സുഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍; അമിത് ഷാക്ക് അനുകൂല വിധിക്കായി ജഡ്ജിക്ക് 100 കോടി വാഗ്ദാനം ചെയ്തുവെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി
Posted on: November 21, 2017 11:52 pm | Last updated: November 24, 2017 at 8:57 pm
SHARE

ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സുഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അനുകൂല വിധിക്കായി ജഡ്ജിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍. അമിത് ഷാ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന സുഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് സഹോദരി അനുരാധ ബിയാനി വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘കാരവന്‍’ മാഗസിനിലാണ് ഹര്‍കിഷന്‍ ലോയയുടെ സഹോദരിയുടെ പുതിയ വെളിപ്പെടുത്തല്‍. മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷായാണ് കേസ് വിചാരണ കേട്ടിരുന്ന ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയക്ക് കൈക്കൂലി വാഗ്ദാനം ചെയ്തത്. കേസില്‍ അനുകൂല വിധി പ്രസ്താവിച്ചാല്‍ 100 കോടി രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. മരണപ്പെടുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ലോയ തന്നോട് ഇക്കാര്യം വ്യക്തമാക്കിയതെന്നും അനുരാധ ബിയാനി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലോയയുടെ പിതാവ് ഹര്‍കിഷനും ഇതേ വെളിപ്പെടുത്തല്‍ നടത്തിയതായി ‘കാരവന്‍’ റിപ്പോര്‍ട്ട് ചെയ്തു. ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ 2014 ഡിസംബറില്‍ ദുരൂഹ സാഹചര്യത്തിലാണ് മരിച്ചത്.

ബി ജെ പി ദേശീയ അധ്യക്ഷനടക്കം വിവിധ നേതാക്കള്‍ ഉള്‍പ്പെടെ പ്രതിയായ കേസായിരുന്നു സുഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്. രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ കേസ് മാത്രമായിരുന്നു ആ സമയത്ത് ലോയ കൈകാര്യം ചെയ്തിരുന്നത്. കേസിന്റെ വിചാരണ ഒറ്റ ജഡ്ജി കേള്‍ക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍, മൂന്ന് ജഡ്ജിമാര്‍ മാറിമാറി വന്നു. കേസ് കേട്ടുതുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, 2014 ജൂണില്‍ ആദ്യ ജഡ്ജി ജെ ടി ഉല്‍പതിനെ സ്ഥലം മാറ്റി. പിന്നീടാണ് ലോയ വന്നത്. പതിനായിരത്തിലധികം പേജുണ്ടായിരുന്ന കുറ്റപത്രം വളരെ ശ്രദ്ധയോടെയായിരുന്നു ലോയ പരിശോധിച്ചിരുന്നതെന്ന് സൊഹ്റാബുദ്ദീന്റെ സഹോദരനു വേണ്ടി ഹാജരായിരുന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായി മുമ്പ് വ്യക്തമാക്കിയിരുന്നു. പലപ്പോഴും കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് അവധി ചോദിച്ചിരുന്ന അമിത് ഷായുടെ നിലപാടിനെതിരെ ലോയ പലപ്പോഴും നിലപാട് സ്വീകരിച്ചിരുന്നു. 2014 ഒക്ടോബര്‍ 31ന് കേസ് പരിഗണിക്കുന്നതിനിടെ ഹാജരാകാതിരുന്ന അമിത് ഷാ മഹാരാഷ്ട്രയില്‍ ബി ജെപി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടന്നറിഞ്ഞതിന് തുടര്‍ന്ന് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി അമിത് ഷാ സംസ്ഥാനത്തിനു പുറത്താണെങ്കില്‍ മാത്രമേ അവധി അനുവദിക്കൂവെന്ന് വ്യക്തമാക്കി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ ലോയെ കാണണമെന്നും കേസില്‍ അനുകൂല വിധി പ്രസ്താവിക്കുന്ന പക്ഷം 100 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തത്. എന്നാല്‍ വാഗ്ദാനങ്ങള്‍ നിരസിക്കുകയും കേസ് പരിഗണിക്കാതെ രാജിവെക്കുവെക്കുമെന്ന് ചീഫ് ജസ്റ്റിസിനോട് വ്യക്തമാക്കുകയുമായിരുന്നുവെന്ന് ലോയയുടെ പിതാവ് പറഞ്ഞു.

2014 ഡിസംബര്‍ ഒന്നിനാണ് ദുരൂഹ സഹചര്യത്തില്‍ ലോയ മരണപ്പെട്ടതായുള്ള വാര്‍ത്ത ബന്ധുക്കള്‍ അറിയുന്നത്. നാഗ്പൂറില്‍ സഹപ്രവര്‍ത്തകനായ മറ്റൊരു ജഡ്ജിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ലോയ തലേദിവസം രാത്രി 11 മണിയോടെ ഭാര്യ ഷര്‍മിളയെ ഫോണ്‍ ചെയ്തിരുന്നു. 40 മിനിറ്റോളം അദ്ദേഹം ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അന്നത്തെ ദിവസത്തെ തിരക്കുകളെപ്പറ്റി സംസാരിച്ചു. നാഗ്പൂരിലെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസായ രവി ഭവനില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം താനുണ്ടെന്നും ഭാര്യയോട് പറഞ്ഞു. പിറ്റേദിവസം രാവിലെ അപ്രതീക്ഷിതമായാണ് ലോയയുടെ മരണവാര്‍ത്ത വീട്ടുകാര്‍ കേള്‍ക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ലോയ മരണപ്പെട്ടെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലോയയുടെ മരണ ശേഷം കേസ് പരിഗണിച്ച എം ബി ഗോസവി അമിത് ഷായുടെ അപേക്ഷ പരിഗണിച്ച് കേസില്‍ വാദം കേട്ട് അമിത് ഷായെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here