Connect with us

Kannur

തപാല്‍ എ ടി എം കാര്‍ഡ് വഴി അടുത്ത മാസം മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗും

Published

|

Last Updated

കണ്ണൂര്‍: ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനം സാധാരണക്കാരിലെത്തിക്കെത്തിക്കാന്‍ തപാല്‍ വകുപ്പ് വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. ഐ ടി മേഖലയുമായി ബന്ധപ്പെടുത്തിക്കൊണ്ട് അടിസ്ഥാന സൗകര്യ വൈവിധ്യവത്കരണത്തിനായി രാജ്യത്ത് നടപ്പാക്കി വരുന്ന പദ്ധതികളില്‍ മികച്ച പ്രതികരണമുള്ളവ കേരളത്തിലേക്ക് വ്യാപിപ്പിക്കാനാണ് നടപടിയായിട്ടുണ്ട്.

ഗ്രാമീണ വിവര കൈമാറ്റ സാങ്കേതികവിദ്യ(ആര്‍ ഐ സി ടി) പ്രകാരമുള്ള പദ്ധതിയിലുള്‍പ്പെടുത്തിയാണ് വിവിധ പരിപാടികള്‍ നടപ്പാക്കുക. ബേങ്കിംഗ് മേഖലയില്‍ വിപ്ലവം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായുള്ള തപാല്‍ എ ടി എമ്മുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ഷോപ്പിംഗ് നടത്താനുള്ള നടപടിയും തയ്യാറായിട്ടുണ്ട്. അടുത്തമാസം മുതല്‍ രാജ്യത്തെവിടെ വച്ചും ഓണ്‍ലൈനായി ഷോപ്പിംഗ് നടത്താനുള്ള സൗകര്യമുണ്ടാകും.
സര്‍വീസ് ചാര്‍ജുകളൊന്നും കൂടാതെ പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാവുന്ന പോസ്റ്റ് ഓഫീസ് അക്കൗണ്ടിന് ഏറെ പ്രചാരമേറിയതിന്റെ പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിനുള്ള സംവിധാനം ഒരുക്കിയത്. അക്കൗണ്ട് തുടങ്ങാന്‍ 50 രൂപ മാത്രം മുടക്കിയാല്‍ മതിയെന്നതും പോസ്റ്റല്‍ എ ടി എം കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെയും എ ടി എം കൗണ്ടറുകളില്‍നിന്നും പണം പിന്‍വലിക്കാന്‍ സൗകര്യമുണ്ടെന്നതുമാണ് പോസ്റ്റല്‍ അക്കൗണ്ട് എ ടി എം സംവിധാനത്തെ ജനപ്രിയമാക്കിയിരുന്നത്.
2017 ജനുവരി മുതലാണ് പോസ്റ്റല്‍ എ ടി എം ഉപയോഗിച്ച് ഏതു ബാങ്കിന്റെയും എ ടി എം മെഷിനില്‍നിന്നു പണം പിന്‍വലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനെല്ലാമപ്പുറം കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരമുള്ള രണ്ട് ഇന്‍ഷൂറന്‍സ് സൗകര്യങ്ങളും തപാല്‍ വകുപ്പിന്റെ അക്കൗണ്ട് തുറക്കുന്നതോടെ ലഭ്യമാകുന്നുണ്ട്.

സേവിംഗ് അക്കൗണ്ടിന് പുറമെ സ്ഥിര നിക്ഷേപത്തിനും പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യസമൃദ്ധി നിക്ഷേപത്തിനും തപാല്‍ വകുപ്പില്‍ സൗകര്യങ്ങളുണ്ട്. അതേസമയം, കോര്‍ ബേങ്കിംഗ് സൗകര്യവും സര്‍വീസ് ചാര്‍ജ് ഈടാക്കാത്ത ഡബിറ്റ് കാര്‍ഡും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ കാര്യമായ പ്രചരണം നല്‍കാന്‍ തപാല്‍വകുപ്പിന് കഴിഞ്ഞിട്ടില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. അതിനിടെ, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ ഇന്റര്‍നെറ്റ് വഴി വില്‍ക്കാന്‍ ആന്ധ്രപ്രദേശിലും തെലങ്കാനയിലും പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി വിജയിച്ചാല്‍ രാജ്യമെങ്ങും വ്യാപിപ്പിക്കാനും തപാല്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ സംബന്ധിച്ച് പോസ്റ്റാഫീസില്‍ എത്തിക്കുന്ന വിവരങ്ങള്‍ തപാല്‍ വകുപ്പ് തയാറാക്കിയ വെബ്‌സൈറ്റില്‍ നിശ്ചിത മാതൃകയില്‍ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങളടക്കം അപ്‌ലോഡ് ചെയ്യുകയും ഓണ്‍ലൈന്‍ വഴി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെയാണ് തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പോസ്റ്റാഫീസുകള്‍ വഴി വിതരണം ചെയ്യാനുള്ള നടപടിയും ആലോചിക്കുന്നത്.
ബയോമെട്രിക് സംവിധാനം ഉപയോഗിച്ചാണ് വേതനവിതരണം നടത്തുക. തെലുങ്കാനയില്‍ 99 ശതമാനം തൊഴിലുറപ്പ് വേതനവും ഇതിലൂടെയാണ് വിതരണം ചെയ്യുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ അവിടെ നടപ്പാക്കി വിജയിച്ച പദ്ധതി കേരളത്തിലും നടപ്പാക്കാനാണ് ആലോചന. വിദേശരാജ്യങ്ങളിലേക്ക് തപാല്‍ വകുപ്പിന്റെ സേവനങ്ങള്‍ ഇ കൊമേഴ്‌സ് വഴി നടപ്പാക്കുന്ന പദ്ധതിയായ അന്താരാഷ്ട്ര ട്രാക്ക്ഡ് പാക്കറ്റ് സര്‍വീസ് സേവനം ഇതിനകം തടങ്ങിയിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ ഈ സേവനം 12 രാജ്യങ്ങളില്‍ ലഭിക്കുന്നുണ്ട്. പിന്നീട് എല്ലാ രാജ്യങ്ങളിലും സേവനം ലഭ്യമാക്കും. തപാലോഫീസുകളിലെ പ്രവര്‍ത്തനങ്ങളെല്ലാം പ്രത്യേക ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഏകോപിപ്പിക്കാനും നടപടിയായിട്ടുണ്ട്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest