Connect with us

National

ഭിക്ഷ യാചിച്ച 85കാരി സമ്പാദിച്ചത് ലക്ഷങ്ങള്‍

Published

|

Last Updated

ബെംഗളൂരു: ഭിക്ഷ യാചിച്ച് കിട്ടിയ രണ്ടര ലക്ഷം രൂപ ക്ഷേത്രത്തിന് നല്‍കി യാചക സ്ത്രീ. മൈസൂരുവിലെ വോണ്ടിക്കോപ്പല്‍ പ്രസന്ന ആഞ്ജനേയ സ്വാമിക്ഷേത്ര നടയില്‍ ഭിക്ഷ യാചിച്ചു വന്നിരുന്ന എം വി സീതാലക്ഷ്മി എന്ന വൃദ്ധയാണ് സ്വരൂപിച്ച രണ്ടര ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത്.
വീടുകളില്‍ ജോലിയെടുത്താണ് സീതാലക്ഷ്മി ജീവിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി പ്രായാധിക്യം കാരണം ജോലിക്ക് പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ക്ഷേത്രനടക്ക് സമീപം ഭിക്ഷയെടുക്കുകയായിരുന്നു 85കാരിയായ സീതാലക്ഷ്മി.
ഇത്തരത്തില്‍ ലഭിച്ച തുകയാണ് ക്ഷേത്രത്തിന് ഇന്നലെ ക്ഷേത്ര ശ്രീകോവിലിലേക്ക് സമര്‍പ്പിച്ചത്. ഗണേശോത്സവത്തോടനുബന്ധിച്ച് 30,000 രൂപയും പിന്നീട് രണ്ട് ലക്ഷം രൂപയുമാണ് നല്‍കിയത്. ഇതുവരെയായി രണ്ടര ലക്ഷം നല്‍കിയിട്ടുണ്ട്. സംഭാവനമായി പണം കൈമാറുമ്പോള്‍ ഹനുമാന്‍ ജയന്തി ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും പ്രസാദം നല്‍കണമെന്ന ആവശ്യമാണ് അവര്‍ മുന്നോട്ട് വെച്ചത്.
ക്ഷേത്രത്തിലെ ഭക്തര്‍ തനിക്ക് ദാനം തന്ന തുകയാണിതെന്നും പണം താന്‍ സൂക്ഷിക്കുകയാണെങ്കില്‍ ആരെങ്കിലും അത് മോഷ്ടിച്ച് കൊണ്ടുപോകുമെന്നും അതിനാല്‍ തന്നെ സംരക്ഷിക്കുന്ന ക്ഷേത്രത്തിനു തുക കൈമാറുകയാണെന്നും സീതാലക്ഷ്മി പറഞ്ഞു. സഹോദരന്റെയും കുടുംബത്തിന്റെയും ഒപ്പമാണ് ഇവര്‍ നേരത്തെ താമസിച്ചു വന്നിരുന്നത്.
സീതാലക്ഷ്മി നല്‍കിയ തുക നീതിപൂര്‍വമായി ചെലവഴിക്കുമെന്നും അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുമെന്നും ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ എം ബസവരാജ് അറിയിച്ചു.