ടെസ്റ്റ് റാങ്കിംഗില്‍ വിരാട് അഞ്ചാം സ്ഥാനത്ത്

Posted on: November 21, 2017 11:57 pm | Last updated: November 21, 2017 at 11:57 pm
SHARE

ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരെ സെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്്‌ലി ഐ സി സി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി.
119 പന്തുകളില്‍ നിന്നാണ് വിരാട് പുറത്താകാതെ 104 റണ്‍സടിച്ചത്. കരിയറിലെ അമ്പതാം അന്താരാഷ്ട്ര സെഞ്ച്വറിയുമായി വിരാട് വാര്‍ത്തകളില്‍ നിറയുകയും ചെയ്തു.

ഏകദിന, ട്വന്റി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് വിരാട് കോഹ്‌ലി. ആസ്‌ത്രേലിയയുടെ ഡേവിഡ് വാര്‍ണറെ പിന്തള്ളിയാണ് വിരാട് ടെസ്റ്റ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറിയത്. എന്നാല്‍, അടുത്ത മാസം 23ന് ആഷസ് ടെസ്റ്റ് പരമ്പര ആരംഭിക്കും. അഞ്ച് ടെസ്റ്റ് പരമ്പര ഡേവിഡ് വാര്‍ണര്‍ക്ക് റാങ്കിംഗ് മെച്ചപ്പെടുത്താനുള്ള വലിയ അവസരമാണ്. കൊല്‍ക്കത്ത ടെസ്റ്റില്‍ ആകെ രണ്ടോവര്‍ മാത്രം എറിഞ്ഞ രവീന്ദ്ര ജഡേജ ഐ സി സി ടെസ്റ്റ് ആള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു.
20 റേറ്റിംഗ് പോയിന്റാണ് ജഡേജക്ക് നഷ്ടമായത്. എന്നാല്‍, ലങ്കക്കെതിരെ രണ്ട് ടെസ്റ്റുകള്‍ ബാക്കിയുള്ളത് ജഡേജക്ക് റാങ്കിംഗ് മെച്ചപ്പെടാത്താനുള്ള അവസരമാണ്.

കൊല്‍ക്കത്ത ടെസ്റ്റില്‍ എട്ട് വിക്കറ്റുകള്‍ വീഴ്ത്തി മാന്‍ ഓഫ് ദ മാച്ചായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എട്ട് സ്ഥാനം മെച്ചപ്പെടുത്തി ഇരുപത്തൊമ്പതാം റാങ്കില്‍. കൊല്‍ക്കത്ത ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചമുണ്ടാക്കി.