ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്

Posted on: November 20, 2017 10:18 am | Last updated: November 20, 2017 at 2:28 pm
SHARE

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്ന് അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ചാര്‍ലിയുളെ രഹസ്യമൊഴിയെടുക്കാനുള്ള ശ്രമം ദിലീപ് തടഞ്ഞതായി അന്വേഷണ സംഘം പറയുന്നു.

മൊഴി നല്‍കാന്‍ ചാര്‍ലി ആദ്യം സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഈ നിലപാടില്‍ നിന്ന് ചാര്‍ലി പിന്നോട്ട് പോകുകയായിരുന്നു. കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചതായി പോലീസ് പറയുന്നു. കേസിലെ സാക്ഷികളില്‍ ഒരാളായിരുന്ന ലക്ഷ്യയിലെ ജീവനക്കാരന്‍ പിന്നീട് മൊഴി മാറ്റിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ നാളെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുക. കേസില്‍ എട്ടാം പ്രതിയാണ് ദീലിപ്. നേരത്തെ ദിലീപ് രണ്ടാം പ്രതിയാകുമെന്നാണ് ലഭിച്ചിരുന്ന വിവരം. പിന്നീട് ഒന്നാം പ്രതിയാക്കാനും നീക്കം നടന്നിരുന്നു. എന്നാല്‍ ആദ്യ കുറ്റപത്രത്തിലെ പ്രതിപ്പട്ടിക അതുപോലെ തന്നെ നിര്‍ത്താനാണ് പോലീസിന്റെ ഇപ്പോഴത്തെ നീക്കം. കുറ്റപത്രത്തില്‍ 11 പേരാണുള്ളത്.

അതേസമയം, ഗൂഢാലോചന കേസില്‍ ദിലീപും പള്‍സര്‍സുനിയും മാത്രമാണുണ്ടാകുക. കൂടുതല്‍ പേര്‍ ഗൂഢാലോചനയിലുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനുള്ള ശക്തമായ തെളിവുകളൊന്നും പോലീസിന്റെ കൈയിലില്ലാത്തതാണ് ഇതിന് കാരണം. കുറ്റപത്രത്തില്‍ മുന്നൂറിലേറെപ്പേരുടെ സാക്ഷിമൊഴികളാണുള്ളത്. 450 രേഖകളും പോലീസിന്റെ കൈവശമുണ്ട്.