ജിഷ്ണു കേസ്: സിബിഐ അന്വേഷണത്തെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍

Posted on: November 22, 2017 12:33 pm | Last updated: November 22, 2017 at 3:10 pm
SHARE

ന്യൂഡല്‍ഹി: ജിഷ്ണു കേസില്‍ സിബിഐ അന്വേഷണത്തെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തു. അടുത്ത മാസം അഞ്ചിനകം തീരുമാനമെടുത്ത് കോടതിയെ അറിയിക്കാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. നേരത്തെ, കേസിന്റെ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സിബിഐക്ക് വീഴ്ച പറ്റിയെന്ന് സുപ്രീം കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്ന സിബിഐ ഇന്‍സ്‌പെക്ടറുടെ വാക്ക് മുഖവിലക്കെടുത്ത് സിബിഐ ജോയിന്റ് ഡയറക്ടറാണ് കേരളത്തെ തീരുമാനം അറിയിച്ചത്. ഇത് നടപടിക്രമങ്ങളിലെ വീഴ്ചയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്ന് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബഞ്ച് പറഞ്ഞിരുന്നു.

കേസിന്റെ ബാഹുല്യം കണക്കിലെടുത്താണ് ജിഷ്ണു കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്ന നിലപാട് സിബിഐ എടുത്തത്.