഷണത്തിലൂടെയാണ് വികസിപ്പിച്ചത്. രക്താര്‍ബുദം കണ്ടെത്തുന്നതിനുള്ള അത്യാധുനിക സാങ്കേതിക രീതിയാണിത്. കാന്‍സര്‍ രോഗത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിന് ഈ കിറ്റ് സഹായിക്കും. ചികിത്സയിലിരിക്കുന്ന രോഗിയെ നിരീക്ഷണവിധേയമാക്കുന്നതിനും ഇത് ഏറെ സഹായകമാണ്. രക്താര്‍ബുദം ഗള്‍ഫ് മേഖലയില്‍ സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ പുതിയ കണ്ടുപിടുത്തം ആരോഗ്യ മേഖലയില്‍ വലിയ ചുവടുവെപ്പായാണ് വിശേഷിപ്പിക്കുന്നത്.
എം ഡി എക്‌സ് മൂലരൂപം ഡോ. നാദിര്‍ അല്‍ ദീവിക് ആണ് ഖത്വര്‍ മെഡിക്കല്‍ ജനിറ്റിക്ക് സെന്ററില്‍ വികസിപ്പിച്ചത്. വിഷ് റിസര്‍ച്ച് ആന്‍ഡ് പോളിസി ഡയറക്ടര്‍ ഡോ. വലീദ് ഖറന്‍ഫ്‌ളേയുടെ സഹായവുമുണ്ടായി. ഖത്വര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കിന്റെ ആക്‌സിലേറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള ധനസഹായം ഉപയോഗിച്ചുള്ള അപ്ലൈഡ് ബയോ മെഡിസിന്‍ ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഗവേഷണം. രാജ്യത്തെ ആരോഗ്യ സേവന മേഖലയില്‍ നൂതന ആശയങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണിത്. ഗള്‍ഫ് മേഖലിയെ ജനങ്ങള്‍ക്കു വേണ്ടിയാണ് കിറ്റിന്റെ വികസനം നടത്തിയിരിക്കുന്നത്. കാന്‍സര്‍ ചികിത്സാ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഇതു വഴിയൊരുക്കും.

ജിനോമിക് മെഡിസിന്‍ ഇന്നവേഷന്‍സ്: ട്രെന്‍ഡ്‌സ് ഷേപിംഗ് ദി ഫ്യൂച്ചര്‍ ഓഫ് ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ബിയോന്‍ഡ് എന്ന തലക്കെട്ടില്‍ വിഷ്, എച്ച് എം സി ഗവേഷകരുടെ ഇന്റര്‍ നാഷനല്‍ ജേണല്‍ ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ചില്‍ ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിലാണ് പുതിയ കണ്ടുപിടുത്തം സംബന്ധിച്ച് വിശദീകരിക്കുന്നത്. രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഫിസിഷ്യന്‍മാര്‍ക്ക് തങ്ങളുടെ രോഗികളെ പരിചരിക്കുന്നതിനും ചികിത്സാ തീരുമാനങ്ങളെടുക്കാനും എം ഡി എക്‌സ് കിറ്റ് ഏറെ ഗുണം ചെയ്യുമെന്ന് ഡോ. വലീദ് പറഞ്ഞു. ആരോഗ്യമേഖലക്ക് സാമ്പത്തികവും സൗകര്യപ്രദവുമായ പിന്തുണകൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. ഖത്വറിനെ അംഗീകൃത ലബോറട്ടറി ടെസ്റ്റിംഗ് കേന്ദ്രമാക്കി മാറ്റുന്നതിനും കിറ്റ് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.