Connect with us

Articles

ജാതി ഒരു സാമ്പത്തിക വിഷയമെന്ന് ആരാണ് പറഞ്ഞത്?

Published

|

Last Updated

കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് അഖിലേന്ത്യാ രാഷ്ട്രീയത്തില്‍ തന്നെ ദീര്‍ഘകാല പ്രത്യാഘാതം ഉണ്ടാക്കാന്‍ പോകുന്ന ഒന്നാണ്. പ്രത്യേകിച്ച് സവര്‍ണ ഹിന്ദുത്വത്തിന്റെ പ്രതീകമായ ആര്‍ എസ് എസ് അധികാരത്തിലിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ നടപടി സംവരണ വിരുദ്ധ സവര്‍ണ ഹിന്ദുത്വ ശക്തികളെ ഏറെ സഹായിച്ചിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലുണ്ടായ സാമൂഹിക പുരോഗതിയും സാമ്പത്തികാവസ്ഥയും വെച്ച് ഒരു പ്രത്യേക മധ്യവര്‍ഗത്തിനിടയില്‍ രൂപപ്പെട്ടു വന്ന സംവരണ വിരുദ്ധ മനോഭാവത്തിന് നിദര്‍ശനമാണ് കഴിഞ്ഞ ദിവസം ഏകദേശീയ പത്രം എഴുതിയ എഡിറ്റോറിയല്‍. അതിന് തുടര്‍ച്ചയായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബി ജെ പി നേതൃത്വത്തെ വെല്ലുവിളിച്ച് ചോദിച്ചത് തങ്ങളുടെ ഈ സാമ്പത്തിക സംവരണ നിലപാട് ഇന്ത്യയിലെമ്പാടും ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് നടപ്പാക്കാന്‍ തയ്യാറുണ്ടോ എന്നാണ്. ഈ സാഹചര്യത്തില്‍ സംവരണം എന്താണെന്നും സംവരണത്തിന്റെ സാമൂഹിക പ്രാധാന്യവും പ്രസക്തിയും സമൂഹത്തില്‍ ചര്‍ച്ചയാക്കേണ്ടത് ജനാധിപത്യ ശക്തികളുടെ കടമയാണ്.

നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു സാമൂഹിക വിപത്താണ് ഇന്ത്യയിലെ ജാതി സമ്പ്രദായം. അതുണ്ടാക്കിയ വിവേചനങ്ങളും സാമൂഹിക മര്‍ദനങ്ങളും ഉച്ചനീചത്വങ്ങളും ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തെ അധികാര ശ്രേണികളില്‍ നിന്നു ഒഴിച്ച് നിര്‍ത്തുകയുണ്ടായി. ഈയൊരു അന്തരീക്ഷത്തിലുണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന്റെയും പുരോഗമന ജനാധിപത്യ ശക്തികളുടെ നിരന്തരമായ സമ്മര്‍ദത്തിന്റെയും പ്രക്ഷോഭങ്ങളുടെയും ഫലമായിട്ടാണ് സംവരണം ഒരു ഭരണഘടനാ അവകാശമായി ഇന്ത്യയില്‍ അംഗീകരിക്കപ്പെടുന്നത്. നൂറ്റാണ്ടുകളായി നിലനിര്‍ത്തി പോന്ന “കുല”തൊഴിലില്‍ ശിലീഭവിച്ചു പോയ ജാതി വ്യവസ്ഥയെ തകര്‍ക്കണമെങ്കില്‍ ഓരോ തൊഴിലും തങ്ങളുടെ അഭിരുചിക്കനുസരിച്ച് ചെയ്യാമെന്ന സ്ഥിതി വേണം. അക്ഷരവും അധികാരവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളില്‍ നിന്നും ഒഴിവാക്കപ്പെട്ട കീഴ്ജാതി വിഭാഗങ്ങളെ മുന്നോട്ടുകൊണ്ടുവരാന്‍ ഇവര്‍ക്കിടയില്‍ വിദ്യാഭ്യാസവും സാമൂഹിക സാമ്പത്തിക പുരോഗതിയും എത്തിക്കുന്നതോടൊപ്പം സംവരണവും ആവശ്യമാണെന്നതു ആധുനിക ജനാധിപത്യത്തിന്റെ തിരിച്ചറിവ് കൂടിയായിരുന്നു. അതുപ്രകാരമാണ് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഭരണഘടനാ അവകാശമാക്കി 330,332 വകുപ്പുകള്‍ അനുവദിക്കുന്നത്. 333 വകുപ്പ് മുന്നോട്ട് വെച്ച മാര്‍ഗനിര്‍ദേശക തത്വം “”രാഷ്ട്രം ജനങ്ങളില്‍ ദുര്‍ബലരായ ജനങ്ങളുടെ പ്രത്യേകിച്ച് എസ് സി, എസ് ടി വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താത്പര്യങ്ങളെ പ്രത്യേക ശ്രദ്ധയോടു കൂടി അഭിവൃദ്ധിപ്പെടുത്തേണ്ടതും അവരെ സാമൂഹികമായ അനീതികളില്‍ നിന്നും എല്ലാതരം ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെടുത്തേണ്ടതുമാണ്” എന്ന് പ്രഖ്യാപിച്ചു. ദേശീയ പ്രസ്ഥാനവും ഗാന്ധിയുമായി നീണ്ട സംവാദത്തിന് ശേഷം അംബേദ്കര്‍ എഴുതി: “”ഒന്നാമതായി നാം ചെയ്യേണ്ടത് വെറും രാഷ്ട്രീയ ജനാധിപത്യമായി അനുരഞ്ജനപ്പെടാതിരിക്കുക എന്നതാണ്. നാം നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹിക ജനാധിപത്യമായി മാറ്റണം. സാമൂഹിക ജനാധിപത്യത്തിന്റെ അടിത്തറയില്ലാത്ത രാഷ്ട്രീയ ജനാധിപത്യത്തിന് നിലനില്‍പ്പില്ല. സാമൂഹിക ജനാധിപത്യം എന്നത് കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? ജീവിതത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങളായി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെ അംഗീകരിക്കുന്ന ഒരു ജീവിത രീതിയാണ് അത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയില്‍ ഒന്നിനെ മറ്റൊന്നില്‍ നിന്ന് വേര്‍തിരിക്കാനാവില്ല. ഐക്യത്രയമാണിത്. അവയില്‍ ഒന്നിനെ മറ്റൊന്നില്‍ വേര്‍തിരിക്കുക എന്ന് വെച്ചാല്‍ ജനാധിപത്യത്തിന്റെ ഉന്നത ലക്ഷ്യത്തെ പരാജയപ്പെടുത്തുക എന്നതാണ് അര്‍ഥം. അതായത് സ്വാതന്ത്ര്യത്തെ സമത്വത്തില്‍ നിന്നും സാഹോദര്യത്തില്‍ നിന്നും സമത്വത്തെയും സാഹോദര്യത്തെയും സ്വാതന്ത്ര്യത്തില്‍ നിന്നും വേര്‍തിരിക്കാനാവില്ല. സമത്വം കൈവരിക്കാതെയുള്ള സ്വാതന്ത്ര്യമെന്നാല്‍ ഭൂരിപക്ഷത്തിന്റെ മേലുള്ള ന്യൂന പക്ഷത്തിന്റെ ആധിപത്യമായിരിക്കും””

ഇങ്ങനെ അസന്നിഗ്ധമായി ഭരണഘടനയും അതിന്റെ ശില്‍പികളും പറഞ്ഞു വെങ്കിലും സ്വാതന്ത്ര്യത്തിനു ശേഷം ദളിതരുടെ പൊതു ജീവിതം ഇന്നും ദയനീയമായി തുടരുകയാണ്. രാജ്യത്തെ 77 ശതമാനം ദളിതരും എല്ലാതരത്തിലുള്ള ജാതീയ വിവേചനങ്ങളും ഇന്നും അനുഭവിക്കുകയാണ്. പകുതിയിലധികം സംസ്ഥാനങ്ങളില്‍ തൊട്ടു കൂടായ്മയുണ്ടെന്ന് ചില സാമൂഹിക സര്‍വേകള്‍ രേഖപ്പെടുത്തുന്നു. ഓരോ ദിവസവും മൂന്ന് ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതും ദളിത് കൊലകള്‍ അരങ്ങേറുന്നതും നമ്മുടെ രാജ്യത്താണ്. സ്‌കൂളുകളില്‍ ജാതി മനോഭാവം ശക്തമായി നിലനില്‍ക്കുന്നത് കാരണം ദളിത് കുട്ടികള്‍ക്ക് വിദ്യാഭ്യാസം അപ്രാപ്യമായി തുടരുന്നു. സര്‍ക്കാര്‍ സര്‍വീസുകളില്‍ ഇന്ത്യയില്‍ ബ്രാഹ്മണരും മറ്റു മുന്നോക്ക ജാതി ഹിന്ദുക്കളുമാണ് മുന്നില്‍. ഒ ബി സി പോലും നാമമാത്രമാണ്. രാജ്യം സ്വാതന്ത്ര്യത്തിനു ശേഷം ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇത്തരമൊരു ജാതീയമായ വിവേചനം തുടരുമ്പോഴാണ് സംവരണ വിരുദ്ധമായ നീക്കങ്ങള്‍ ഇവിടെ അരങ്ങേറുന്നത്.

