മൂഡീസ് റിപ്പോര്‍ട്ടും ജനത്തിന്റെ മൂഡും

Posted on: November 20, 2017 6:02 am | Last updated: November 19, 2017 at 11:55 pm

ഇന്ത്യയുടെ നിക്ഷേപ സാധ്യതാ റേറ്റിംഗ് ഉയര്‍ത്തിക്കാണിച്ചു കൊണ്ടുള്ള മൂഡീസ് റിപ്പോര്‍ട്ട് മോദി സര്‍ക്കാര്‍ കഴിഞ്ഞ മൂന്നര വര്‍ഷം നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണെന്നാണ് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുടെയും ബി ജെ പി അധ്യക്ഷന്‍ അമിത്ഷായുടെയും അവകാശ വാദം. മോദിയുടെ സാമ്പത്തിക നയങ്ങള്‍ പരാജയമാണെന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്നും ജെയ്റ്റ്‌ലി പറയുന്നു. അമേരിക്ക ആസ്ഥാനമായുള്ള ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ നിക്ഷേപ യോഗ്യതാ റേറ്റിംഗ് ബി എ എ-3യില്‍ നിന്നും ബി എ എ-2 ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 14 വര്‍ഷത്തിനിടെ ആദ്യമായാണ് മൂഡീസ് രാജ്യത്തിന്റെ റേറ്റിംഗ് ഉയര്‍ത്തുന്നത്. ഇതുവഴി വിദേശ നിക്ഷേപങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.

സാമ്പത്തിക രംഗത്ത് കൈക്കൊണ്ട തലതിരിഞ്ഞ നടപടികളുടെ പേരില്‍ വിമര്‍ശനം നേരിടുന്ന മോദി സര്‍ക്കാറിന് ഒരു കച്ചിത്തുരുമ്പാണ് മൂഡീസ് റിപ്പോര്‍ട്ടെന്നല്ലാതെ അതപ്പടി ഉള്‍ക്കൊള്ളാന്‍ രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ക്കടക്കം പൊതുവെ പ്രയാസമുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് രാജ്യത്തെ അന്തരീക്ഷം നിക്ഷേപ അനുകൂലമായി മാറിയിട്ടുണ്ടെന്ന് വിലയിരുത്തിയത്? നോട്ട് നിരോധത്തെയും ജി എസ് ടിയെയും ആധാരമാക്കിയാണോ? മുന്നൊരുക്കമില്ലാതെ നടപ്പാക്കിയതിനാല്‍ ജി എസ് ടി ഉദ്ദേശിച്ച ഫലപ്രാപ്തി ഉളവാക്കിയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സമ്മതിച്ചതാണ്. നോട്ടു നിരോധം ഗുണത്തേക്കാളേറെ ദോഷം ചെയ്തതായി ആര്‍ ബി ഐയും സാമ്പത്തിക വിദഗ്ധരും പറയുന്നു. ഈ രണ്ട് നടപടികളും ഭരണം മറന്നുള്ള രാഷ്ട്രീയവും മോദിയുടെ അപ്രമാദിത്വം തകര്‍ത്തെന്നാണ് ലണ്ടന്‍ ആസ്ഥാനമായ ദി ഇക്കോണമിസ്റ്റ് വാരിക അടുത്തിടെ മുഖപ്രസംഗത്തില്‍ വിലയിരുത്തിയത്. നേരത്തെ മോദിയെ പുകഴ്ത്തിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ സ്വരം മാറ്റിയിട്ടുണ്ട്.

വളര്‍ച്ചാ മുരടിപ്പ്, പട്ടിണി മരണങ്ങള്‍, കര്‍ഷക ആത്മഹത്യ, തൊഴിലില്ലായ്മയുടെ അഭൂതപൂര്‍വമായ പെരുപ്പം, പോഷകാഹാരക്കുറവ് മൂലമുള്ള ശിശുമരണങ്ങള്‍ ഇതൊക്കെയാണിപ്പോള്‍ നാടിന്റെ പൊതുവായ ചിത്രം. രാജ്യത്തെ സമ്പത്തിന്റെ 58 ശതമാനവും കൈയാളുന്നത് ഒരു ശതമാനം ആളുകളാണ്. ചില അന്താരാഷ്ട്ര സൂചികകളില്‍ വിദ്യാഭ്യാസത്തിന്റെയും ദാരിദ്രനിര്‍മാര്‍ജനത്തിന്റെയും തൊഴിലിന്റെയും കാര്യത്തില്‍ ബംഗ്ലാദേശിനെക്കാള്‍ പുറകിലാണ് ഇന്ത്യ. പിന്നെ ഏത് സൂചിക വെച്ചാണ് മൂഡീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്? സ്വകാര്യ മേഖലയിലെ സ്ഥിരമൂലധന നിക്ഷേപം, ക്രെഡിറ്റ് വളര്‍ച്ച, തൊഴില്‍ മേഖലയിലെ വളര്‍ച്ച എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങള്‍. മോദി സര്‍ക്കാറിന്റെ കാലത്ത് ഇവയില്‍ ഏതിലാണ് വളര്‍ച്ചയുണ്ടായത്?

