ലോകത്തിന്റെ ഏതുകോണിലേക്കും ലക്ഷ്യം വെക്കാവുന്ന ബാലിസ്റ്റിക് മിസൈലുമായി ചൈന

Posted on: November 20, 2017 8:29 pm | Last updated: November 20, 2017 at 8:29 pm

ബീജിംഗ്: ലോകത്തെവിടെയും ലക്ഷ്യം വയ്ക്കാവുന്ന പുതിയ ആണവ ബാലിസ്റ്റിക് മിസൈല്‍ ചൈന സ്വന്തമാക്കുന്നു. ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) അടുത്ത വര്‍ഷത്തോടെ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

12,000 കിലോ മീറ്ററാണ് ത്രീ സ്‌റ്റേജ് സോളിഡ് ഫ്യുവല്‍ മിസൈലായ ഡോംഗ്‌ഫെംഗ് 41ന്റെ ദൂരപരിധി. ശത്രുസേനയുടെ പ്രതിരോധ സംവിധാനത്തിലേക്ക് നുഴഞ്ഞു കയറാന്‍ പറ്റുന്നതാണ് പുതിയ മിസൈലെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം എട്ട് തവണ മിസൈലിന്റെ പരീക്ഷണം നടത്തിയിട്ടുണ്ട്.

പത്ത് ആണവമുനകള്‍ വഹിക്കാവുന്ന മിസൈലില്‍ നിന്നും ഓരോന്നായി ലോകത്തിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യം വയ്ക്കാനാവുമെന്ന് ചൈനയുടെ ആയുധ നിയന്ത്രണ ഉപദേഷ്ടാവ് ഷു ഗ്വാന്‍ഗ്യു പറഞ്ഞു. ഈ മാസമാദ്യം ചൈനയിലെ പടിഞ്ഞാറന്‍ മരുഭൂമിയില്‍ മിസൈലിന്റെ പരീക്ഷണം നടത്തിയിരിക്കുമെന്ന് ചൈനീസ് ദിനപത്രമായ ദക്ഷിണ ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.