ചാനലുകള്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍

Posted on: November 22, 2017 7:00 am | Last updated: November 21, 2017 at 11:35 pm
SHARE

ദൃശ്യമാധ്യമങ്ങളുടെ വഴിവിട്ട പോക്ക് അവസാനിപ്പിക്കാന്‍ നടപടി ആവശ്യമാണെന്ന് ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നു. എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസിനെക്കുറിച്ചു നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ നടപ്പാക്കണമെന്ന് അദ്ദേഹം ശിപാര്‍ശ ചെയ്തത്. അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കാനും അവയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആക്ട് ഉണ്ട്. അതേസമയം സ്വകാര്യ ഇലക്‌ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമമോ സംവിധാനമോ നിലവിലില്ല. അവക്കും പ്രവര്‍ത്തന മാര്‍ഗരേഖ അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്‍ സി പി നേതാവ് എ കെ ശശീന്ദ്രന്റെ രാജിക്ക് വഴിവെച്ച ഫോണ്‍ സംഭാഷണം മംഗളം ചാനല്‍ ബ്രേക്കിംഗ് ന്യൂസിന് വേണ്ടി ഒരു ജീവനക്കാരിയെ ഉപയോഗപ്പെടുത്തി കൃത്രിമമായി സൃഷ്ടിച്ചതായിരുന്നു. നേരത്തെ ഒരു പരാതിയുമായി തന്നെ സമീപിച്ച വീട്ടമ്മയെ വിളിച്ചു ശശീന്ദ്രന്‍ അശ്ലീല സംഭാഷണം നടത്തിയതെന്ന മട്ടിലായിരുന്നു ചാനല്‍ വാര്‍ത്ത. എട്ടു പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് ചാനല്‍ ഈ വാര്‍ത്ത ഒപ്പിച്ചെടുത്തത്. ഇവരില്‍ പെട്ട ഒരു മാധ്യമപ്രവര്‍ത്തകയെ മന്ത്രിയുമായി അടുപ്പമുണ്ടാക്കി ലൈംഗിക ചുവയുളള സംഭാഷണം നടത്തിക്കുകയായിരുന്നു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചാനല്‍ നിയമനടപടിക്ക് വിധേയമാകുന്ന സാഹചര്യം വരികയും ചെയ്തപ്പോള്‍ ചാനല്‍ സി ഇ ഒ അജിത്കുമാര്‍ തന്നെ ഇക്കാര്യം തുറന്നു പറയുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല, ചാനലിന്റെ ഈ അസംബന്ധത്തില്‍ പ്രതിഷേധിച്ചു ചില മാധ്യമ പ്രവര്‍ത്തര്‍ സ്ഥാപനത്തില്‍ നിന്ന് രാജി വെക്കുകയുമുണ്ടായി. വാണിജ്യ താത്പര്യത്തിനായി ചാനല്‍ മന്ത്രിയെ കെണിയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് വ്യക്തമായിരിക്കെ അതിന്റെ ലൈസന്‍സ് റദ്ദാക്കുകയും മേധാവിയെ പ്രോസിക്യൂട്ട് ചെയ്യുകയും വേണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. ചാനലിന്റെ നടപടി പൊതുഖജനാവിന് ഉണ്ടാക്കിയ നഷ്ടം ചാനലില്‍ നിന്ന് ഈടാക്കുകയും വേണം.