പഠനങ്ങള്‍ സുതാര്യവും വസ്തുതാ പരവുമല്ലാത്തതിന് പലപ്പോഴും പിഴയൊടുക്കേണ്ടിവന്ന സ്ഥാപനമാണ് മൂഡീസ്. ആഗോള സംരംഭങ്ങളുടെ മുന്നേറ്റവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ ഒരു റേറ്റിംഗ് റിപ്പോര്‍ട്ടിന്റെ അവലംബമേതെന്ന് വിശദീകരണം നല്‍കാന്‍ സാധിക്കാത്തിനെ തുടര്‍ന്ന് മൂഡീസിന്റെ ജര്‍മന്‍ ശാഖ 7,50,000 പൗണ്ടും യു കെ ശാഖ 4,90,000 പൗണ്ടും പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെന്നത് ഈ സ്ഥാപനം നടത്തുന്ന സര്‍വേകളുടെ വിശ്വാസ്യതസംശയാസ്പദമാക്കുന്നു. മൂഡീസിന്റെ തെറ്റായ റേറ്റിംഗ് 2008ല്‍ അമേരിക്കയെ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചിരുന്നുവെന്നും ചേര്‍ത്തു കാണേണ്ടതാണ്. ഈയിനിത്തില്‍ 11 ലക്ഷം ദക്ഷിണാഫ്രിക്കന്‍ കറന്‍സി മൂഡീസിന് പിഴയടക്കേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല, ക്രെഡിറ്റ് റേറ്റിംഗ് കണക്കാക്കാന്‍ മൂഡീസ് ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ പൂര്‍ണമായും അശാസ്ത്രീയമാണെന്ന് ഇതിനിടെ കേന്ദ്രം അഭിപ്രായപ്പെട്ടിരുന്നതുമാണ്. ഇങ്ങനെ വിശ്വാസയോഗ്യമല്ലെന്ന് മോദി സര്‍ക്കാര്‍ തന്നെ തുറന്നുപറഞ്ഞ ഒരു സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പിടിച്ചാണ് ഇപ്പോള്‍ ജെയ്റ്റ്‌ലി ഊറ്റം കൊള്ളുന്നത്!

വളര്‍ച്ചാ തോത് ഊതിപ്പെരുപ്പിച്ചും കാണിച്ചും മൂഡീസിനെ സ്വാധീനിച്ചുമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ഒപ്പിച്ചെടുത്തതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേന്ദ്ര ധനകാര്യ സെക്രട്ടറിയും മൂഡീസ് മേധാവികളും തമ്മില്‍ നടന്ന കത്തിടപാടുകളാണ് ഈ ആരോപണത്തിന് ഉപോത്ബലകം. ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് മൂഡീസിന് അയച്ച കത്തില്‍ റേറ്റിംഗ് രീതി മാറ്റണമെന്നും അടുത്ത റിപ്പോര്‍ട്ടില്‍ ഇന്ത്യക്ക് മികച്ച സ്ഥാനം നല്‍കണമെന്നുമാണ് മൂഡീസിനോട് ആവശ്യപ്പെട്ടിരുന്നത്. എങ്കിലും കഴിഞ്ഞവര്‍ഷത്തെ റേറ്റിംഗില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നില്ല. ഇതോടെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം ഉള്‍പ്പെടെയുള്ളവര്‍ മൂഡീസിനെ വിമര്‍ശിച്ചു രംഗത്തു വരികയുണ്ടായി. സ്വാധീനവും സമ്മര്‍ദങ്ങളും മുഖേന വ്യാജ പ്രതിച്ഛായയും നല്ല അഭിപ്രായങ്ങളും നേടിയെടുക്കുന്നത് രാഷ്ട്രീയ, അധികാര തലങ്ങളില്‍ സര്‍വ വ്യാപകവുമാണ്. ജനങ്ങളില്‍ പകുതിയോളവും പട്ടിണിപ്പാവങ്ങളായ, നോട്ട് മാറിക്കിട്ടാന്‍ ക്യൂ നിന്ന് നൂറുകണക്കിന് ആളുകള്‍ മരിച്ച ഒരു രാജ്യത്തെ പൗരന്മാര്‍ക്ക് മൂഡീസിന്റെ ഈ റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളാനുള്ള മൂഡുണ്ടാകുമോ, എന്തോ?