Connect with us

Kerala

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ജൈത്രയാത്ര; സൗരാഷ്ട്രയെ 309 റണ്‍സിന് തോല്‍പ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ജൈത്രയാത്ര തുടരുന്നു. നിര്‍ണായക മത്സരത്തില്‍ കരുത്തരായ സൗരാഷ്ട്രയെ 309 റണ്‍സിന് കീഴടക്കിയ കേരളം ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി.

405 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 95 റണ്‍സിന് ആള്‍ഔട്ടായി. ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനമാണ് കേരളത്തിന് ഗംഭീര ജയം സമ്മാനിച്ചത്. ജലജ് സക്‌സേന നാല് വിക്കറ്റെടുത്തപ്പോള്‍ അക്ഷയ്, സിജുമോന്‍ ജോസഫ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 24 റണ്‍സെടുത്ത ഷെല്‍ഡണ്‍ ജാക്‌സണ്‍ ആണ് ടോപ് സ്‌കോറര്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച സൗരാഷ്ട്രയെ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കുകയായിരുന്നു. സ്‌കോര്‍: കേരളം: 225, 411-6 ഡിക്ല. സൗരാഷ്ട്ര: 232,95.

നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്‌സിലെ തകര്‍പ്പന്‍ ബാറ്റിംഗിലൂടെയാണ് മത്സരത്തില്‍ തിരിച്ചുവരവ് നടത്തിയത്. സഞ്ജു വി സാംസണിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 411 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 180 പന്തുകള്‍ നേരിട്ട സഞ്ജു 16 ഫോറും എട്ടു സിക്‌സറും ഉള്‍പെടെ 175 റണ്‍സെടുത്ത് പുറത്തായി. 97.22 ആണ് സഞ്ജുവിന്റെ ശരാശരി.

ഗ്രൂപ്പ് ബിയില്‍ കേരളത്തിന്റെ നാലാം ജയമാണിത്. അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് കേരളം പരാജയപ്പെട്ടത്. ജയത്തോടെ ആറ് പോയിന്റു നേടിയ കേരളം സൗരാഷ്ട്രയെ മറികടന്ന് ഗ്രൂപ്പില്‍ ഒന്നാമതെത്തി. സൗരാഷ്ട്രക്ക് 23 പോയിന്റാണുള്ളത്.

Latest