ഞാന്‍ അയക്കപ്പെട്ടു, ലോകത്തിന് അനുഗ്രമായി..

Posted on: November 22, 2017 7:31 am | Last updated: November 22, 2017 at 4:47 pm

കരുണാര്‍ദ്രമായ പെരുമാറ്റമുള്ളവരോടാണ് കുട്ടികള്‍ക്കിഷ്ടം. ആദരവോടെ ഇടപെടുന്നവരോടാണ്  ഉന്നതര്‍ക്ക് താത്പര്യം. ഭവ്യതയോടെ സംസാരിക്കുന്ന അണികളോടാണ് നേതാക്കള്‍ക്ക് പ്രിയം. സ്‌നേഹാര്‍ദ്രമായി പെരുമാറാനറിയാത്തവരെ ആരും സുഹൃത്തുക്കളാക്കാറില്ല.ഏത് നിലയിലുള്ളവരോടാണെങ്കിലും പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ ജീവിതവും സഹജരോടുള്ള പെരുമാറ്റവും ശൈലിയും  വേറിട്ടതും ഉദാത്തവുമായിരുന്നു. നല്ലൊരു നേതാവായിരുന്ന മുത്ത് നബി നല്ല പിതാവാകാനും ഭര്‍ത്താവാകാനും മറന്നില്ലെന്ന് മാത്രമല്ല; സഹചാരികളെ ഉത്തമ സംസ്‌കാരം പഠിപ്പിക്കുകയും ചെയ്തു. മാതൃകാപരവും അനുവര്‍ത്തന യോഗ്യവുമായ പെരുമാറ്റവും ശൈലിയും തന്നെയായിരുന്നു അനുയായികളുടെ ഏറ്റവും വലിയ പാഠപുസ്തകം. ഇതിനെ അന്വര്‍ഥമാക്കുന്നതാണ് വിശുദ്ധ ഖുര്‍ആനിലെ 68- ാം അധ്യായത്തിലെ നാലാം സൂക്തം: ‘നിശ്ചം അങ്ങ് ശ്രേഷ്ഠ സ്വഭാവത്തിലാകുന്നു’ എന്നത്. ഇതര വിശ്വാസികളെ പോലും ഇസ്‌ലാമിന്റെ സുന്ദര ആശയത്തിലേക്ക് ആകൃഷ്ടരാക്കാന്‍ മതിയായതായിരുന്നു പ്രവാചകന്റെ പെരുമാറ്റവും ശൈലിയും.
ജാബിര്‍(റ) നിവേദനം ചെയ്ത ഹദീസില്‍ നിന്ന് ഇങ്ങനെ വായിച്ചെടുക്കാം: നബി (സ)യോടൊപ്പം യാത്ര ചെയ്തു കൊണ്ടിരിക്കെ ധാരാളം മുള്‍ വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു താഴ്‌വരയില്‍ ഉച്ചയുറക്കത്തിനായി ഞങ്ങള്‍ ഇറങ്ങി. അവരവര്‍ അനുയോജ്യമായ ഇടങ്ങള്‍ നോക്കി വ്യത്യസ്ത സ്ഥലങ്ങില്‍ പോയി മയങ്ങി. പ്രവാചകന്‍ ഉറങ്ങാന്‍ കിടന്നത് സമുറ മരച്ചുവട്ടിലാണ്. എല്ലാവരും ഉറങ്ങി അല്‍പ്പ സമയം കഴിഞ്ഞിട്ടേയുള്ളൂ. നബി ഞങ്ങളെ വിളിച്ചു. ഞങ്ങള്‍ ധൃതിയില്‍ നബിയുടെ അരികില്‍ ചെന്നപ്പോള്‍ അവിടെ ഒരു ശത്രു നില്‍ക്കുന്നു. അവിടുന്ന് പറഞ്ഞു: ഞാനിവിടെ ഉറങ്ങുന്ന സമയം ഇയാള്‍ എനിക്കുനേരെ വാളോങ്ങുകയും എന്നില്‍ നിന്ന് നിന്നെ ആര് രക്ഷിക്കുമെന്ന് ചോദിക്കുകയും ചെയ്തു. അവന്‍ ചോദിച്ചപ്പോഴെല്ലാം ഞാന്‍ അല്ലാഹുവെന്ന് മറുപടി നല്‍കി. (ബുഖാരി 6/71, മുസ്‌ലിം 843). അബൂബകറില്‍ ഇസ്മാഈലി (റ)വിന്റെ സ്വഹീഹില്‍ നിന്നെടുത്ത ഈ സംഭവത്തിന്റെ തുടര്‍ച്ച രിയാളുസ്വാലിഹീനില്‍ കാണാം.
നബി(സ)യുടെ മറുപടി കേട്ട് അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് വാള്‍ താഴെ വീണു. ഈ സമയം നബി തങ്ങള്‍ അദ്ദേഹത്തിന് ഇസ്‌ലാമിന്റെ സന്ദേശം അറിയിക്കുകയും ഇസ്‌ലാം പുല്‍കാന്‍ തയാറാണോയെന്നാരായുകയും ചെയ്തു. അദ്ദേഹം അതിന് സന്നദ്ധനല്ലെന്നറിയിച്ചപ്പോള്‍ നബി അദ്ദേഹത്തെ വെറുതെ വിടുകയും ചെയ്തു. ഇനിമേല്‍ തങ്ങള്‍ക്കും കുട്ടുകാര്‍ക്കും ഉപദ്രവകാരിയാകാതെ ജീവിക്കുമെന്നുറപ്പ് നല്‍കിക്കൊണ്ടദ്ദേഹം അവിടെനിന്ന് പോകുകയും ചെയ്തു. ജനങ്ങളില്‍ ഏറ്റവും നല്ലവനായ വ്യക്തിയുടെ അരികില്‍  നിന്നാണ് ഞാന്‍ നിങ്ങളിലേക്ക് വരുന്നതെന്ന് പറഞ്ഞ് കൊണ്ടായിരുന്നു അദ്ദേഹം തന്റെ കൂട്ടുകാരിലേക്ക് കടന്നു ചെന്നത്.
പ്രകോപനമൊന്നും കൂടാതെ,  ഉറങ്ങിക്കിടക്കുന്ന നബിക്കുനേരെ കൊല്ലാനായി വാളോങ്ങിയ വ്യക്തിയോട് പ്രവാചകനും അനുയായികളും കാണിച്ച വിട്ടുവീഴ്ച്ച മതി അവര്‍ എത്രമാത്രം വിശാല മനസ്‌കരായിരുന്നുവെന്ന് ബോധ്യപ്പെടാന്‍.

അബൂ ഹുറൈറ(റ)യില്‍ നിന്നുദ്ധരിക്കുന്ന ഹദീസില്‍ കാണാം. നബിയും സ്വഹാബികളും പള്ളിയിലിരിക്കുന്ന സമയത്ത് ഇതര മതവിശ്വാസി അവിടേക്ക് കയറിവരികയും പള്ളിയില്‍ മൂത്രമൊഴിക്കുകയും ചെയ്തു. വിശ്വാസികള്‍ അദ്ദേഹത്തിനെതിരെ തിരിയാന്‍ തുനിഞ്ഞപ്പോള്‍ പ്രവാചകന്‍ അവരോട് പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തെ വെറുതെ വിടുക, മൂത്രം ഒഴിച്ച സ്ഥലത്ത് അല്‍പ്പം വെള്ളം ഒഴിക്കുക. നിശ്ചയം നിങ്ങളെ ആളുകളോട് നല്ല നിലയില്‍ പെരുമാറുന്നതിന് വേണ്ടിയാണ് സൃഷ്ടിച്ചയച്ചിരിക്കുന്നത്; അവര്‍ക്ക് പ്രയാസമുണ്ടാക്കുന്നതിന് വേണ്ടിയല്ല. (ബുഖാരി 213,  മുസ്‌ലിം 428). ആരാധനാലയം അശുദ്ധമാക്കിയ വ്യക്തിക്കെതിരെ നടപടി കൈക്കൊള്ളാന്‍ പര്യാപ്തമായ സന്ദര്‍ഭമായിരുന്നിട്ട് പോലും നബി തങ്ങള്‍ അതു ചെയ്യാന്‍ സമ്മതിച്ചില്ല. ചുരുങ്ങിയ നിലക്ക് മലിനമായ സ്ഥലം അദ്ദേഹത്തെക്കൊണ്ട് വൃത്തിയാക്കിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു. പ്രതിയോഗികളോട് പോലും വിട്ട് വീഴ്ച്ചയോടെയും വിശാല മനസ്സോടെയും മാത്രമായിരുന്നു പ്രവാചകന്‍ പെരുമാറിയിരുന്നത്.

വിശ്വാസത്തിന്റെ പേരില്‍ സ്വന്തം നാട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും ഏറെ ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ട് പോലും പകയോ വിദ്വേഷമോ ഇല്ലാത്ത സമീപനമായിരുന്നു അവിടുത്തേത്.  ഇത് തെളിയിക്കുന്നതാണ് ശത്രുക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍  ഒരാള്‍ നബിയോട് ആവശ്യപ്പെട്ട സന്ദര്‍ഭം. ‘നിശ്ചയം ഞാന്‍ അയക്കപ്പെട്ടത് ശപിക്കുന്നവനായല്ല; മാലോകര്‍ക്ക് അനുഗ്രഹം ചെയ്യുന്നവനായാണ്’ എന്നായിരുന്നു പ്രവാചകന്റെ മറുപടി.