സാമ്പത്തിക സംവണത്തിന്റെ ജാതി

Posted on: November 20, 2017 6:43 am | Last updated: November 27, 2017 at 10:22 am
SHARE

2011ലെ സെന്‍സസ് അനുസരിച്ച് തിരുവനന്തപുരം ജില്ലയിലെ പട്ടികജാതിക്കാരുടെ എണ്ണം 3.27 ലക്ഷമാണ്. 2017 മെയില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഈ വിഭാഗത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. യോഗ്യരായ 83,479 പേര്‍ തൊഴില്‍ രഹിതരായി തുടരുന്നു. സര്‍ക്കാറിന്റെയോ മറ്റ് ഏജന്‍സികളുടെയോ ധനസഹായം ഉപയോഗിച്ച് ആര്‍ജിച്ച വസ്തുവകകള്‍ ഭേദപ്പെട്ട നിലയില്‍ കൊണ്ടുനടക്കാന്‍ ഈ വിഭാഗത്തിലെ ഭൂരിഭാഗത്തിനും സാധിക്കുന്നില്ല. ഉദാഹരണത്തിന് 11,143 വീടുകള്‍ തകര്‍ന്നു കിടക്കുന്നു. പട്ടികവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 2,978 ഇടങ്ങളില്‍ അടിസ്ഥാന സൗകര്യമില്ല. 992 ഇടങ്ങളില്‍ കുടിവെള്ളമില്ല. പട്ടികവിഭാഗക്കാരായ 8,605 പേര്‍ക്ക് വീടില്ല, 5120 പേര്‍ക്ക് സ്വന്തമായി ഭൂമിയുമില്ല. വീടുള്ളവരില്‍ തന്നെ 998 പേര്‍ക്കുള്ളത് ഒറ്റമുറി വീടാണ്. തിരുവനന്തപുരം ജില്ലയിലാകെയുള്ള പട്ടിക വര്‍ഗക്കാര്‍ 21.020 ആണ്. ഇതില്‍ ഭൂരിഭാഗവും ദാരിദ്ര്യ രേഖക്ക് താഴെ. ആകെയുള്ള 240 പട്ടിക വര്‍ഗ സെറ്റില്‍മെന്റുകളില്‍ ഒരിടത്ത് പോലും കുടിവെള്ളമെത്തിയിട്ടില്ല.

രാജ്യത്തെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ളത് കേരളത്തിലാണ്. പക്ഷേ, പട്ടിക വിഭാഗക്കാരുടെ ജനസംഖ്യ 2001ലെ സെന്‍സസുമായി താരതമ്യം ചെയ്യുമ്പോള്‍ 2011ല്‍ 2.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 2001ല്‍ 31.2 ലക്ഷമായിരുന്നത് 2011ല്‍ 30.4 ലക്ഷമായി. ഇതേ കാലയളവില്‍ പട്ടിക വിഭാഗക്കാരുടെ എണ്ണം 1.14 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായി ഉയരുകയും ചെയ്തു. കുടുംബാസൂത്രണത്തെക്കുറിച്ചൊക്കെ കൂടുതല്‍ ധാരണയുണ്ടായത് പട്ടിക വിഭാഗക്കാരുടെ എണ്ണം കുറയാന്‍ കാരണമായെന്ന് വേണമെങ്കില്‍ വാദിക്കാം. അതുമാത്രമാണോ കാരണമെന്ന സംശയം, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് തന്നെ ഉയര്‍ത്തും. ഉപജീവനവഴികള്‍ ബുദ്ധിമുട്ടേറിയതായ ഒരു സമുഹം ജനസംഖ്യയുടെ കാര്യത്തില്‍ പിന്നാക്കം പോകുക സ്വാഭാവികമാണ്.

