Connect with us

National

യോഗി ആദിത്യനാഥിന്റെ റാലിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ ബുര്‍ഖ അഴിച്ചിപ്പിച്ചു

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിയില്‍ പങ്കെടുക്കാനെത്തിയ മുസ്‌ലിം സ്ത്രീയുടെ ബുര്‍ഖ പോലീസ് അഴിച്ചിപ്പിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സംഭവം. ബിജെപി പ്രവര്‍ത്തക കൂടിയായ സൈറ എന്ന സ്ത്രീയുടെ ബുര്‍ഖയാണ് പോലീസ് അഴിപ്പിച്ചത്. മുഖ്യമന്ത്രി വേദിയില്‍ എത്തുന്നതിന് തൊട്ടുമുമ്പ് മൂന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സദസ്സിലേക്ക് വരികയും ബുര്‍ഖ ധരിച്ചിരുന്ന സൈറയോട് അത് അഴിച്ചുമാറ്റാന്‍ അവശ്യപ്പെടുകയുമായിരുന്നു. ബുര്‍ഖ അഴിച്ചുമാറ്റി ബാഗില്‍ സൂക്ഷിച്ചെങ്കിലും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ അത് വാങ്ങി കൊണ്ടുപോകുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്.

അതേസമയം, ബുര്‍ഖ അഴിച്ചുമാറ്റിയതില്‍ പരാതിയില്ലെന്ന് സൈറ പറഞ്ഞു. കറുപ്പ് നിറത്തിലുള്ള ബുര്‍ഖയാണ് താന്‍ ധരിച്ചിരുന്നത്. കറുപ്പ് നിറത്തിന് പരിപാടി നടക്കുന്ന സ്ഥലത്ത് നിരോധനമുണ്ടായിരുന്നു. അതിനാലാണ് ബുര്‍ഖ അഴിച്ചുമാറ്റാന്‍ പോലീസ് ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു. ആരും നിര്‍ബന്ധിച്ച് ബുര്‍ഖ അഴിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി അനില്‍ കുമാര്‍ വ്യക്തമാക്കി.

മൂന്ന് ദിവസം മുമ്പ് മീററ്റില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യോഗി അദിത്യനാഥിനെ ഒരാള്‍ കരിങ്കൊടി കാണിച്ചിരുന്നു. തുടര്‍ന്ന് ചില ബിജെപി പ്രവര്‍ത്തകര്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചത് വിവാദമായിരുന്നു.

Latest