Connect with us

National

'പത്മാവതി'ക്ക് മധ്യപ്രദേശില്‍ നിരോധനം

Published

|

Last Updated

ഭോപ്പാല്‍: സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രം “പത്മാവതി”ക്ക് മധ്യപ്രദേശില്‍ നിരോധനം. സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രജ്പുത് വിഭാഗക്കാര്‍ ശിവരാജ് സിംഗ് ചൗഹാന് അപേക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

വിവാദങ്ങള്‍ക്കിടെ സിനിമയുടെ റിലീസ് മാറ്റിവെച്ചിരുന്നു. നേരത്തെ, ഡിസംബര്‍ ഒന്നിന് സിനിമ പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. മാറ്റിവെക്കല്‍ തീരുമാനം ബാഹ്യ കാരണങ്ങള്‍ കൊണ്ടല്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. എത്രയും വേഗം തടസ്സങ്ങള്‍ നീങ്ങി സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ സിനിമക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

ഈ വര്‍ഷമാദ്യം ചിത്രീകരണം ആരംഭിച്ചത് മുതല്‍ പത്്മാവതിയെ ചൊല്ലി വിവാദങ്ങളുയര്‍ന്നിരുന്നു. രജപുത്ര വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉത്തരേന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കത്തിക്കുന്നത് ബി ജെ പിയാണ്. സഞ്ജയ്‌ലീലാ ബന്‍സാലിക്കും ചിത്രത്തില്‍ അഭിനയിച്ച ദീപികാ പദുക്കോണിനുമെതിരെ വധഭീഷണിയുയരുകയും ചെയ്തു. സിനിമക്കെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. മനോഹര്‍ ലാല്‍ ശര്‍മ എന്ന അഭിഭാഷകനാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. സിനിമയില്‍ ഹിന്ദു രാജ്ഞിയെ അപകീര്‍ത്തിപെടുത്തുന്നുണ്ടെന്നും വികലമായ ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ അവരുടെ വ്യക്തിത്വത്തെ അപമാനിക്കുന്നുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു.

Latest