Connect with us

Gulf

ഈ വര്‍ഷം രണ്ടാംപാദത്തില്‍ അബുദാബി ബീച്ചിലെത്തിയത് 25 ലക്ഷം സന്ദര്‍ശകര്‍

Published

|

Last Updated

അബുദാബി; ഈ വര്‍ഷം രണ്ടാംപാദത്തില്‍ അബുദാബിയിലെ ബീച്ചുകളില്‍ 25 ലക്ഷം സന്ദര്‍ശകരെത്തിയതായി അബുദാബി ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അറിയിച്ചു.അബുദാബി കോര്‍ണിഷ്, അല്‍ ബത്തീന്‍, ലേഡിസ് ബീച്ച് എന്നിവിടങ്ങളില്‍ 2,577,998 സന്ദര്‍ശകരാണെത്തിയത്.

വ്യത്യസ്തങ്ങളായ വിനോദ പരിപാടികള്‍ ഒരുക്കിയിട്ടുള്ള ബീച്ചുകളില്‍ അധികവും കുടുംബങ്ങളും കുട്ടികളുമാണ് സന്ദര്‍ശിച്ചത്. സന്ദര്‍ശകരുടെ അഭിലാഷങ്ങള്‍ക്ക് അനുസൃതമായി മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ബീച്ചുകള്‍ പുതുക്കിപ്പണിയുന്നതിന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി പ്രാധാന്യം നല്‍കുന്നതായി മുന്‍സിപ്പല്‍ അധികൃതര്‍ അറിയിച്ചു. എല്ലാ സന്ദര്‍ശകര്‍ക്കും വിനോദത്തില്‍ ഏര്‍പെടുന്നതിന് സുരക്ഷിതവും സൗകര്യപ്രദവുമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് മുനിസിപ്പാലിറ്റി തന്ത്രപരമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി മുനിസിപ്പാലിറ്റിയിലെ ഉദ്യാന വകുപ്പ് വ്യക്തമാക്കി.സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് അല്‍ ബത്തീന്‍ ബീച്ചിലും കോര്‍ണീഷ് ബീച്ചിലും ഭക്ഷണശാലകളും പുതിയ റെസ്റ്റോറന്റുകളും തുറക്കാന്‍ മുനിസിപ്പാലിറ്റി തയ്യാറെടുക്കുന്നതായി അധികൃതര്‍ അറിയിച്ചു. മിതമായ കാലാവസ്ഥയും സമുദ്ര മത്സ്യത്തൊഴിലാളികളുമായി നേരിട്ട് ആശയ വിനിമയം നടത്താന്‍ കഴിയുന്നതും സന്ദര്‍ശകരെ ബീച്ചുകളില്‍ വരാന്‍ പ്രോത്സാഹിപ്പിക്കുന്നതായി ടൂറിസം അധികൃതര്‍ അറിയിച്ചു.

സുരക്ഷിതത്വം ഉറപ്പാക്കാന്‍ എല്ലാ ബീച്ചുകളിലും ആരോഗ്യസുരക്ഷാ നിലവാരവും ഉയര്‍ത്താന്‍ തീരുമാനിച്ചതായി മുന്‍സിപ്പല്‍ വകുപ്പ് വ്യക്തമാക്കി. തീരങ്ങളില്‍ സുരക്ഷാ ഉറപ്പാക്കുന്നതിന് കൂടുതല്‍ തീരദേശ സുരക്ഷാ സേനയെ ഒരുക്കിയിട്ടുണ്ട്.
മുനിസിപ്പാലിറ്റി സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നീന്തല്‍ മേഖലകളെ തരം തിരിച്ചു മുന്‍കരുതലുകള്‍ കാണിക്കുന്നതിന് സുരക്ഷാ അടയാളങ്ങള്‍ സ്ഥാപിച്ചതായും മുനിസിപ്പാലിറ്റിയിലെ അടിയന്തിര നമ്പര്‍ (993) വ്യക്തമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. തീരങ്ങളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ആവശ്യമായ നീന്തല്‍ കുളങ്ങള്‍, ശൗചാലയം എന്നിവയും ബീച്ചുകളില്‍ ഒരുക്കിയിട്ടുണ്ട്.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest