ആകാശവാണി വാര്‍ത്താ വിഭാഗം അടച്ചുപൂട്ടരുത്

Posted on: November 21, 2017 6:21 am | Last updated: November 21, 2017 at 7:05 am
SHARE

ആകാശവാണി കോഴിക്കോട് വാര്‍ത്താ വിഭാഗം അടച്ചുപൂട്ടാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിക്കഴിഞ്ഞു. അര നൂറ്റാണ്ടിലേറെക്കാലം മലയാളിയുടെ പ്രഭാതത്തെ തഴുകിയുണര്‍ത്തിയ കോഴിക്കോട്ട് നിന്നുള്ള വാര്‍ത്താപ്രക്ഷേപണമാണ് നാളുകള്‍ക്കകം അവസാനിപ്പിക്കാന്‍ പോകുന്നത്. ഒരു വര്‍ഷം മുമ്പ് കോഴിക്കോട്ടെ റീജ്യനല്‍ ന്യൂസ് യൂനിറ്റ് (ആര്‍ എന്‍ യു) അടച്ചുപൂട്ടാന്‍ പ്രസാര്‍ഭാരതി ശ്രമം നടത്തിയിരുന്നുവെങ്കിലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും പഴയ ഓര്‍ഡര്‍ പൊടിതട്ടിയെടുത്ത് വാര്‍ത്താ യൂനിറ്റിന് താഴിടാനാണ് നീക്കം. ഈ മാസം അവസാനത്തോടെ തന്നെ ഇതുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

റേഡിയോ വാര്‍ത്തകളെ വിലമതിക്കുന്നവരും അതിന്റെ വിശ്വാസ്യത ബോധ്യപ്പെട്ടവരുമാണ് മലയാളികള്‍. ഊഹാപോഹങ്ങളും അധികപ്രസംഗങ്ങളും റേഡിയോ വാര്‍ത്തകളില്‍ കാണാറില്ല എന്നതുതന്നെ ഇതിന്റെ പ്രധാനകാരണം. ചുരുങ്ങിയ സമയം കൊണ്ട് ജനം അറിയേണ്ട കാര്യങ്ങള്‍ അവര്‍ക്ക് എത്തിച്ചുനല്‍കുകയെന്ന ദൗത്യമാണ് ആകാശവാണി വാര്‍ത്തകള്‍ നിര്‍വഹിക്കുന്നത്. അതുകൊണ്ട് തന്നെ വാര്‍ത്താ ചാനലുകളും നവമാധ്യമങ്ങളും രംഗം കീഴടക്കിയിട്ടും ആകാശവാണി വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇന്നും ആളുകള്‍ താത്പര്യപ്പെടുന്നു.

കേരളത്തിന് തെക്ക് മുതല്‍ വടക്ക് വരെ റേഡിയോയിലും ഇന്റര്‍നെറ്റിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ലഭിക്കുന്ന കോഴിക്കോട് നിലയത്തിന്റെ വാര്‍ത്തകള്‍ക്ക് വന്‍ ജനപ്രീതിയാണുള്ളത്. ആകാശവാണിയുടെ പരിപാടികള്‍ സംബന്ധിച്ച് ശ്രോതാക്കളില്‍ നിന്ന് ഫീഡ്ബാക്ക് ശേഖരിക്കുന്ന ഓഡിയന്‍സ് റിസര്‍ച്ച് വിംഗിന്റെ വിലയിരുത്തല്‍ അനുസരിച്ച് രാവിലെ 6.45ന്റെ കോഴിക്കോട് വാര്‍ത്തകള്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്താണ്. പ്രതിവര്‍ഷം രണ്ട് കോടിയില്‍ പരം രൂപയുടെ പരസ്യവരുമാനം ഈ വാര്‍ത്തകള്‍ക്ക് ലഭിക്കുന്നുണ്ട്. യൂനിറ്റ് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്രതിവര്‍ഷ ചെലവ് ഇതിന്റെ നാലിലൊന്ന് പോലും വരില്ല. എന്നിട്ടും ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ അടച്ചൂപൂട്ടുക വഴി പ്രസാര്‍ഭാരതി ലക്ഷ്യം വെക്കുന്നത് എന്താണെന്നത് വ്യക്തമല്ല. ഒരു സംസ്ഥാനത്ത് ഒരു കേന്ദ്രത്തില്‍ നിന്ന് മാത്രം വാര്‍ത്താ പ്രക്ഷേപണം മതിയെന്ന നയത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നു. എന്നാല്‍ മാധ്യമങ്ങള്‍ പരമാവധി പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാലത്ത് ഇതൊരു മുടന്തന്‍ ന്യായമായി മാത്രമേ കാണാനാകൂ.