ഈ നീക്കം സമീപകാലത്ത് അക്രമാസക്തമായി കണ്ടത് 1990 കളിലാണ്. അധികാരത്തിലുണ്ടായിരുന്ന വി പി സിംഗ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പറഞ്ഞപ്പോഴായിരുന്നു ഉത്തരേന്ത്യ കത്തിയാളിയ സംവരണ വിരുദ്ധ പ്രക്ഷോഭം അരങ്ങേറിയത്. 1978ല്‍ ജനതാ സര്‍ക്കാര്‍ നിയോഗിച്ചതാണ് മണ്ഡല്‍ കമ്മീഷന്‍. രാജ്യത്തെ ദളിതുകളുടെ അവസ്ഥ പഠിച്ചു 1980 ല്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും 90 കളുടെ ആദ്യമാണ് വി പി സിംഗ് ഈ റിപ്പോര്‍ട്ട് പുറത്തെടുക്കുന്നത്. പാര്‍ലിമെന്റില്‍ അന്ന് തന്നെ മിക്ക പാര്‍ട്ടികളും വി പി സിംഗിനെതിരായി രംഗത്തു വരികയുണ്ടായി. പുറത്ത് ആത്മാഹുതികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മുഖ്യ പങ്ക് വഹിച്ചത് ബി ജെ പി, ആര്‍ എസ് എസ് സവര്‍ണ ലോബികള്‍ ആയിരുന്നു. കോണ്‍ഗ്രസും കൃത്യമായ നിലപാട് പറയാതെ ഫലത്തില്‍ സംവരണ വിരുദ്ധ പ്രക്ഷോഭത്തില്‍ ഭാഗഭാക്കാവുന്ന കാഴ്ചയാണ് കണ്ടത്. സി പി എം, സി പി ഐ പാര്‍ട്ടികളും മറിച്ചൊന്നും കാഴ്ച വെച്ചില്ല. അന്ന് ഇ എം എസ് ബീഹാറിലെ കര്‍പ്പൂരി ഠാക്കൂര്‍ മോഡല്‍ സംവരണ നയമാണ് വേണ്ടതെന്നു പറഞ്ഞു സംവരണത്തിനെതിരായ നിലപാട് കൈക്കൊണ്ടു . ഈ കാലഘട്ടത്തിലാണ് സാമ്പത്തിക സംവരണം പ്രധാന അജന്‍ഡയായി ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ തെറ്റായ സന്ദേശം കൊടുക്കുന്നത്.

