Connect with us

International

ഇംപീച്ച്‌മെന്റ് നടപടിക്കിടെ മുഗാബെയുടെ അപ്രതീക്ഷിത രാജി

Published

|

Last Updated

ഹരാരെ: 1980 മുതല്‍ സിംബാബ്‌വെയുടെ പ്രസിഡന്റായ റോബര്‍ട്ട് മുഗാബെ രാജിവെച്ചു. ഇംപീച്ച്‌മെന്റ് നടപടി പാര്‍ലിമെന്റില്‍ നടക്കുന്നതിനിടെയാണ് മുഗാബെയുടെ രാജി. പാര്‍ലിമെന്റ് സ്പീക്കറാണ് മുഗാബെയുടെ രാജിക്കത്ത് പുറത്തുവിട്ടത്. 93കാരനായ മുഗാബെയോട് രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ട അവസാന തീയതി തിങ്കളാഴ്ച അവസാനിച്ചതോടെയാണ് ഇംപീച്ച്‌മെന്റ് നടപടി ആരംഭിച്ചത്. ഇംപീച്ച്‌മെന്റ് പ്രക്രിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ നടന്നുകൊണ്ടിരിക്കെ മുഗാബെക്കെതിരായ പ്രക്ഷോഭവുമായി ആയിരങ്ങള്‍ പാര്‍ലിമെന്റിന് മുമ്പില്‍ തടിച്ചുകൂടിയിരുന്നു. ഭരണപക്ഷ പാര്‍ട്ടിയായ സാനു പി എഫിന് പിന്നാലെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് ചേഞ്ച് പാര്‍ട്ടിയും മുഗാബെക്കെതിരെ പാര്‍ലിമെന്റില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. മുഗാബെയുടെ രാജി പ്രഖ്യാപിച്ചതോടെ കൂറ്റന്‍ ആഹ്ലാദ പ്രകടനങ്ങളാണ് രാജ്യത്താകമാനം നടന്നത്.

സെനറ്റിലും നാഷനല്‍ അസംബ്ലിയിലും അവതരിപ്പിക്കുന്ന പ്രമേയത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ഇംപീച്ച്‌മെന്റ് അംഗീകരിക്കും. ഇത് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇരുകക്ഷികളും. മുഗാബെക്കെതിരായ നിലപാടുള്ളവര്‍ മാത്രമാണ് പാര്‍ലിമെന്റിലെത്തിയത്. മുഗാബെയുടെ അടുത്ത അനുയായികളും അഴിമതിയടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടവരുമായ എം പിമാരും സൈന്യത്തിന്റെ രഹസ്യ കേന്ദ്രത്തിലാണുള്ളത്.

അതിനിടെ, മുഗാബെ തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും തന്റെ സുരക്ഷ ഉറപ്പാക്കാതെ തത്കാലം സ്വദേശത്തേക്ക് മടങ്ങുന്നില്ലെന്നും എമേഴ്‌സന്‍ വ്യക്തമാക്കി. മുഗാബെയുടെ രാജി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക അട്ടിമറിയിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ഭരണപക്ഷ പാര്‍ട്ടിയായ സാനു പി എഫ് മുഗാബെയെ കഴിയൊഴിഞ്ഞിരുന്നു. മുഗാബെ പുറത്തായ സാഹചര്യത്തില്‍ അടുത്ത പ്രസിഡന്റായി പാര്‍ട്ടി നിയോഗിക്കുക പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് എമേഴ്‌സനെ ആയിരിക്കുമെന്ന് ഇതിനകം സൂചന ലഭിച്ചിട്ടുണ്ട്.

അതേസമയം, മുഗാബെയെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള പാര്‍ട്ടി പ്രമേയത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിച്ചു, ഭാര്യ ഗ്രേസിന്റെ ഇഷ്ടത്തിന് വേണ്ടി ഭരണഘടനാ പദവി ദുരുപയോഗം ചെയ്തു. എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ഇംപീച്ച്‌മെന്റിനായുള്ള കരട് പ്രമേയത്തിലുള്ളത്.

 

Latest