Connect with us

Articles

ആര്‍ എസ് എസ് ആക്രമണങ്ങളുടെ രാഷ്ട്രീയം

Published

|

Last Updated

തിരുവനന്തപുരത്തും കണ്ണൂരും സി പി എം പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍ എസ് എസും എസ് ഡി പി ഐയും ഒരേ സമയം നടത്തിയ ആക്രമണങ്ങള്‍ വളരെ ആസൂത്രിതവും പ്രകോപനങ്ങള്‍ സൃഷ്ടിച്ച് കലാപങ്ങള്‍ പടര്‍ത്താനുള്ള വലതുപക്ഷ വര്‍ഗീയ അജന്‍ഡയുടെ ഭാഗവുമാണ്. കേരളത്തിന്റെ സമകാലീന ചരിത്രത്തില്‍ ഇദംപ്രഥമായാണ് ഒരു നഗരസഭാ മേയര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് അതിക്രൂരമായി ആക്രമിക്കപ്പെടുന്നത്.

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ പുറത്തുനിന്നുള്ള ക്രിമിനലുകളെ സന്ദര്‍ശക ഗ്യാലറിയിലേക്ക് വിളിച്ചുവരുത്തി ഇരുത്തിയിട്ടാണ് ബി ജെ പി കൗണ്‍സിലര്‍മാര്‍ ഈ ക്രിമിനലുകളുമായി ചേര്‍ന്ന് മേയര്‍ വി കെ പ്രശാന്തിനെ അക്രമിച്ചത്. നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ ബലം പ്രയോഗിച്ച് ഭീഷണിപ്പെടുത്തുകയെന്ന ഫാസിസ്റ്റ് രാഷ്ട്രീയമാണ് തിരുവനന്തപുരം സംഭവങ്ങള്‍ക്ക് പിറകിലുള്ളത്. ജനാധിപത്യരീതിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രാഷ്ട്രീയമായി പ്രകടിപ്പിക്കാനുള്ള വേദിയാണ് കൗണ്‍സിലുകളും നിയമസഭകളും പാര്‍ലിമെന്റുമെല്ലാം. ഓരോ കക്ഷിക്കും ഭരണപ്രതിപക്ഷത്തിനും തങ്ങളുടെ രാഷ്ട്രീയ നിലപാടുകളില്‍ നിന്നും വാദങ്ങളും പ്രതിവാദങ്ങളും അവതരിപ്പിക്കാം. എന്നാല്‍ തങ്ങളുടെ വാദം അംഗീകരിക്കുന്നില്ലെങ്കില്‍ എതിര്‍വിഭാഗത്തെ ശാരീരികമായി കൈകാര്യം ചെയ്യുന്നത് ബലം പ്രയോഗിച്ച് അടിച്ചമര്‍ത്തുന്നതും എന്തായാലും ജനാധിപത്യത്തിന്റെ ചരിത്രവും രീതിയുമായി ബന്ധപ്പെട്ട സമീപനമല്ല.

ശക്തിയാണ് ശരിയെന്ന് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണ് ഹിറ്റ്‌ലറും മുസോളിനിയുമെല്ലാം മുന്നോട്ടുവെച്ചത്. ഒരര്‍ഥത്തില്‍ ഫാസിസമെന്നത് മതവംശീയ അടിസ്ഥാനത്തിലുള്ള ശക്തിഗാഥയാണ്. ബലമുള്ളവരാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്ന പ്രത്യയശാസ്ത്രം. സാമൂഹിക നീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ പറയുന്നവര്‍ നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്ത ദുര്‍ബലരാണെന്ന വാദമാണ് ഫാസിസത്തിന്റെ ദാര്‍ശനികരെല്ലാം ആവര്‍ത്തിച്ചിട്ടുള്ളത്. വാദവും പ്രതിവാദവുമല്ല ജനാധിപത്യപരമായ സംവാദങ്ങളല്ല ശക്തിയും യുദ്ധവുമാണ് കാര്യങ്ങളെ നിര്‍ണയിക്കേണ്ടതെന്ന പ്രാകൃതവാദമാണ് എല്ലാ ഫാസിസ്റ്റുകള്‍ക്കും ഉള്ളത്.

തീര്‍ച്ചയായും തിരുവനന്തപുരം മേയര്‍ക്കെതിരെ നടന്ന അക്രമം നമ്മുടെ ജനാധിപത്യമതനിരപേക്ഷ സംസ്‌കാരത്തിനെതിരെയുള്ള ഫാസിസ്റ്റ് കടന്നുകയറ്റമാണെന്നകാര്യം എല്ലാ ജനാധിപത്യവാദികളും തിരിച്ചറിയേണ്ടതുണ്ട്. ഇതോട് ചേര്‍ത്ത് കാണേണ്ടത് തിരുവനന്തപുരത്തെ സി പി എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആര്‍ എസ് എസ് വ്യാപകമായി അക്രമം അഴിച്ചുവിട്ടുവെന്നതാണ്. മേയറെ ആക്രമിക്കാന്‍ സന്ദര്‍ശകഗ്യാലറിയിലെത്തിയവര്‍ സ്ഥിരം ക്രിമിനലുകളാണ്. വധിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിതന്നെയാണ് മേയറെ ആക്രമിച്ചത്. കാലിനും കഴുത്തിനുമൊക്കെ ഗുരുതരമായ പരുക്കാണ് ഏറ്റത്.