2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.1 ശതമാനാമണ് പട്ടിക വിഭാഗങ്ങള്‍. ഇവര്‍ക്കായി 14 നിയമസഭാ മണ്ഡലങ്ങള്‍ സംവരണം ചെയ്തിരിക്കുന്നു. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിന് ഇത് മതിയായിരിക്കാം. പട്ടിക വിഭാഗങ്ങളുടെ എണ്ണം താരതമ്യേന കുറവായ കാസര്‍കോട്, കണ്ണൂര്‍ ഒഴികെ ജില്ലകളിലൊക്കെ ഈ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളുണ്ട്. പട്ടിക വിഭാഗങ്ങള്‍ക്കായി രണ്ട് സീറ്റുകളും സംവരണം ചെയ്തിരിക്കുന്നു. ഈ വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ/പ്രവര്‍ത്തകരെ സംവരണമില്ലാതെ മത്സരിപ്പിക്കാന്‍ ഇടത് പാര്‍ട്ടികള്‍ പ്രത്യേകിച്ച് സി പി എം പോലും തയ്യാറാകാറില്ല. പിണറായി വിജയന്‍ മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെടുന്നത് എ കെ ബാലനാണ്. പാര്‍ട്ടി ഘടനയിലും ചെറുതല്ലാത്ത വലുപ്പമുണ്ട്. സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്, അടുത്ത് നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് ഉയര്‍ത്തപ്പെടാന്‍ ഇടയുള്ള ആളുമാണ്. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സീറ്റ് വീതംവെക്കുമ്പോള്‍ എ കെ ബാലന്‍, പട്ടിക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത ഇടത്തേക്ക് മാത്രമേ പരിഗണിക്കപ്പെടൂ.

സി പി എമ്മിന്റെ നേതൃനിരയിലേക്ക്, പട്ടിക വിഭാഗക്കാരുടെ പ്രതിനിധിയായല്ല എ കെ ബാലന്‍ ഉയരുന്നത്. എന്നാല്‍ അധികാരശ്രേണിയിലേക്കുള്ള ഉയര്‍ച്ചയില്‍ അദ്ദേഹത്തിന് സംവരണ സീറ്റിനെ ആശ്രയിക്കേണ്ടി വരുന്നു. അല്ലെങ്കില്‍ അധികാരത്തിലേക്കുള്ള ഉയര്‍ച്ച സംവരണത്തിന് പുറത്തുകൂടിയാകണമെന്ന് സി പി എമ്മിനെപ്പോലെ വര്‍ഗാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിക്ക് തോന്നുന്നില്ല. എന്തുകൊണ്ടിത് സംഭവിക്കുന്നു? ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇതര വിഭാഗങ്ങള്‍ക്ക് കൂടി നല്‍കണമെന്ന നിര്‍ബന്ധത്താല്‍ പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യം ചുരുക്കുന്നതുകൊണ്ടാണോ? എല്ലാ വിഭാഗങ്ങള്‍ക്കും അത്തരം പ്രാതിനിധ്യം നല്‍കും വിധത്തിലല്ല, സി പി എമ്മിന്റെയോ ഇടതു പക്ഷത്തിന്റെയോ സ്ഥാനാര്‍ത്ഥിപ്പട്ടിക. അപ്പോള്‍ പിന്നെ ഒരു വ്യക്തിയുടെ സാമൂഹികാവസ്ഥയുമായി ബന്ധപ്പെട്ടാണ് ഈ അവസരാനുമതി നിലകൊള്ളുന്നത്. പാര്‍ട്ടിയില്‍ എത്ര ഉന്നതമായ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും അധികാരത്തില്‍ ഏത് ഉന്നതമായ പദവിയും വഹിക്കാന്‍ ത്രാണിയുള്ളയാളെന്ന് പാര്‍ട്ടി വിലയിരുത്തിയാലും പട്ടിക വിഭാഗക്കാരന്‍ അവനായി നീക്കിവെക്കപ്പെട്ട അവസരം ഉപയോഗപ്പെടുത്തിയാല്‍ മതിയെന്ന മനോഭാവമാണ് പ്രശ്‌നം. അറുപതാണ്ടിലേറെക്കാലമായി സംവരണമുണ്ടായിട്ടും അതില്ലാതെ സാമൂഹിക അംഗീകാരം നേടിയെടുക്കാവുന്ന സ്ഥിതി ആ വിഭാഗങ്ങള്‍ക്കുണ്ടായിട്ടില്ല എന്നോ അതനുവദിക്കാവുന്ന സ്ഥിതിയിലേക്ക് സമൂഹം എത്തിയിട്ടില്ല എന്നോ മനസ്സിലാക്കണം.