മലബാറില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് തിരുവനന്തപുരത്ത് നിന്നുള്ള ആകാശവാണി നിലയത്തില്‍ നിന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതികള്‍ ശക്തമായ സാഹചര്യത്തിലാണ് 1966ല്‍ കോഴിക്കോട്ട് വാര്‍ത്താ വിഭാഗം ആരംഭിച്ചത്. മലബാറിലെ ജില്ലകള്‍ക്ക് പുറമെ ലക്ഷദ്വീപും മാഹിയും പോലെ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോഴിക്കോട് പ്രാദേശിക വാര്‍ത്തയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാറുണ്ട്. കോഴിക്കോട്ട് നിന്ന് പ്രക്ഷേപണം ചെയ്യുന്ന മറ്റു വാര്‍ത്താധിഷ്ഠിത പരിപാടികളുടെ ഉള്ളടക്കത്തിലും ഇത് കാണാനാകും. അതുകൊണ്ട് തന്നെ ആകാശവാണി വാര്‍ത്താവിഭാഗം കോഴിക്കോട്ട് നിന്ന് മാറ്റുന്നത് മലബാറിനോടുള്ള വലിയ അവഗണനയായി വിലയിരുത്തപ്പെടും എന്നത് ഉറപ്പാണ്.

ഔദ്യോഗിക മാധ്യമം എന്ന നിലക്ക് ആകാശവാണിയെ പരമാവധി ജനകീയമാക്കുവാനും കൂടുതല്‍ ആളുകളിലേക്ക് അതിന്റെ സന്ദേശം എത്തിക്കുവാനും ശ്രമങ്ങള്‍ നടത്തേണ്ട സമയത്താണ് അതിനെ വെട്ടിമുറിക്കുവാനുള്ള നീക്കങ്ങള്‍ നടക്കുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്. മന്‍ കി ബാത്ത് എന്ന റേഡിയോ പരിപാടിയിലൂടെ റേഡിയോയെ ജനകീയമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിലാണ് ഈ നീക്കങ്ങള്‍ നടക്കുന്നത് എന്നത് വിരോധാഭാസം തന്നെ. ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ വാര്‍ത്താ വിഭാഗത്തെ സംരക്ഷിക്കാന്‍ കക്ഷിഭേദമില്ലാതെ ബി ജെ പിയും കോണ്‍ഗ്രസും സി പി എമ്മും റേഡിയോ ശ്രോതാക്കളുടെ അഖില കേരള സംഘടനയും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളും രംഗത്ത് വന്നിട്ടുണ്ട് എന്നത് ശ്ലാഘനീയമാണ്. വരും ദിവസങ്ങളില്‍ ഈ പ്രതിഷേധം കൂടുതല്‍ ശക്തമാകുകതന്നെ ചെയ്യും.

സ്ഥിര ജീവനക്കാര്‍ക്ക് പുറമെ കാഷ്വല്‍ ന്യൂസ് റീഡര്‍മാര്‍, എഡിറ്റര്‍മാര്‍, ഡി ടി പി ഓപ്പറേറ്റര്‍മാര്‍ തുടങ്ങി 60ലേറെ താത്കാലിക ജീവനക്കാര്‍ കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ പലരും മറ്റ് സ്ഥിരം ജോലികളില്ലാത്തവരാണ്. വാര്‍ത്താ യൂനിറ്റ് അടയുന്നത് ഇവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുമെന്നതും കാണാതിരുന്നുകൂടാ. അതിനാല്‍ തന്നെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ നീക്കത്തില്‍ നിന്ന് പ്രസാര്‍ഭാരതി കോര്‍പറേഷനും കേന്ദ്ര സര്‍ക്കാറും ഉടന്‍ പിന്‍മാറണം. ശ്രോതാക്കളുടെ വിശാല താത്പര്യം മുന്‍നിര്‍ത്തിയും താത്കാലിക ജീവനക്കാരുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും കോഴിക്കോട് പ്രാദേശിക വാര്‍ത്താ വിഭാഗത്തെ ഇവിടെതന്നെ നിലനിര്‍ത്താനാവശ്യമായ നിര്‍ദേശമാണ് അധികൃതരില്‍ നിന്ന് ഉണ്ടാകേണ്ടത്.