Connect with us

National

സുരക്ഷാ സേനക്കെതിരെ കല്ലെറിഞ്ഞ 4500 കശ്മീര്‍ യുവാക്കളുടെ കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: കശ്മീരില്‍ സുരക്ഷാ സേനയ്‌ക്കെതിരെ കല്ലെറിഞ്ഞ യുവാക്കള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം. കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി ദിനേശ്വര്‍ ശര്‍മയാണ് കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്. 4500 യുവാക്കള്‍ക്കെതിരെയുള്ള കേസുകളാണ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം. പ്രശ്‌ന പരിഹാരത്തിനായി കശ്മീര്‍ ജനതയുടെ മനസ് അനുകൂലമാക്കുന്നതിന്റെ ഭാഗമായാണ് കേസുകള്‍ പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം വന്നിരിക്കുന്നത്.

ഈമാസമാദ്യം ദിനേശ്വര്‍ ശര്‍മ കശ്മിര്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ നിരവധി ആളുകളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് കശ്മീര്‍ യുവത സൈന്യത്തിനെതിരെ രംഗത്തു വന്നത്. പ്രതിഷേധത്തിനിടെയാണ് സുരക്ഷാ സേനയ്‌ക്കെതിരെ വ്യാപകമായി കല്ലേറ് ഉണ്ടായത്. 11,500 കേസുകളാണ് സുരക്ഷാ സേനയ്‌ക്കെതിരായ കല്ലേറുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ യുവാക്കള്‍ക്കെതിരായ 4500 കേസുകള്‍ ആദ്യഘട്ടത്തില്‍ പിന്‍വലിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

കശ്മീരില്‍ സമാധാനം കൊണ്ടുവരികയെന്നതാണ് തന്റെ ദൗത്യമെന്നും അതിന് യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പിന്തുണ ആവശ്യമാണെന്നും ദിനേശര്‍ ശര്‍മ പറഞ്ഞു. അതേസമയം 4500 പേരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള പ്രതികരണങ്ങളും പുരോഗതിയും നിരീക്ഷിച്ചതിന് ശേഷമാകും ബാക്കിയുള്ള കേസുകളില്‍ നടപടിയുണ്ടാകുക. കശ്മീരിലെ പിഡിപിബിജെപി സര്‍ക്കാരാണ് കേസുകള്‍ പിന്‍വലിക്കേണ്ടത്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും കശ്മീരില്‍ നിന്നുള്ള പ്രതിനിധികളും വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് നടപടികള്‍ തീരുമാനിക്കും.

 

 

Latest