ഇത് മംഗളം ചാനലിന്റെ മാത്രം അവസ്ഥയല്ല. ധാര്‍മികതയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിക്കുന്നതാണ് ഇന്ന് പൊതുവെ മാധ്യമ പ്രവര്‍ത്തനം. പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍. പ്രചാരണം വര്‍ധിപ്പിക്കാന്‍ ഏത് മാര്‍ഗവും അവലംബിക്കാമെന്നായിരിക്കുന്നു. സ്‌കൂപ്പുകള്‍ തരപ്പെടുത്തിയെടുക്കുന്നതിന് എന്ത് നെറികേടും കാണിക്കും. റേറ്റിംഗും പരസ്യവരുമാനവും വര്‍ധിപ്പിക്കാനുളള പരക്കം പാച്ചിലില്‍ ധാര്‍മികത ആര്‍ക്കും പ്രശ്‌നമല്ല. രാഷ്ട്രീയ അജന്‍ഡകള്‍ക്കു വേണ്ടിയും സംഘടനാപരമായ വിദ്വേഷത്തിന്റെ പേരിലും വര്‍ഗീയത ആളിക്കത്തിക്കാനുമൊക്കെ വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നവരും വാര്‍ത്തകള്‍ക്കായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലുന്നവരുമൊക്കെയുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള ചാനല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഗെയില്‍ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട ബഹുജന പ്രക്ഷോഭത്തെ കാരന്തൂര്‍ മര്‍കസില്‍ നടന്ന വികസന സെമിനാറില്‍ അധിക്ഷേപിച്ചുവെന്ന മട്ടില്‍ വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്നു. സുന്നികളോടുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രാസ്ഥാനിക വിരോധം വെച്ചു കെട്ടിച്ചമച്ചതായിരുന്നു ആ വാര്‍ത്ത. സെമിനാറില്‍ കാന്തപുരം ഗെയില്‍ സമരത്തെക്കുറിച്ചു പരാമര്‍ശിക്കുക പോലുമുണ്ടായില്ല. ആ സെമിനാറില്‍ പങ്കെടുത്ത് പ്രസംഗം ആദ്യാവസാനം കേട്ടവര്‍ ചാനല്‍ വാര്‍ത്ത കണ്ടപ്പോള്‍ അമ്പരന്നു പോയി. ഇതാണ് നിലവില്‍ പല വാര്‍ത്തകളുടെയും സ്ഥിതി. ഇത്തരം വാര്‍ത്താ സൃഷ്ടിപ്പ് മാധ്യമങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കും. പൊതുസമൂഹത്തിന്റെ വിശ്വാസമാണ് മാധ്യമങ്ങളുടെ നിലനില്‍പ്പിനാധാരം. ആ വിശ്വാസം ഇല്ലാതായാല്‍ മാധ്യമ പ്രവര്‍ത്തനം എന്ന തൊഴിലിന്റെയും ഫോര്‍ത്ത് എസ്റ്റേറ്റിന്റെ തന്നെയും നിലനില്‍പ്പ് അപകടത്തിലാകും.

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19(1) എ വിഭാവനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പിന്‍ബലത്തിലാണ് രാജ്യത്തെ ദൃശ്യ പത്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടന നല്‍കിയ ഈ ആനുകൂല്യം ചൂഷണം ചെയ്യുകയോ ദുരുപയോഗപ്പെടുത്തുകയോ അരുത്. യഥാര്‍ഥ വസ്തുതകള്‍ ലോകത്തെ അറിയിക്കുകയാണ് മാധ്യമ ധര്‍മം. അതൊരു സാമൂഹിക സേവനമാണ്, സാംസ്‌കാരിക പ്രവര്‍ത്തനവുമാണ്. ഇത്തരം ധര്‍മങ്ങളെല്ലാം നിറവേറ്റാനുള്ളതാണ് മാധ്യമ സ്വാതന്ത്ര്യം. വാര്‍ത്ത സ്വന്തം പക്ഷത്തുനിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യുകയോ വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്ത സൃഷ്ടിക്കുകയോ ചെയ്യുന്നത് അനീതിയാണ്. പൊതുവായ ധാര്‍മികസദാചാര മൂല്യങ്ങള്‍ മാനിക്കാന്‍ മാധ്യമങ്ങളും ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതിയും ഉണര്‍ത്തിയിട്ടുണ്ട്. മാധ്യമ മേധാവികളും മാധ്യമ പ്രവര്‍ത്തകരും ഈ വസ്തുതകള്‍ മറന്നു പ്രവര്‍ത്തിക്കുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന മുറവിളി ഉയര്‍ന്നു വരുന്നത്. സ്വയം നിയന്ത്രണം പാലിക്കാതിരിക്കുമ്പോഴാണ് പുറമെ നിന്ന് നിയന്ത്രിക്കേണ്ടി വരുന്നത്. മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബോധപൂര്‍വമായ ധര്‍മലംഘനങ്ങളുടെ ഫലമാണ് അവയുടെ സ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന ഭീഷണികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here