Connect with us

National

ആര്‍ എസ് എസ് ലഘുലേഖയില്‍ മുസ്‌ലിംവിരുദ്ധ പരാമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥികളെയടക്കം നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ച് ആര്‍ എസ് എസ് അനുകൂല സംഘടന നടത്തിയ മേളയില്‍ മുസ്‌ലിംവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ ലഘുലേഖകള്‍ വിതരണം ചെയ്തു. രാജസ്ഥാനിലെ ജയ്പൂരില്‍ ആര്‍ എസ് എസ് അനുകൂല സംഘടനയായ ഹിന്ദു സ്പിരിച്ച്വല്‍ ആന്‍ഡ് സര്‍വീസ് ഫൗണ്ടേഷന്‍ എന്ന സംഘടന നടത്തിയ മേളയിലാണ് മുസ്‌ലിംവിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്തത്. ഈ മേളയില്‍ പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ജയ്പൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. “ജിഹാദും ലൗ ജിഹാദും: ഹിന്ദു പെണ്‍കുട്ടികള്‍ ജാഗ്രത” എന്ന തലകെട്ടിലുള്ള ലഘുലേഖയില്‍ മുസ്‌ലിംകള്‍ ലൗ ജിഹാദ് നടത്താന്‍ അവസരം കാത്തിരിക്കുകയാണെന്നും മുസ്‌ലിംകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഭീകരര്‍, രാജ്യദ്രോഹികള്‍, പാക് അനുകൂലികള്‍, കള്ളക്കടത്തുകാര്‍ എന്നിങ്ങനെ പറയണമെന്നും ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ആയിരം വര്‍ഷങ്ങളായി ഹിന്ദുക്കളെ മതം മാറ്റുന്നതിന് മുസ്‌ലിംകള്‍ ലൗ ജിഹാദ് ഉപയോഗിക്കുന്നുണ്ടെന്ന് ലഘുലേഖയിലുണ്ട്. സൗഹൃദം, പെണ്‍കുട്ടികളുടെ രക്ഷിതാക്കളോട് ബഹുമാനം കാണിക്കല്‍, നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുക, ചാറ്റിംഗ് എന്നീ മാര്‍ഗങ്ങള്‍ വഴിയാണ് പെണ്‍കുട്ടികളെ വശീകരിക്കുന്നതെന്നും ലേഘുലേഖയില്‍ പറയുന്നു. ലൗ ജിഹാദില്‍പ്പെട്ടുപോയ സ്ത്രീകള്‍ മറ്റുള്ളവരെ കുടുക്കാന്‍ ശ്രമിക്കാറുണ്ടെന്നും ആരോപിക്കുന്നു.
സ്‌കൂളുകളിലെയും കോളജുകളിലെയും കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാനും ലഘുലേഖയില്‍ രക്ഷിതാക്കളോട് നിര്‍ദേശിക്കുന്നുണ്ട്. മുസ്‌ലിം യുവാക്കള്‍ കാണാന്‍ വരുന്ന പെണ്‍കുട്ടികളെക്കുറിച്ച് വിവരം നല്‍കണമെന്നും ഹിന്ദുക്കളുടെ എല്ലാ പ്രധാന ദിനങ്ങളും ആഘോഷമാക്കണമെന്നും ലഘുലേഖ ആവശ്യപ്പെടുന്നു. ചെന്നൈ ആസ്ഥാനമായാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നതെന്നും ആര്‍ എസ് എസുമായി ബന്ധമുണ്ടെന്നും മേളയുടെ നടത്തിപ്പുകാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ബന്ധത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കാനത്തിയത്.
അതേസമയം, സ്‌കൂള്‍ വിദ്യാര്‍ഥികളെയും കോളജ് വിദ്യാര്‍ഥികളെയും മേളയില്‍ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശവുമായി ശശി തരൂര്‍ എം പി രംഗത്തെത്തി. വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest