ലീഗ് ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ ആര്‍എസ്എസ് പഠന ശിബിരം: വെട്ടിലായി ലീഗ്‌

Posted on: November 22, 2017 12:35 pm | Last updated: November 22, 2017 at 12:35 pm

താനൂര്‍: ആര്‍ എസ് എസ് പഠന ശിബിരത്തിന് മുസ്‌ലിംലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂള്‍ വിട്ടുനല്‍കിയ സംഭവത്തില്‍ വെട്ടിലായി ലീഗ്. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുസ്‌ലിം ലീഗ് നേതാവായ സി പി അലവിക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള അയ്യായ എ എം യു പി സ്‌കൂളിലാണ് കൊടിഞ്ഞി ഫൈസലിന്റെ കൊലപാതകത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസം തന്നെ ആര്‍എസ് എസിന് ആയുധ പഠനശിബിരത്തിന് മുസ്‌ലിംലീഗ് സൗകര്യം ചെയ്ത് നല്‍കിയത്.
പൊതു വിദ്യാലയങ്ങള്‍ ഇത്തരം വര്‍ഗീയ സംഘടന പരിപാടികള്‍ക്ക് വിട്ടു നല്‍കരുതെന്ന ഉത്തരവ് ലംഘിച്ചാണ് ലീഗ് നേതാവ് ആര്‍ എസ് എസിന് വേണ്ടി സ്‌കൂള്‍ അനുവദിച്ചത്. ബി ജെ പി നേതാവിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം എസ് എഫും ഡി വൈ എഫ് ഐ യും സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. എം എസ് എഫ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ലീഗ് നേതൃത്വത്തെ വെട്ടിലാക്കുന്നതാണ്. എം എസ് എഫ് ദേശീയ ഉപാധ്യക്ഷന്‍ സിറാജുദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ്, മുസ്‌ലിംലീഗ് പ്രാദേശിക നേതാക്കളും സമരത്തിന് പിന്തുണയുമായെത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഒഴൂര്‍, പൊന്മുണ്ടം, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സാന്നിധ്യത്തില്‍ നാളെ മൂന്നിന് പിടിഎ കമ്മിറ്റി യോഗം ചേരും. ബിജെ പി മുന്‍ ജില്ലാ പ്രസിഡന്റ് പ്രധാനധ്യാപകനായ സ്‌കൂളില്‍ ആര്‍ എസ് എസിന്റെ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സംഭവം വിവാദമായതോടെ തെറ്റിദ്ധരിപ്പിച്ചാണ് സ്‌കൂളില്‍ ആര്‍ എസ് എസ് പഠന ശിബിരം നടത്തിയതെന്നാണ് സ്‌കൂള്‍ മാനേജറുടെ വിശദീകരണം.

ലീഗ് ഉടമസ്ഥതയിലുള്ള സ്‌കൂളില്‍
ആര്‍ എസ് എസ് പഠന ശിബിരം; വെട്ടിലായി ലീഗലീഗ് ഉടമസ്ഥതയിലുള്ള സ്‌കൂളില്‍
ആര്‍ എസ് എസ് പഠന ശിബിരം; വെട്ടിലായി ലീഗ്‌