മലയാളി വിദ്യാര്‍ഥിയെ കാണാതായ സംഭവം: അഞ്ചു പേരെ രക്ഷിച്ചത് സ്വദേശി പൗരന്റെ ആത്മധൈര്യം

Posted on: November 19, 2017 9:58 pm | Last updated: November 19, 2017 at 9:58 pm

ഷാര്‍ജ: കഴിഞ്ഞ ദിവസം കനത്ത മഴയെ തുടര്‍ന്ന് കാണാതായ മലായാളി കുട്ടി ആല്‍ബര്‍ട്ടിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ രക്ഷിച്ചത് സ്വദേശി പൗരന്റെ ആത്മ ധൈര്യം. ഷാര്‍ജയുടെ കിഴക്കന്‍ മേഖലയായ വാദി ഷൈനില്‍ മലവെള്ളപ്പാച്ചിലിനിടെ വാഹനത്തില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിച്ചത് ഖലീഫ അല്‍ നഖ്ബി എന്ന സ്വദേശി പൗരനാണ്.

പാറക്കെട്ടുകളിലൂടെ നടക്കുന്ന യുവാക്കളെ കണ്ടപ്പോള്‍ അപകടത്തെ കുറിച്ച് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മലവെള്ളപ്പാച്ചില്‍ ശക്തിയാകുന്ന ഇടമായതിനാല്‍ അപകടത്തിന്റെ കാഠിന്യവും വര്‍ധിക്കുമെന്ന് അവരെ ധരിപ്പിച്ചു. എന്നാല്‍ തന്റെ വാക്കുകള്‍ അവഗണിച്ചു കുട്ടികള്‍ വാഹനത്തില്‍ കയറി മുന്നോട്ടു നീങ്ങിയെങ്കിലും വാദിയിലൂടെ മഴവെള്ളം ശക്തിയായി ഒലിച്ചു വരികയായിരുന്നു. തുടര്‍ന്ന് അവരെ പിന്തുടര്‍ന്ന തനിക്ക് അഞ്ചു പേരെ രക്ഷിക്കാനായി. എന്നാല്‍ ഡ്രൈവര്‍ സീറ്റിലിരുന്ന കുട്ടിയെ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഇറങ്ങാന്‍ തയാറായില്ല. തന്റെ അച്ഛന്റെ വാഹനമായതിനാല്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വഴക്കിടുമെന്ന ഭയത്തോടെ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ കുട്ടി സമ്മതിച്ചില്ല. ഇതിനിടയില്‍ ശക്തിയായി എത്തിയ മലവെള്ളം കുട്ടി ഇരുന്നിരുന്ന വാഹനത്തെയും വലിച്ചു കൊണ്ട് പോകുകയായിരുന്നുവെന്ന് ഖലീഫ അല്‍ നഖ്ബി പറഞ്ഞു.
റാസ് അല്‍ ഖൈമയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന പ്രമുഖ ഫര്‍മസ്യൂട്ടിക്കല്‍ ഉദ്യോഗസ്ഥന്‍ തടത്തില്‍ ജോയ് തോമസിന്റെയും വത്സമ്മയുടെയും മകനാണ് കാണാതായ ആല്‍ബര്‍ട്ട്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുട്ടികള്‍ അപകടത്തില്‍ പെട്ട വിവരം കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയായിരുന്നുവെന്ന് ഖോര്‍ഫക്കാന്‍ പോലീസ് സ്റ്റേഷന്‍ മേധാവി ലഫ് കേണല്‍ ഖമീസ് അല്‍ യമാഹി പറഞ്ഞു. അഞ്ച് പേരെ സ്വദേശി പൗരന്‍ രക്ഷിക്കുകയായിരുന്നു. എന്നാല്‍ ആറാമനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് കുട്ടി അപകടത്തില്‍ പെടുകയായിരുന്നവെന്ന് അദ്ദേഹം പറഞ്ഞു.

നാഷണല്‍ ആംബുലന്‍സ് സര്‍വീസ്, അബുദാബി പോലീസ് എന്നിവയുടെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. രക്ഷപ്പെടുത്തിയ അഞ്ചുപേരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു ആരോഗ്യ ക്ഷമത ഉറപ്പ് വരുത്തി. അബുദാബി പോലീസ് എയര്‍ വിങ് നടത്തിയ തിരച്ചിലില്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞുവെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാദിയില്‍ മഴ ആസ്വദിക്കാന്‍ ഇറങ്ങുന്നവര്‍ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണം. മഴയുള്ള സമയത്തു അപ്രതീക്ഷിതമായി മഴവെള്ളം ഒഴുകി വരാന്‍ സാധ്യതയുള്ളതിനാല്‍ വാദിയുടെ അരികിലോ പാറക്കെട്ടുകളിലോ നില്‍ക്കരുതെന്ന് പൊതു ജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടു.
റാസ് അല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരം റാസ് അല്‍ ഖൈമ പോലീസ് വിഭാഗവും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അബുദാബി എയര്‍ വിംഗ്, ഷാര്‍ജ ഈസ്റ്റേണ്‍ റീജ്യന്‍ റെസ്‌ക്യൂ വിഭാഗം തുടങ്ങിയവര്‍ തിരച്ചില്‍ തുടരുന്നുണ്ട്.
സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ രക്ഷിതാക്കള്‍ നാട്ടിലായിരുന്നു. വിവരമറിഞ്ഞയുടനെ റാസ് അല്‍ ഖൈമയില്‍ അവര്‍ തിരിച്ചെത്തിയെന്ന് റാക് യുവാ കലാസാഹിതി ജനറല്‍ സെക്രട്ടറി നസീര്‍ ചെന്ത്രാപ്പിന്നി പറഞ്ഞു.