Connect with us

Gulf

മേഖല ഇരുണ്ട യുഗത്തിലേക്കെന്ന് ഖത്വര്‍ വിദേശകാര്യ മന്ത്രി

Published

|

Last Updated

ദോഹ: അയല്‍ രാജ്യങ്ങളുടെ നാടകങ്ങളും കലഹമോഹങ്ങളും തുടരുന്നത് മിഡില്‍ ഈസ്റ്റിനെ ഇരുണ്ട യുഗത്തിലേക്കു നയിക്കുകയാണെന്ന് ഖത്വര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനിയുടെ മുന്നറിയിപ്പ്. അധികാരത്തിന്റെ ഗുരതരമായ കളികളാണ് അയല്‍ സഖ്യം നടത്തുന്നത്. നിരുത്തരവാദപരമായ കളികളിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ പൗരന്‍മാരുടെ ജീവിതം കൊണ്ടാണ് അവര്‍ രാഷ്ട്രീയ ചൂതാട്ടം നടത്തുന്നത്. വാഷിംഗ്ടണ്‍ ഡി സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്കായ സെന്റര്‍ ഫോര്‍ ദി നാഷനല്‍ ഇന്ററസ്റ്റില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഖത്വര്‍ നേരിടുന്ന ഉപരോധ പ്രതിസന്ധി സംബന്ധിച്ച് സ്റ്റേറ്റ് സെക്രട്ടറി റക്‌സ് ടില്ലേഴ്‌സന്‍ ഉള്‍പ്പെടെ ട്രംപ് ഭരണകൂടത്തിലെ വിവിദ വിഭാഗങ്ങളുമായി സംഭാഷണത്തിനായാണ് അദ്ദേഹം വാഷിംഗ്ടണില്‍ എത്തിയത്. പേരെടുത്തു പറഞ്ഞില്ലെങ്കിലും ഖത്വറിനുമേല്‍ ഉപരോധം തുടരുന്ന സഊദി നേതൃത്വത്തിലുള്ള നാല്‍വര്‍രാജ്യങ്ങളെ ലക്ഷ്യം വെച്ചാണ് ശൈഖ് മുഹമ്മദിന്റെ പരാമര്‍ശങ്ങളെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദത്തെ പിന്തുണക്കുന്നുവെന്നാരോപിച്ച് ഈ വര്‍ഷം ജൂണിലാണ് സഊദി സഖ്യം ഖത്വറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്.

മേഖലയുടെ സ്ഥിരതയെയും സുരക്ഷിതത്വത്തെയും നശിപ്പിക്കുകയാണ് അവര്‍. ഖത്വര്‍, യമന്‍, സോമാലിയ, ലിബിയ, ലബനോന്‍ തുടങ്ങിയ ചെറിയ രാജ്യങ്ങളെ കീഴിലാക്കാനാണ് സഊദി ശ്രമിക്കുന്നത്. എന്റെ മേഖലയില്‍നിന്നും വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചു നോക്കൂ, മുഴുനീള നാടകങ്ങളും കലഹങ്ങളുമാണ് ലോകത്തിനു കാണാനാകുക. മനസ്സലവില്ലാത്ത, സഹിഷ്ണുതയില്ലാത്ത ഇരുണ്ട യുഗത്തിലെ സര്‍വാധിപത്യപരവും സമാധാനവിരുദ്ധവുമായ നിലപാടുകളാണ് കാണാനാകുന്നത്. വൈജ്ഞാനിക പ്രഭാകേന്ദ്രം, ലേകത്തേക്കു ബന്ധിപ്പിക്കുന്ന മധ്യസ്ഥാനം എന്ന നിലയില്‍ നിന്നും കുഴപ്പങ്ങളുടെ കേന്ദ്രമായി മിഡില്‍ ഈസ്റ്റ് മാറിക്കഴിഞ്ഞു. അസമാധാനത്തിന്റെയും ഭീകരതയുടെയും നാളുകളാണ് ഈ സ്ഥിതി സൃഷ്ടിച്ചത്. ദീര്‍ഘമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉയര്‍ത്തി നാല്‍വര്‍ രാജ്യങ്ങള്‍ ഖത്വറിനെ ഭീഷണിപ്പെടുത്തുകയാണ്. അധികാരം കേന്ദ്രീകരിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ചെറുരാജ്യങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ശ്രമം. ഈ ഇരുണ്ട യുഗം കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചിട്ടില്ല, എന്നാല്‍ ഇപ്പോള്‍ സംവിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഒരു നിയന്ത്രണവുമില്ലാത്ത ഭീഷണികള്‍ ഉയര്‍ത്താന്‍ അവര്‍ക്കു മടിയില്ല. വിമതശബ്ദങ്ങളെ നിശബ്ദരാക്കുക, മാനുഷികമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുക, വിനിമയ മാര്‍ഗങ്ങള്‍ അടച്ചുപൂട്ടുക, സാമ്പത്തിക വിപണിയെ അസ്ഥിരപ്പെടുത്തുക, ചെറു രാജ്യങ്ങളെ കീഴ്‌പ്പെടുത്തുക, ഭീഷണിപ്പെടുത്തി കൊള്ളയടിക്കുക, ഗവണ്‍മെന്റുകള്‍ക്ക് പരുക്കുണ്ടാക്കുക, പൗരന്‍മാരെ ഭീകരരാക്കുക, ഭരണ കര്‍ത്താക്കള്‍ക്ക് കനത്ത ആഘാതമുണ്ടാക്കുകയും ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

ലബനാന്റെ ആഭ്യന്തര വിഷയത്തിലുള്ള ബാഹ്യമായ ഇടപെടലായിരുന്നു പ്രധാനമന്ത്രി സാദ് ഹരീരിയെക്കൊണ്ട് രാജിവെപ്പിച്ചതിലൂടെ സംഭവിച്ചതെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇറാനെതിരെ മേഖലയില്‍ മറ്റൊരു ശക്തിയാകാനാണ് സഊദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

---- facebook comment plugin here -----

Latest