ഇവിടെ സംവരണത്തിനെതിരായി സാമ്പത്തിക സംവരണം മുന്നോട്ട് വെക്കുമ്പോള്‍ ഇവരൊക്കെ അടിസ്ഥാനപരമായി ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തെ ജാതീയമായി അകറ്റി പിന്നോക്കം നിര്‍ത്തുന്ന ഒരു സാമൂഹിക സംവിധാനത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. ജാതിയുടെ വിഷയം ഒരു സാമ്പത്തിക പ്രശ്‌നമല്ല. ഒരു തെങ്ങു കയറ്റ തൊഴിലാളിയായ പിന്നാക്കക്കാരന് ക്ഷേത്രത്തില്‍ പൂജ ചെയ്യുന്ന ഒരു ബ്രാഹ്മണനെക്കാളും വരുമാനമുണ്ടായെന്നു വരാം. പക്ഷേ, പിന്നാക്കക്കാരന്‍ അനുഭവിക്കുന്ന സാമൂഹിക വിവേചനത്തിന് ഈ സാമ്പത്തിക വരുമാനം പരിഹാരമാകുന്നില്ല. സംവരണത്തിന്റെ അടിസ്ഥാനം സാമൂഹികമാണെന്നത് ഇവര്‍ക്ക് മനസ്സിലാകില്ല. സാമൂഹികമായ പിന്നാക്കാവസ്ഥയുടെ പ്രശ്‌നത്തെ ഒറ്റപ്പെട്ട ചില മുന്നാക്കക്കാരുടെ സാമ്പത്തിക പിന്നാക്കാവസ്ഥയും പിന്നാക്ക ജാതിക്കാരുടെ സാമ്പത്തിക ഉയര്‍ച്ചയുമായി കൂട്ടിക്കെട്ടി അവഗണിച്ചു തള്ളുന്ന ഗൂഢാലോചന വ്യക്തമായും സംവരണ വിരുദ്ധ ജാതി ഹിന്ദുക്കളെയാണ് പ്രതിനിധാനം ചെയ്യുന്നത് .
അതേസമയം സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ ഇവിടെ ഇല്ലെന്നല്ല ഇതിനൊന്നും അര്‍ഥം. ആഗോളീകരണ നയങ്ങളടക്കം ഭരണ വര്‍ഗത്തിന്റെ തെറ്റായ നയങ്ങളുടെ ഫലമായി അത് രൂക്ഷമായി നിലനില്‍ക്കുകയാണ്. വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ, വരുമാനത്തിലെ അസമത്വം, ചൂഷണം എന്നിവ ഈ വ്യവസ്ഥയുടെ ഭാഗമായി തുടരുകയാണ്. ഈ സാമ്പത്തിക ഉച്ചനീചത്വം പരിഹരിക്കാന്‍ ശക്തമായ ബഹുജന സമരങ്ങളും വ്യവസ്ഥയെ തന്നെ പൊളിച്ചെഴുതാന്‍ ഉപകരിക്കുന്ന ജനകീയ മുന്നേറ്റങ്ങളുമാണ് വേണ്ടത്. പക്ഷേ ഇത് സാമ്പത്തിക സംവരണത്തിലൂടെ പരിഹരിക്കാനാകും എന്ന തെറ്റായ പ്രചാരണമാണ് നല്‍കുന്നത്. മുന്നാക്ക വിഭാഗങ്ങളിലെ സാധാ ചെറുപ്പക്കാര്‍ സംവരണമാണ് തങ്ങളുടെ ഉന്നമനത്തിന് തടസ്സമായി നില്‍ക്കുന്നതെന്ന തെറ്റായ പ്രചാരണത്തില്‍ പെട്ടുപോകുന്നുണ്ട്. നൂറ്റാണ്ടുകളായി സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി വിട്ട ഒരു വലിയ ജനതതിയെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനായി ആവിഷ്‌കരിക്കപ്പെട്ട ഭരണഘടനാപരമായ സമീപനം ഇല്ലാതാക്കപ്പെടുകയാണ്. ലോകത്തു തന്നെ വംശീയ വിവേചനത്തിനും ദുര്‍ബലരോടുള്ള അവഗണക്കുമെതിരെ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ റിസര്‍വേഷനുകള്‍ നല്‍കി കൊണ്ടാണ് ഇത്തരം സാമൂഹിക വിഷയങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളത്.