ഈ സാഹചര്യത്തില്‍ നിന്നുകൊണ്ട് വേണം, സാമ്പത്തിക സംവരണം (കൂടി) ഏര്‍പ്പെടുത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന ഇടതു മുന്നണി സര്‍ക്കാറിന്റെ പ്രഖ്യാപനത്തെ വിലയിരുത്താന്‍. സംവരണത്തിന് സാമൂഹികമായ പിന്നാക്കാവസ്ഥയാണ് രാജ്യത്ത് നിലവില്‍ മാനദണ്ഡമായുള്ളത്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മനുഷ്യനെന്ന നിലയ്ക്കുള്ള അവകാശങ്ങളില്‍ നിന്നും നൂറ്റാണ്ടുകളായി അകറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് അര്‍ഹിക്കുന്ന അവകാശങ്ങളും എല്ലാ മേഖലകളിലും തുല്യാവകാശങ്ങളും ഉറപ്പാക്കുക എന്നതാണ് സംവരണത്തിന്റെ ലക്ഷ്യം, കേവലം വിദ്യാഭ്യാസ – തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്നതല്ല. വിഭാവനം ചെയ്ത ലക്ഷ്യത്തിന്റെ അടുത്തെങ്ങും എത്തിയിട്ടില്ല എന്ന് മാത്രമല്ല, അതിന്റെ അടുത്തെങ്ങും എത്താന്‍ അനുവദിക്കാത്ത വിധത്തില്‍ സവര്‍ണ മനോഭാവം പുലര്‍ത്തുന്ന തീവ്ര വിഭാഗങ്ങള്‍ ഭരണം കൈയാളുകയും ചെയ്യുന്നു. ജാതി – സമുദായ അടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണമെന്നും സംവരണത്തിനുള്ള അടിസ്ഥാനം സാമ്പത്തികമാകണമെന്നുമാണ് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ അഭിപ്രായം. ഇതേ നിലപാടാണ് ബി ജെ പിക്കുമുള്ളത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള വലിയ തിരിച്ചടി മുന്നില്‍ക്കണ്ട് തത്കാലം അവരത് സജീവ അജണ്ടയായി എടുത്തിട്ടില്ല എന്നേയുള്ളൂ. അത്തരക്കാര്‍ക്ക്, സാമ്പത്തിക സംവരണത്തെക്കുറിച്ച് വാചാലരാകാനുള്ള അവസരം ഒരുക്കുകയാണ് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ പുതിയ പ്രഖ്യാപനത്തിലൂടെ ചെയ്തത്.

ഗുജറാത്തില്‍ സര്‍ക്കാര്‍ ജോലിയില്‍ സംവരണമാവശ്യപ്പെട്ട് പട്ടേല്‍ സമുദായം രംഗത്തുവന്നപ്പോള്‍, മൂന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശമാണ് ബി ജെ പി സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഹരിയാനയില്‍ ജാട്ടുകള്‍ക്കും മഹാരാഷ്ട്രയില്‍ മറാഠികള്‍ക്കും ആന്ധ്രാ പ്രദേശില്‍ കാപുകള്‍ക്കും സംവരണം വേണമെന്ന ആവശ്യമുയര്‍ന്നപ്പോഴും സാമ്പത്തിക സംവരണമെന്ന ആശയം മുന്നോട്ടുവെക്കപ്പെട്ടിരുന്നു. ഇത് അസാധ്യമെന്ന് ബോധ്യപ്പെട്ട ഘട്ടത്തില്‍ ഈ വിഭാഗങ്ങളെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കാന്‍ സര്‍ക്കാറുകള്‍ ശ്രമിച്ചു. എന്നാല്‍ ഇവയുടെ സാമൂഹിക പിന്നാക്കാവസ്ഥ ബോധ്യപ്പെടുത്താന്‍ ഉതകും വിധത്തിലുള്ള വസ്തുതകള്‍ കാണാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതികള്‍ തടയിട്ടു. സാമ്പത്തിക സംവരണമെന്ന