മേയര്‍ക്കെതിരെ ഇത്തരമൊരു ആക്രമണം നടത്താന്‍ മാത്രമുള്ള ഒരു സാഹചര്യവും പ്രശ്‌നവും കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. ഹൈമാസ്റ്റ് ലാംപ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കോലാഹലങ്ങളിലേക്ക് എത്തിയത്. ഓരോ സ്ഥലത്തിന്റെയും ആവശ്യകതയെക്കൂടി കണക്കിലെടുത്താവണം എം പി, എം എല്‍ എ ഫണ്ടില്‍ നിന്ന് ഹൈമാസ്റ്റ് ലാംപ് സ്ഥാപിക്കാന്‍ പണമനുവദിക്കേണ്ടതെന്ന് എം പിമാര്‍ക്കും എല്‍ എല്‍ എമാര്‍ക്കും മേയര്‍ കത്തെഴുതിയിരുന്നു. അത് വലിയ തെറ്റായിപ്പോയി എന്നാരോപിച്ചുകൊണ്ടാണ് ബി ജെ പി കൗണ്‍സിലര്‍മാര്‍ കുഴപ്പമുണ്ടാക്കിയത്. ഹൈമാസ്റ്റ് ലാംപിനാവശ്യമായ വൈദ്യുതി ചാര്‍ജും മെയിന്റനന്റ്‌സ് ചെയ്യുന്നതിനുള്ള ചെലവും വഹിക്കുന്നത് കോര്‍പറേഷനാണ്. ഈ ഫണ്ട് അനുവദിക്കുമ്പോള്‍ ആതുരാലയങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയം കൗണ്‍സില്‍ പാസാക്കുകയും ചെയ്തു.

ഈ ഘട്ടത്തിലാണ് തിരുമല സ്വദേശി ആനന്ദ് ഉള്‍പ്പെടെയുള്ള ക്രിമിനലുകള്‍ മേയറെ തടഞ്ഞതും ക്രൂരമായി മര്‍ദിച്ചതും. പരക്കെ അക്രമം അഴിച്ചുവിടാനുള്ള ഒരു പദ്ധതിയുടെ ഭാഗമായിട്ടാണ് മേയര്‍ക്കെതിരെ നടന്ന വധശ്രമം. ഏതാനും മാസത്തെ ഇടവേളക്കു ശേഷം തലസ്ഥാനനഗരിയില്‍ പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ വളരെ ആസൂത്രിതമായി ബി ജെ പി-ആര്‍ എസ് എസ് നേതാക്കള്‍ നടത്തുകയായിരുന്നു. പള്ളിച്ചല്‍ പഞ്ചായത്ത് വനിതാ അംഗത്തിന്റെ വീടിനുനേരെ ഏകപക്ഷീയമായ അക്രമം അഴിച്ചുവിട്ടു. തിരുവനന്തപുരം നഗരത്തില്‍കെട്ടിയ ഏരിയാസമ്മേളനം സ്വാഗതസംഘം ഓഫീസ് തീവെച്ച് നശിപ്പിച്ചു. നേമം, പാപ്പനംകോട് ഭാഗങ്ങളില്‍ ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ചു. സി പി എം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസിലെ കൃഷ്ണപ്പിള്ളയുടെ പ്രതിമനില്‍ക്കുന്ന കണ്ണാടിക്കൂട് എറിഞ്ഞുതകര്‍ത്തു.
കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷത്തെ തകര്‍ക്കാനും ഇടതുപക്ഷ സര്‍ക്കാറിനെ അട്ടിമറിക്കാനുമുള്ള നീക്കങ്ങളാണ് ആര്‍എസ് എസ് നടത്തിക്കൊണ്ടിരിക്കുന്നത്. ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരം നീക്കങ്ങളെല്ലാം നടക്കുന്നത്. അമിത്ഷായും യോഗി ആദിത്യനാഥുമൊക്കെ കേരളത്തെ അക്രമികളുടെയും കൊലപാതകികളുടെയും നാടായി അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമായി കലാശിച്ചിരിക്കുകയാണ്. കലാപം സൃഷ്ടിച്ച് ഇടതുപക്ഷ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാനുള്ള കുത്സിതശ്രമമാണ് ആര്‍ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമാണ് തിരുവനന്തപുരത്തും കണ്ണൂരിലും എസ് ഡി പി ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളെയും കാണേണ്ടത്. പത്രവിതരണക്കാരനായ സി പി എം പ്രവര്‍ത്തകന്‍ കെ ആര്‍ ശശികുമാറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. അത്ഭുതകരമായി ശശികുമാര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇരുമ്പ് ദണ്ഡുകളും വടിവാളുകളും ഉപയോഗിച്ചാണ് തീവ്രവാദിസംഘം ആക്രമണം നടത്തിയത്. സി സി ടി വി ദൃശ്യങ്ങള്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നു. ഇതേസമയത്തുതന്നെയാണ് കണ്ണൂരിലെ അഴീക്കോടില്‍ സി പി എം പ്രവര്‍ത്തകര്‍ക്കുനേരെ എസ് ഡി പി ഐ സംഘത്തിന്റെ ആക്രമണമുണ്ടായത്. ഇതെല്ലാം കാണിക്കുന്നത് പ്രകോപനങ്ങള്‍ സൃഷ്ടിച്ച് കേരളത്തെ കലാപഭൂമിയാക്കാന്‍ ആര്‍ എസ് എസും അതിന്റെ മറുപുറം കളിക്കുന്ന എസ് ഡി പി ഐയും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നുവെന്നാണ്.

---- facebook comment plugin here -----

Latest