നഴ്‌സുമാരുടെ മിനിമം വേതനം; സര്‍ക്കാര്‍ വിജ്ഞാപനമായി

Posted on: November 19, 2017 8:32 pm | Last updated: November 19, 2017 at 11:35 pm
SHARE

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെയും മറ്റു ആരോഗ്യസ്ഥാപനങ്ങളിലെയും നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, സ്‌കാനിംഗ് സെന്ററുകള്‍, എക്‌സ്‌റേ യൂനിറ്റുകള്‍, ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഇത് ബാധകമാണ്.

ജീവനക്കാരെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. ആശുപത്രികളെ കിടത്തി ചികിത്സിക്കുന്നവയെന്നും കിടക്കകളുടെ എണ്ണം അനുസരിച്ചും തരം തിരിച്ചിട്ടുണ്ട്. നഴ്‌സസ് മാനേജര്‍മാര്‍ക്ക് 22,650, നഴ്‌സിംഗ് സൂപ്രണ്ട് 22,090, അസി. നഴ്‌സിംഗ് സൂപ്രണ്ട് 21,550, ഹെഡ് നഴ്‌സ് 21,020, ട്യൂട്ടര്‍ നഴ്‌സ്/ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ 20,550, സ്റ്റാഫ് നഴ്‌സ് 20,000, എ എന്‍ എം ഗ്രേഡ് 1 – 18,570, എ എന്‍ എം ഗ്രേഡ് 2- 17,680 എന്നിങ്ങനെയാണ് നഴ്‌സിംഗ് വിഭാഗത്തിന്റെ അടിസ്ഥാന ശമ്പളം. വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ രണ്ട് മാസം തികയുന്ന തീയതിക്കോ, അതിനുശേഷമോ ആക്ഷേപങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കും. ഇവ അഡീഷണല്‍ ചീഫ് സെക്രട്ടറി, തൊഴിലും നൈപുണ്യവും(ഇ) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നല്‍കണമെന്നാണ് നിര്‍ദേശം.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ നഴ്സുമാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം ഉറപ്പാകും. നഴ്‌സുമാര്‍ സമര പ്രഖ്യാപനം നടത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ഒറ്റയടിക്ക് 80 ശതമാനം വരെ ശമ്പള വര്‍ധനവ് നടത്താന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ സ്വകാര്യ ആശുപത്രി മുതലാളിമാരുടെ സംഘടന വ്യക്തമാക്കുകയിരുന്നു.
സുപ്രീം കോടതി വിധിയില്‍ 2013ല്‍ നിര്‍ദേശിച്ച ശമ്പളം പോലും പല ആശുപത്രികളും ഇപ്പോഴും നല്‍കുന്നില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here