Connect with us

Gulf

ഫോണ്‍വിളി തട്ടിപ്പ് വീണ്ടും; മലയാളികളുടെ പണം തട്ടാനുള്ള നീക്കം പാളി

Published

|

Last Updated

വന്‍തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് ഫോണിലൂടെ വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘം വീണ്ടും സജീവമായതായി സൂചന. ഇത്തരത്തില്‍ പണം തട്ടിയെടുക്കാന്‍ കഴിഞ്ഞ ദിവസം നടന്ന ശ്രമം വിഫലമായി.
ഷാര്‍ജയില്‍ ഡ്രൈവറായി ജോലി നോക്കുന്ന മലയാൡയായ അബ്ദുല്‍ സത്താറില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമം നടന്നത്. തന്റെ ഫോണില്‍ കണ്ട മിസ്ഡ് കാള്‍ നമ്പറില്‍ തിരികെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. യു എ ഇ നമ്പറില്‍ നിന്നാണ് മിസ്ഡ് കാള്‍ വന്നത്. തിരികെ വിളിച്ചപ്പോള്‍ ഹിന്ദി സംസാരിക്കുന്ന ആളാണ് ഫോണെടുത്തത്. രണ്ട് ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നായിരുന്നുവത്രെ ഇയാള്‍ സത്താറിനെ അറിയിച്ചത്. തട്ടിപ്പാണെന്ന് മനസിലായതോടെ കൂടുതല്‍ സംസാരത്തിന് മുതിരാതെ കയര്‍ത്തതോടെ ഇയാള്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് സത്താര്‍ പറഞ്ഞു. ഇത്തരം തട്ടിപ്പുകളെ കുറിച്ച് നേരത്തെ അറിവുള്ളതിനാലാണ് പണം നഷ്ടപ്പെടാതിരുന്നതെന്ന് സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്ന സത്താര്‍ വ്യക്തമാക്കി.

ഇത്തരം തട്ടിപ്പ് ഫോണുകള്‍ നിത്യവും നിരവധി പേര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും പലരും വിശ്വസിക്കാതെ തള്ളുകയാണ്. ഇതേക്കുറിച്ചറിയാത്തവരാകട്ടെ സംഘത്തിന്റെ തട്ടിപ്പില്‍ പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ പലര്‍ക്കും നേരത്തെ പണം നഷ്ടപ്പെട്ടിരുന്നു.

പോലീസിന്റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് ഇത്തരം തട്ടിപ്പുകള്‍ ഇടക്കാലത്ത് കുറഞ്ഞിരുന്നു. പരാതികള്‍ ഏറിയതോടെയാണ് പോലീസ് ഇടപെട്ടത്. എന്നാല്‍ തട്ടിപ്പ് സംഘം വീണ്ടും സജീവമായിരിക്കുകയാണിപ്പോള്‍.

മുഖത്ത് സ്‌പ്രേ അടിച്ചും മുളക്‌പൊടി കണ്ണില്‍ വിതറിയും പണം അപഹരിക്കുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വസ്ത്രവില്‍പനക്കാരെന്ന വ്യാജേന വാഹനങ്ങളിലെത്തി പണം തട്ടിയെടുക്കുന്ന സംഭവവും നടക്കുന്നതായി പരാതിയുണ്ട്. കാല്‍നടയാത്രക്കാരുടെ സമീപത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ എത്തുന്നവരാണത്രെ പണം കവരുന്നത്. വസ്ത്രങ്ങള്‍ വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് വാഹനങ്ങളുടെ സമീപത്തേക്ക് ആളുകളെ കൊണ്ടുപോയി മുഖത്തും മറ്റും സ്‌പ്രേ അടിച്ചാണ് പണം അപഹരിക്കുന്നതെന്നാണ് പരാതി.