സമാധാന സന്ദേശമെഴുതിയ ഷൂട്ടിംഗ് പേപ്പറുകള്‍ അടുക്കി അപൂര്‍വ കല സൃഷ്ടിച്ച് ദമ്പതികള്‍

Posted on: November 20, 2017 9:31 pm | Last updated: November 20, 2017 at 9:31 pm
SHARE

ദോഹ: കലാവിഷ്‌കാരത്തിലൂടെ ഭൗമാതിര്‍ത്തികള്‍ ഭേദിച്ച് സമാധാനം വ്യാപിപ്പിക്കാനുള്ള ശ്രമവുമായി രാജ്യത്തെ ഉക്രൈനിയന്‍ കലാ ദമ്പതികള്‍. ‘അടുത്ത തലമുറക്കുള്ള സമാധാന സന്ദേശം:

ക്യുടാര്‍ഗെറ്റ്‌സ്’ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷമാണ് ആന്ദ്രെയും നദിയ ചെര്‍ണോവിലും കലാവിഷ്‌കാരം ആരംഭിച്ചതെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. കലയും കലയോടുള്ള സ്‌നേഹവും വളര്‍ത്തുക മാത്രമല്ല, സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകമൊട്ടുക്കും പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ക്യുടാര്‍ഗെറ്റ്‌സ് ആരംഭിച്ചത്. ഇതിലെ ക്യു ഖത്വറിനെയും ടാര്‍ഗെറ്റ്‌സ് ഖത്വറിന്റെ യഥാര്‍ഥ സര്‍ക്കാര്‍, സാമൂഹിക, സാംസ്‌കാരിക ലക്ഷ്യങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത പ്രായത്തിലുള്ള ഭിന്നതാത്പര്യക്കാരായ ജനങ്ങള്‍ എങ്ങനെയാണ് സമാധാനമെന്ന ആശയത്തെ നോക്കിക്കാണുന്നതെന്ന് ഗവേഷണം ചെയ്യുകയാണ് പദ്ധതിയിലൂടെ. ഷൂട്ടിംഗിന് ഉപയോഗിക്കുന്ന ലക്ഷ്യം കുറിക്കുന്ന പേപ്പറില്‍ സമാധാനം സംബന്ധിച്ച വ്യക്തിഗതവും യഥാര്‍ഥവുമായ സന്ദേശം എഴുതുകയാണ് വേണ്ടത്. ‘സമാധാനത്തിനുള്ള നിങ്ങളുടെ അനുകൂല സന്ദേശം എന്താണ്?’ എന്ന ചോദ്യത്തിന് സ്വന്തം മാതൃഭാഷയിലാണ് ഉത്തരമെഴുതേണ്ടത്.

ചെറിയ ഷൂട്ടിംഗ് പേപ്പറില്‍ എഴുതുന്ന സന്ദേശം അടുപ്പിച്ച് വെച്ച് വലിയ പെയിന്റിംഗാക്കി മാറ്റുകയും അമൂല്യ കലാസൃഷ്ടിയായി പരിവര്‍ത്തനം ചെയ്യുകയുമാണ് ഇതിലൂടെ.

 

LEAVE A REPLY

Please enter your comment!
Please enter your name here