ആവശ്യവും പലകുറി നീതിന്യായ സംവിധാനത്തിന്റെ പരിശോധനക്ക് വിധേയമായിട്ടുണ്ട്. ദാരിദ്ര്യമാണ് ഘടകമാകേണ്ടത്, ജാതിയല്ല എന്ന് പരമോന്നത കോടതി ചിലപ്പോഴെങ്കിലും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഏറ്റമൊടുവില്‍ ഇന്ദ്രാ സാഹ്‌നി കേസില്‍, സാമ്പത്തിക മാനദണ്ഡം മാത്രമെന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. ദാരിദ്ര്യമെന്നത് സാമൂഹികമായ പിന്നാക്കാവസ്ഥയെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, സാമൂഹിക പിന്നാക്കാവസ്ഥ എന്നത് സാമൂഹിക അന്തസ്സിന്റെ കാര്യത്തിലുള്ള തികഞ്ഞ പാര്‍ശ്വവത്കരണമാണെന്ന് ചൂണ്ടിക്കാട്ടി. സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം ആധാരമാക്കിയാല്‍, സാമൂഹിക അധികാരഘടനയുടെ മേല്‍ത്തട്ടിലുള്ളവര്‍ അധികാരം കുത്തകയാക്കി വെക്കുന്ന അവസ്ഥയുണ്ടാകുമെന്ന് ജസ്റ്റിസ് പി സാവന്ത് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ജാതി – സമുദായ അടിസ്ഥാനത്തിലുള്ള സംവരണം ഇത്രകാലം തുടര്‍ന്നിട്ടും അധികാര അവസരങ്ങള്‍ സാമൂഹിക ഘടനയുടെ മേല്‍ത്തട്ടിലുള്ളവര്‍ കൈയടക്കിവെക്കുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്; അപവാദങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ കേരളവും അങ്ങനെ തന്നെയാണ്. അത്തരമൊരു സാഹചര്യത്തില്‍ സംവരണത്തിന് സാമ്പത്തികമായ പിന്നാക്കാവസ്ഥ കൂടി മാനദണ്ഡമാകണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വാദിക്കുമ്പോള്‍, നിലവിലുള്ള രീതി മുന്നാക്ക വിഭാഗങ്ങളോട് അനീതി ചെയ്യുന്നുണ്ടെന്ന തോന്നല്‍ ബലപ്പെടുത്തും. അത് ഇപ്പോഴും നിലനില്‍ക്കുന്ന ജാതി വിവേചനം വര്‍ധിക്കാന്‍ മാത്രമേ സഹായിക്കൂ. സവര്‍ണ വിഭാഗക്കാര്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത് എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിക്കുന്നത്. സാമൂഹികമായി എന്ത് അനീതിയാണ് ഇവര്‍ നേരിടേണ്ടി വന്നത് എന്ന ചോദ്യം അദ്ദേഹവും പാര്‍ട്ടിയും സ്വയം ചോദിക്കണം. അയിത്തമോ ഭ്രഷ്‌ടോ പട്ടിക – പിന്നാക്ക വിഭാഗങ്ങള്‍ അനുഭവിച്ചതുപോലെ, അനുഭവിച്ചുകൊണ്ടിരിക്കുന്നത് പോലെ ഇവര്‍ നേരിടേണ്ടി വന്നിട്ടില്ല. ആ സാഹചര്യം അവരെ എത്രത്തോളം പാര്‍ശ്വത്തിലേക്ക് നീക്കിയോ അതിപ്പോഴും മാറിയിട്ടില്ലെന്നാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കണക്കുകള്‍ കാണിക്കുന്നത്. പട്ടിക വിഭാഗങ്ങളുടെ ജനസംഖ്യയിലുണ്ടായ കുറവ് കാണിക്കുന്നത്. വര്‍ഗാധിഷ്ഠിത രാഷ്ട്രീയത്തില്‍ മുന്നിലെത്തിയിട്ടും സംവരണത്തിന് പുറത്ത് അംഗീകാരം ലഭിക്കാത്ത നേതാവിന്റെ അനുഭവം കാണിക്കുന്നത്.

മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം അനുവദിക്കുമെന്ന് പ്രകടനപത്രികയില്‍ പറയുമ്പോഴും അത് നടപ്പാക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമ്പോഴും അതിന് ധൈര്യമുണ്ടോ എന്ന് ബി ജെ പിയോട് വെല്ലുവിളിക്കുമ്പോഴും സംഘപരിവാരത്തിന്റെ സ്വാധീനം പരിമിതപ്പെടുത്തുക എന്ന രാഷ്ട്രീയ ഉദ്ദേശ്യം ഇടതുപക്ഷത്തിന് വിശിഷ്യ സി പി എമ്മിന് ഉണ്ട്. തീവ്ര ഹിന്ദുത്വത്തിന്റെ ഫാഷിസ്റ്റ് അജന്‍ഡകളോടും അതിന്റെ ഭരണനേതൃത്വം പുലര്‍ത്തുന്ന ഏകാധിപത്യ സ്വഭാവത്തോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നതിലൂടെ ന്യൂനപക്ഷ – പിന്നാക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്തുക, അതിനൊപ്പം മുന്നാക്ക വിഭാഗങ്ങളിലുണ്ടാകുന്ന ചോര്‍ച്ച തടയുക എന്ന തന്ത്രം. ആ തന്ത്രം പയറ്റലാണോ യഥാര്‍ത്ഥ രാഷ്ട്രീയം എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം സി പി എമ്മിനുണ്ട്. തീവ്ര ഹിന്ദുത്വ അജന്‍ഡകളെ ചെറുക്കുക എന്നത്, സാമ്പത്തിക സംവരണമെന്ന ഇരയെ കോര്‍ക്കാതെ തന്നെ മുന്നാക്ക വിഭാഗങ്ങളുടെ കൂടി രാഷ്ട്രീയ ബാധ്യതയാക്കി മാറ്റുമ്പോഴാണ് ഇടത് രാഷ്ട്രീയം വിജയിക്കുക. രാജ്യത്ത് നിലനില്‍ക്കുന്ന ഭീഷണമായ രാഷ്ട്രീയ സാഹചര്യം ജനത്തെ ബോധ്യപ്പെടുത്താന്‍ സാധിക്കാതെ വരുമ്പോഴാണ് ഇത്തരം അജന്‍ഡകളിലേക്ക് ചുരുങ്ങേണ്ടി വരുന്നത്. അത് ഇടതുപക്ഷത്തിന്റെയും അതിന് നേതൃത്വം നല്‍കുന്ന സി പി എമ്മിന്റെയും പരാജയമായി മാത്രമേ കാണാനാകൂ. ആ പരാജയം മറച്ചുപിടിക്കാന്‍ സാമൂഹിക നീതി നടപ്പാക്കുകയാണെന്ന ന്യായം പറയുമ്പോള്‍, ഹിന്ദുത്വ ഫാഷിസത്തിന്റെ ന്യായം ആവര്‍ത്തിക്കലായി മാറും. എല്ലാ വിഭാഗങ്ങളുമായുള്ള പങ്കിടലല്ല, തീര്‍ത്തും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സാമൂഹിക – സാമ്പത്തിക – രാഷ്ട്രീയ അധികാരത്തിന്റെ ഭാഗമാക്കി, തുല്യാവസരവും അന്തസ്സും ഉറപ്പാക്കലാണ് സംവരണത്തിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. അതില്‍ നിന്നുള്ള മാറ്റം, എത്ര ചെറുതായാലും അത് സാമൂഹികമായ അനീതിയുടെ ആവര്‍ത്തനമാണ്. ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം അനുവദിക്കുമ്പോള്‍, മറ്റ് വിഭാഗങ്ങളുടെ സംവരണത്തോത് കൂട്ടിയാല്‍ പോലും, സംഭവിക്കുന്നതും മറ്റൊന്നല്ല. അവിടെ സവര്‍ണരുടെ അധികാരാവകാശങ്ങള്‍ സുസ്ഥിരമാക്കുകയാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here