ഐഎസ്എല്‍: പൂനെയും ഡല്‍ഹിയും ഇറങ്ങുന്നു

Posted on: November 22, 2017 9:04 am | Last updated: November 22, 2017 at 9:04 am

പുനെ: ഐ എസ് എല്ലില്‍ ഇന്ന് ആതിഥേയരായ പൂനെ സിറ്റി എഫ്.സി ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഇതോടെ ഈ സീസണിലെ 10 ടീമുകളുടേയും ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകും.
ആദ്യ മത്സരം സ്വന്തം ഗ്രൗണ്ടില്‍ കളിക്കുവാന്‍ കഴിയുന്നത് ഒരു ആനുകൂല്യമല്ലെന്ന് വിശ്വസിക്കുന്ന റാങ്കോ പോപ്പോവിചാണ് പൂനെ എഫ് സിയെ സീസണില്‍ പരിശീലിപ്പിക്കുന്നത്. പുതിയ കോച്ചിന് കീഴില്‍ പുത്തന്‍ പ്രതീക്ഷകളിലാണ് പൂനെ ടീം.

50 കാരനായ പോപ്പോവിച്ച് ആദ്യമായാണ് ഇന്ത്യന്‍ ക്ലബ്ബിനെ പരിശീലിപ്പിക്കുന്നത്. സ്പാനീഷ് ക്ലബ്ബായ റയല്‍ സാരഗോസയിലായിരുന്നു അദ്ദേഹം കോച്ചിംഗ് കരിയര്‍ ആരംഭിച്ചത്. രണ്ടാം ഡിവഷന്‍ ക്ലബ്ബായ റയല്‍ സാരഗോസയെ പ്ലേ ഓഫിലേക്കു നയിക്കാന്‍ അദ്ദേഹിത്തിനു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം തായ്‌ലാണ്ടിലെ ബുരിയാം യുണൈറ്റഡ് എഫ്.സിപരിശീലിപ്പിച്ചു. തായ് കപ്പ് ബുരിയാം യൂണൈറ്റഡിനു നേടിക്കൊടുത്തത് സൈര്‍ബിയന്‍ പരിശീലകന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്നാണ്.
കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറര്‍ ആയിരുന്ന മാഴ്‌സിലീന്യോയെ ഡല്‍ഹി നിരയില്‍ നിന്നും തന്റെ പാളയത്തിലെത്തിക്കാന്‍ സെര്‍ബ് കോച്ചിന് കഴിഞ്ഞു .
മാഴിസിലീന്യോയുടെ കൂടെ മിഡ്ഫീല്‍ഡ് ജനറല്‍ കീന്‍ ലൂയിസും എമിലിയാനോ അല്‍ഫാരോയും കൂടി ചേരുമ്പോള്‍ പൂനെ സിറ്റി എഫ്.സിയില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പ്രതീക്ഷിക്കാം. കഴിഞ്ഞ സീസണില്‍ ഇരുവരും ചേര്‍ന്ന് 14 ഗോളുകളാണ് നേടിയത്.

പൂനെ സിറ്റി -ഡല്‍ഹി ഡൈനാമോസ് ഹെഡ് ടു ഹെഡ് റെക്കോര്‍ഡില്‍ മുന്‍തൂക്കം ഡല്‍ഹിക്കാണ്. മുമ്പ് കളിച്ച ആറ് മത്സരങ്ങളില്‍ പൂനെ സിറ്റി ഒരു മത്സരത്തില്‍ മാത്രമാണ് ജയിച്ചത്. ഡല്‍ഹി മൂന്നെണ്ണത്തില്‍ ജയിച്ചു. രണ്ടു മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു. 10 ഗോളുകള്‍ ഇതിനകം ഡല്‍ഹി പൂനെക്കെതിരെ നേടി. വഴങ്ങിയത് ഏഴ് ഗോളുകളും .
ആദ്യ സീസണില്‍ ഡല്‍ഹിക്കെതിരെ ഒരു ഗോളുപോലും പൂനെ സിറ്റിക്കു അടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ അതിനുശേഷം കഴിഞ്ഞ രണ്ട് സീസണുകളില്‍ ഏഴ് ഗോള്‍ നേടി. കഴിഞ്ഞ സീസണില്‍ ഏറ്റവും കുറവ് ക്ലീന്‍ഷീറ്റുകളുള്ള ടീമാണ് പൂനെ സിറ്റി, ആകെ രണ്ടെണ്ണം.
സാക്ഷാല്‍ റയല്‍ മാഡ്രീഡിന്റെ ബി ടീമിനെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുമായാണ് മിഗുവേല്‍ വരുന്നത്. ടീമില്‍ അടിമുടി മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. നൈജീരിയന്‍ താരം കാലു ഉച്ചെ ആയിരിക്കും ആക്രമണനിരയുടെ കുന്തമുന. നെതര്‍ലാണ്ടില്‍ നിന്നുള്ള ഗയോണ്‍ ഫെര്‍ണാണ്ടസും ഉച്ചെയോടൊപ്പം മുന്‍ നിരയിലുണ്ടാകും.