വളരെ മാനുഷികവും ജനാധിപത്യാവകാശങ്ങളില്‍ പെടുന്നതുമായ പിന്നാക്ക ജന വിഭാഗത്തിന്റെ സംവരണാവകാശത്തിലാണ് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ കടക്കല്‍ കത്തിവെച്ചിരിക്കുന്നത്. ഇത് അഖിലേന്ത്യാടിസ്ഥാനത്തില്‍ സവര്‍ണ പ്രത്യയശാസ്ത്ര ബോധത്തിനകത്ത് രാഷ്ട്രീയത്തെയും സമൂഹത്തെയും നയിക്കുന്ന ബി ജെ പി പോലുള്ള പ്രസ്ഥാനങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സംവരണത്തിനെതിരായ നീക്കത്തിന് പ്രചോദനം നല്‍കുന്ന തീരുമാനമാണ്. എന്നിട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബി ജെ പിയോട് ഭരണഘടന ഭേദഗതി ചെയ്തു സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ വെല്ലുവിളിക്കുന്നു. ഇടതു ലേബല്‍ അണിഞ്ഞു നടക്കുന്ന ഒരു പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിരിക്കുന്ന പ്രതികരണം എത്ര ലജ്ജാകരമാണ്?

ഇ എം എസിനെ പോലുള്ള നമ്പൂതിരി ബുദ്ധിജീവികള്‍ 59 മുതലേ പിന്നാക്ക സംവരണത്തിന് എതിരായിരുന്നു. 1958 ആഗസ്റ്റ് 19നു ഇ എം എസ് ചെയര്‍മാനായ ഭരണ പരിഷ്‌കാര കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സാമ്പത്തിക സംവരണത്തെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അന്നത്തെ അവിഭക്ത പാര്‍ട്ടിയും മന്ത്രിസഭയും അദ്ദേഹത്തിന്റെ നിലപാട് തിരസ്‌കരിക്കുകയാണുണ്ടായത്. അതിനു ശേഷം ഈ വിഷയത്തില്‍ ഉടലോടെ പ്രത്യക്ഷപ്പെടുന്നത് 90,91 കാലത്താണ്. മുകളില്‍ സൂചിപ്പിച്ച മണ്ഡല്‍ വിരുദ്ധ പ്രക്ഷേഭകാലത്ത് കര്‍പ്പൂരി ഠാക്കൂര്‍ മോഡല്‍ സംവരണ തത്വം എന്ന് ഇ എം എസ് പറഞ്ഞത് ഒരു ഭരണ വര്‍ഗ ബ്രാഹ്മണിക്കല്‍ നിലപാടായിരുന്നു. അതായത് ബീഹാറില്‍ കര്‍പ്പൂരി ഠാക്കൂര്‍ അധികാരത്തിലിരിക്കുമ്പോള്‍ മുന്നോട്ടു വെച്ച ഈ റിപ്പോര്‍ട്ട് മുന്നോക്കക്കാര്‍ക്കിടയില്‍ സാമ്പത്തിക പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്നും, പിന്നാക്ക ജാതിയിലെ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണം ആവശ്യമില്ലെന്നുമായിരുന്നു. പ്രത്യക്ഷത്തില്‍ സാധാരണക്കാര്‍ക്ക് സ്വീകാര്യമെന്ന് തോന്നുന്ന ഇത് ജാതി സംവരണത്തെ അട്ടിമറിക്കുന്ന ഒന്നാണ്. പിന്നാക്കാവസ്ഥ ഒരു സാമൂഹിക പ്രശ്‌നമായി കാണാത്ത ഒന്നാണിത്. സമൂഹത്തെ ജാത്യാതീതമായി ജനാധിപത്യവത്കരിക്കുന്ന ഒരു നിലപാടിന്റെ ഭാഗമായിട്ടല്ല കര്‍പ്പൂരി ഠാക്കൂര്‍ അത്തരമൊരു ഫോര്‍മുല മുന്നോട്ടു വെച്ചത്. മറിച്ച് സംവരണ വിരുദ്ധ പ്രക്ഷോഭത്തെ മറികടക്കുന്നതിനും ബ്രാഹ്മണിക്കല്‍ മൂല്യബോധം പേറുന്ന പാര്‍ട്ടികള്‍ക്കിടയില്‍ പൊതുസമ്മതം നേടിയെടുക്കുന്നതിന് വേണ്ടിയുള്ള ഒരു ഫോര്‍മുല മാത്രമാണിത്. അതൊരിക്കലും ഇടതുപക്ഷ രാഷ്ട്രീയത്തിന് സ്വീകാര്യമല്ല. ഭൂപരിഷ്‌കരണമടക്കമുള്ള സമഗ്രമായ കാര്‍ഷിക വിപ്ലവ പരിപാടികള്‍ക്കെതിരായിരുന്നു ഠാക്കൂര്‍. അന്ന് മണ്ഡലിനെതിരായി ഉയര്‍ത്തിക്കാട്ടിയ സി പി എമ്മിന്റെ സംവരണവിരുദ്ധ നിലപാടാണ് ഇപ്പോള്‍ ദേവസ്വം നിയമനത്തിലെ സാമ്പത്തിക സംവരണ പ്രഖ്യാപനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലടക്കം ജനസംഖ്യാനുപാതികമായി ഒരു സംവരണ തത്വവും പാലിച്ചിട്ടില്ലെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റേതടക്കം പഠനങ്ങള്‍ തെളിയിക്കുന്നത്. കേരളത്തിലെ മുക്കാല്‍ ശതമാനത്തിലേറെ വരുന്ന പിന്നാക്കക്കാര്‍ക്ക് ആനുപാതികമായ ഒരു സംവരണവും ഇത് വരെ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. മുന്നാക്ക ജനവിഭാഗങ്ങള്‍ തന്നെയാണ് ഭൂരിപക്ഷ നിയമനങ്ങളിലും. കണക്കുകളുടെ ന്യായാന്യായങ്ങളിലേക്ക് ഇവിടെ ആഴത്തില്‍ കടന്നു പോകാന്‍ ഉദ്ദേശിക്കുന്നില്ല . ഇവിടുത്തെ ആദിവാസികളും മറ്റും ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിയുന്നു, സ്വജാതി വിവാഹം തന്നെ അടിയുറച്ചു നില്‍ക്കുന്നു, ജനിക്കുന്ന കുട്ടികള്‍ക്ക് പോലും ജാതിവാലോട് ചേര്‍ത്തുള്ള പേര് വിളിയും, അതേസമയം സാമൂഹിക പിന്നാക്കാവസ്ഥയും നിലനില്‍ക്കുന്നു. എല്ലാ അര്‍ഥത്തിലും ജാത്യാചാരങ്ങള്‍ നിലവിലുണ്ട്.

