Connect with us

Gulf

ആന്റിബയോട്ടിക്കുകള്‍ക്ക് കുറിപ്പടി നിര്‍ബന്ധം

Published

|

Last Updated

ദുബൈ: ഡോക്ടറുടെ കുറിപ്പടിപ്രകാരം മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഫാര്‍മസികള്‍ നല്‍കാവൂ എന്ന നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ആരോഗ്യമന്ത്രാലയം.

നിയമം ഉടന്‍ പ്രാബല്യത്തിലാകുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം വ്യാപകമാകുന്നതു തടയാനാണ് ഈ നീക്കം.

രാജ്യത്തെ ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതാകും പുതിയ നിയമം. മരുന്നുകള്‍ കുറിക്കുന്നതിലെ മാനദണ്ഡം സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കിടയിലും ബോധവത്കരണം നടത്തും. ഓരോതരം അണുബാധയ്ക്കും ആവശ്യമായ ആന്റിബയോട്ടിക്കുകള്‍ കൃത്യമായ അളവില്‍ ഉപയോഗിച്ചാല്‍ മാത്രമേ രോഗിക്ക് ഫലം ലഭിക്കുകയുള്ളൂ.
ഇത്തരം കാര്യങ്ങളെക്കുറിച്ച് രോഗിക്കും ബോധ്യമുണ്ടാകണം. മുന്‍പ് ഒരു രോഗത്തിന് ഉപയോഗിച്ചിരുന്ന മരുന്ന് വീണ്ടും അതേ രോഗം വരുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്നത് അപകടകരമാണെന്നും ഡോ. അമീന്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം ശരീരത്തില്‍ ദൂരവ്യാപകമായ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ആന്റിബയോട്ടിക്കിന്റെ അമിതോപയോഗം ബാക്റ്റീരിയക്കെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി ക്രമാതീതമായി കുറയ്ക്കും. പലപ്പോഴും ആന്റിബയോട്ടിക്കുകള്‍ രോഗിയില്‍ ഫലപ്രദമാകാത്ത സാഹചര്യത്തിലേക്കാണ് ഇത് കൊണ്ടുചെന്നെത്തിക്കുന്നത്.
പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ് ഈ പ്രവണതയെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പറയുന്നു. കണക്കുകളനുസരിച്ച് 50 മുതല്‍ 80 ശതമാനംവരെ രോഗാണുക്കള്‍ ഇത്തരത്തില്‍ ആന്റിബയോട്ടിക്കുകള്‍ പ്രതിരോധിച്ചു തുടങ്ങി.

രോഗത്തിന്റെ കാലാവധി നീട്ടാനും ചികിത്സ ബുദ്ധിമുട്ടിലാക്കാനും ഇത് വഴിയൊരുക്കുന്നു. ലോകം മുഴുവന്‍ വര്‍ഷംതോറും 7,00,000 പേരാണ് ഇപ്രകാരം മരിക്കുന്നത്.
കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ ചികിത്സയും ശസ്ത്രക്രിയകളും അവയവം മാറ്റിവെക്കലും എല്ലാം ഒരുപരിധിവരെ അണുബാധ വരാതെ സൂക്ഷിക്കുന്ന ആന്റിബയോട്ടിക്കുകളുടെ ഫലസിദ്ധിയെയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെയും ആശ്രയിച്ചാണ് വിജയിക്കുന്നത്.