Connect with us

National

ഗുജറാത്ത് ബിജെപിയില്‍ കലഹം തുടരുന്നു; ഒരു എംഎല്‍എ കൂടി പാര്‍ട്ടിവിട്ടു

Published

|

Last Updated

ഗാന്ധിനഗര്‍: നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രതിഷേധിച്ച് ഒരു എംഎല്‍എ കൂടി ബിജെപി വിട്ടു. എംഎല്‍എയും നിലവിലെ നിയമസഭയില്‍ പാര്‍ലിമെന്ററി സെക്രട്ടറിയുമായിരുന്ന ശാംജി ചൗഹാനാണ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശാംജി ചൗഹാന്റെ മണ്ഡലമായ ഛോട്ടില്‍ മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയതാണ് രാജിക്ക് കാരണം.

എന്നാല്‍, ആര് സമ്മര്‍ദം ചെലുത്തിയാലും സ്ഥാനാര്‍ഥിപട്ടികയില്‍ യാതൊരു മാറ്റവും വരുത്താനുദ്ദേശിക്കുന്നില്ലെന്ന് ദേശീയ അധ്യക്ഷന്‍ വ്യക്തമാക്കി. നേരത്തെ, മുന്‍മന്ത്രി കാഞ്ചിഭായ് പട്ടേല്‍, കോഡിനാര്‍ എംഎല്‍എ ജേതാ സോളങ്കി എന്നിവരും സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ടിരുന്നു.

അതേമയം, പട്ടീദാര്‍ വിഭാഗം ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് സംഘടനാ നേതാവ് ദിനേഷ് ബംബാനിയ അറിയിച്ചു. കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് സംഘടനാ നേതാവ് ഹര്‍ദിക് പട്ടേലിന്റെ വലംകൈയായ ദിനേഷ് ബംബാനിയ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പട്ടീദാര്‍ ആവശ്യപ്രകാരം നേരത്തെ പ്രഖ്യാപിച്ച വരച്ചാ റോഡ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഫുല്‍ തൊഗാഡിയയെ മാറ്റി പകരം ധിരുഭായ് ഗജേരയെ കോണ്‍ഗ്രസ് കൊണ്ടുവന്നിരുന്നു.

ജുനഗഥില്‍ അമിത് തുമ്മാറിന് പകരം ഭികാഭായ് ജോഷിയെയും കൊണ്ടുവന്നു. ബറൂച്ച്, കംറേജ് തുടങ്ങിയ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ മാറ്റി. ഇവിടങ്ങളില്‍ കിരണ്‍ താക്കൂര്‍, നിലേഷ് കുംഭാനി എന്നിവര്‍ക്ക് പകരം യഥാക്രമം ജയ്ഷ് പട്ടേല്‍, അശോക് ജിരവാല എന്നിവര്‍ക്ക് ടിക്കറ്റ് നല്‍കി. ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തിലാണ് പട്ടീദാറിന്റെ പിന്തുണ സംബന്ധിച്ച് തീരുമാനമായതെന്നാണ് പാര്‍ട്ടി നേതാക്കളില്‍ നിന്ന് ലഭിക്കുന്ന സൂചന.

 

Latest