ജാതീയമായ വേര്‍തിരിവുകളും, ഉച്ചനീചത്വങ്ങളും നിലനില്‍ക്കുന്നിടത്തോളം സംവരണം പോലുള്ള അവകാശങ്ങള്‍ ആവശ്യമാണ്. കേവലം സംവരണം കൊണ്ട് മാത്രം ജാതീയ പിന്നാക്കാവസ്ഥ പരിഹരിക്കാനും പറ്റില്ല. സമഗ്രമായ കാര്‍ഷിക വിപ്ലവ പരിപാടികള്‍ അടക്കം നടപ്പാക്കണം. എങ്കിലും സംവരണത്തിന് അതിന്റേതായ സുപ്രധാന പങ്കുണ്ട്. അത്തരമൊരു അവകാശത്തെ തകര്‍ക്കും വിധം അഖിലേന്ത്യാ രാഷ്ട്രീയത്തിലേക്ക് ഒരു സന്ദേശം കേരളത്തിലേക്ക് നിന്നും പിണറായി വിജയന്‍ പ്രക്ഷേപിച്ചിരിക്കുകയാണ്. ദീര്‍ഘകാല പ്രത്യാഘാതമുണ്ടാക്കുന്ന ഈ തീരുമാനമെടുക്കാന്‍ പിണറായി സര്‍ക്കാറിനെ പ്രേരിപ്പിച്ചത് അതിന്റെ വലതുപക്ഷ രാഷ്ട്രീയവും ജാതിയടക്കമുള്ള വിഷയങ്ങളില്‍ ശരിയായ ഒരു ഇടതുപക്ഷ കാഴ്ചപ്പാടില്ലായ്മയുമാണ്. ഈ സാഹചര്യത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഗുണം ചെയ്യുന്നതും രാജ്യത്തെ വിശാലമായ പിന്നാക്ക ജന വിഭാഗത്തിന് സാമൂഹിക തുല്യത ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ജാതി ഹിന്ദുത്വത്തിനു പ്രചോദനമാകുന്നതുമായി കേരള സര്‍ക്കാറിന്റെ ഈ തീരുമാനത്തിനെതിരെ ജനാധിപത്യ ശക്തികള്‍ രംഗത്തുവന്നേ പറ്റൂ.

Latest