ധാരണയായി; പട്ടീദാര്‍ പിന്തുണ കോണ്‍ഗ്രസിന്

Posted on: November 22, 2017 1:13 pm | Last updated: November 22, 2017 at 3:47 pm
SHARE

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാട്ടീദാര്‍ സമുദായം കോണ്‍ഗ്രസിനെ പിന്തുണക്കും. പട്ടേല്‍ സംവരണസമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.

അടുത്ത രണ്ടര വര്‍ഷത്തേക്ക് ഒരു രാഷ്ട്രീയകക്ഷിയിലും അംഗമാകാനില്ല. ഒബിസി വിഭാഗത്തിന് നല്‍കുന്ന എല്ലാ അനൂകൂല്യങ്ങളും പട്ടേല്‍ സമുദായത്തിനും വേണം. ഇതുള്‍പ്പെടെ സമുദായം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍, അധികാരത്തിലെത്തിയാല്‍ പൂര്‍ണമായും നടപ്പാക്കുമെന്നും ഇക്കാര്യങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഞങ്ങളുടെ ബന്ധുക്കളൊന്നുമല്ല. ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെടും.ബിജെപി സമുദായ നേതാക്കളെ വിലയ്ക്കു വാങ്ങാന്‍ ശ്രമിക്കുകയാണെന്നും ഹാര്‍ദിക് വെളിപ്പെടുത്തി.

ആദ്യ ഘട്ട സ്ഥാനാര്‍ഥിപട്ടികയെ ചൊല്ലി കോണ്‍ഗ്രസും പ്രവര്‍ത്തകരും പട്ടീദാര്‍ അനാമത് അന്തോളന്‍ സമിതി (പിഎഎഎസ്) പ്രവര്‍ത്തകരും തമ്മിലടിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. അഞ്ച് സീറ്റുകള്‍ ആദ്യ ഘട്ടത്തില്‍ പിഎഎസിന് നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനം. എന്നാല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് പിഎഎസിന് ലഭിച്ചത്. സംഘര്‍ഷത്തോടെ, കോണ്‍ഗ്രസ്- പിഎഎഎസ് ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here